| Saturday, 27th August 2022, 9:42 pm

'ആകെ രണ്ട് പേസര്‍മാരെയും കൊണ്ട് ചെന്ന് കേറിക്കൊട്'; പാകിസ്ഥാനെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിജയ പ്രതീക്ഷയുമായാണ് പാകിസ്ഥാനെതിരെ കളത്തിലിറങ്ങുക.

പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആരൊക്കെ കളത്തിലിറങ്ങും എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ടീമിലെ നിലവിലെ 15 താരങ്ങളും മികച്ച ടാലന്റുള്ളവരാണ്. ഇതില്‍ ആരൊക്കെ പാകിസ്ഥാനെതിരെ കളിക്കുമെന്ന പ്രഡിക്ഷന്‍സ് നിലവില്‍ വരുന്നുണ്ട്.

മത്സരത്തിന് മുന്നോടിയായി തന്റെ മനസിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ വസീം ജാഫര്‍. ഇത്രയും മികച്ച ടാലന്റുകളുള്ള ടീമില്‍ നിന്നും വളരെ പാടുപെട്ടായിരിക്കണം അദ്ദേഹം ടീമിന് പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ നാല് സ്ഥാനങ്ങള്‍ ഏകദേശം ആരൊക്കെ ആയിരിക്കുമെന്നത് വ്യക്തമാണ്. നായകന്‍ രോഹിത് ശര്‍മയും, ഉപനായകന്‍ കെ.എല്‍. രാഹുലുമായിരിക്കും ഓപ്പണിങ്ങില്‍ കളിക്കുക. വസീമിന്റെ ടീമിലും അവര്‍ തന്നെയാണ് ആ പൊസിഷനില്‍.

മൂന്നാമനായി മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും നാലാമനായി ഫ്‌ളക്‌സിബിള്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവുമാണ് അദ്ദേഹത്തിന്റെ ടീമില്‍ കളിക്കുക.

എന്നാല്‍ ടീമിന് ഏറ്റവും കണ്‍ഫൂഷ്യന്‍ ഉണ്ടാക്കുന്ന പൊസിഷന്‍ മിഡില്‍ ഓര്‍ഡറായിരിക്കും. ജാഫറിനും ആ കണ്‍ഫ്യൂഷന്‍ ഇവിടെ വ്യക്തമാണ്. അഞ്ചാം സ്ഥാനത്ത് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ അദ്ദേഹം ഉറപ്പിക്കുമ്പോള്‍ ആറാം സ്ഥാനത്ത് ദിനേഷ് കാര്‍ത്തിക്കിനെ കളിപ്പിക്കണോ അതൊ യുവ സൂപ്പര്‍താരം റിഷബ് പന്തിനെ കളിപ്പിക്കണോ എന്ന് ജാഫറിന് ഉറപ്പ് നല്‍കാന്‍ സാധിക്കുന്നില്ല. ഇരുവരിലും ഒരാള്‍ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അഞ്ച് ബൗളര്‍മാര്‍ക്ക് പകരം നാല് പ്രധാന ബൗളര്‍മാരെയാണ് ജാഫര്‍ തെരഞ്ഞെടുത്തത്. ഏഴാം സ്ഥാനത്ത് രവീന്ദ്ര ജഡേജ കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും പറഞ്ഞു .

ഫാസ്റ്റ് ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറിനും അര്‍ഷ്ദീപ് സിങ്ങിനും ജാഫറിന്റെ ഇലവനില്‍ സ്ഥാനമുണ്ട്. ആവേശ് ഖാനെ അദ്ദേഹം ടീമില്‍ നിന്ന് ഒഴിവാക്കി.

രവിചന്ദ്രന്‍ അശ്വിനെയും ജാഫര്‍ തന്റെ ഇലവനില്‍ പരിഗണിക്കുന്നില്ല. പകരം യുസ്വേന്ദ്ര ചാഹലിനെയും രവി ബിഷ്‌ണോയിയെയുമാണ് സ്പിന്നര്‍മാരായി അദ്ദേഹം തെരഞ്ഞെടുത്തത്. ട്വിറ്ററിലൂടെയാണ് ജാഫര്‍ തന്റെ ടീമിനെ പുറത്തുവിട്ടത്.

വസീം ജാഫറിന്റെ പ്ലേയിംഗ് ഇലവന്‍:

1.രോഹിത് ശര്‍മ
2.കെ.എല്‍. രാഹുല്‍
3.വിരാട് കോഹ്‌ലി
4.സൂര്യകുമാര്‍ യാദവ്
5.ഹര്‍ദിക് പാണ്ഡ്യ
6.ദിനേഷ് കാര്‍ത്തിക് /റിഷബ് പന്ത്*
7.രവീന്ദ്ര ജഡേജ
8.ഭുവനേശ്വര്‍ കുമാര്‍
9.രവി ബിഷ്ണോയ്
10.യുസ്വേന്ദ്ര ചഹല്‍
11.അര്‍ഷ്ദീപ് സിംഗ്

Content Highlight:  Wasim Jafer Selected his playing eleven of Indian team against Pakistan

We use cookies to give you the best possible experience. Learn more