നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: വസീം അക്രം
Cricket
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 10:08 pm

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഇപ്പോഴിതാ കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. നിലവിലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്നാണ് മുന്‍ പാക് താരം വിരാടിനെ വിശേഷിപ്പിച്ചത്. സ്പോര്‍ട്സ്‌കീടയിലൂടെ സംസാരിക്കുകയായിരുന്നു വസീം അക്രം.

‘വിരാട് കോഹ്‌ലിയാണ് നിലവിലെ ഏറ്റവും മികച്ച താരം. ക്രിക്കറ്റിലെ മഹത്തായ താരമാണ് അദ്ദേഹം. ഇതിനോടകം തന്നെ ക്രിക്കറ്റ് ചരിത്രത്തില്‍ അദ്ദേഹത്തിന് ഈ പേര് ലഭിച്ചു കഴിഞ്ഞു,’ വസീം പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് കോഹ്‌ലി. ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.

ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് ആയിരുന്നു.

കലാശ പോരാട്ടത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു കോഹ്ലി തിളങ്ങിയത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കാണ്.

 

Content Highlight: Wasim Akram Talks About Virat Kohli