ഒരുത്തന് ബോധമില്ല, മറ്റൊരുത്തന് ബാറ്റ് ചെയ്യാന്‍ അറിയില്ല; പാക് താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് വസീം അക്രം!
Sports News
ഒരുത്തന് ബോധമില്ല, മറ്റൊരുത്തന് ബാറ്റ് ചെയ്യാന്‍ അറിയില്ല; പാക് താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് വസീം അക്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2024, 1:35 pm

ജൂണ്‍ ഒമ്പതിന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബംറയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്.

വിജയ സാധ്യത 92% പാകിസ്ഥാന് ഉണ്ടായിട്ടും ശ്രദ്ധയോടെ ബാറ്റ് ചെയ്യാതിരുന്നത്‌കൊണ്ടാണ് പാകിസ്ഥാന്‍ മത്സരത്തില്‍ പരാജയപ്പെട്ടതെന്ന് പറയുകയാണ് മുന്‍ പാക് താരം വസീം അക്രം. മാത്രമല്ല പാക് താരങ്ങളായ ഇഫ്തിഖര്‍ അഹമ്മദിനേയും മുഹമ്മദ് റിസ്വാനേയും കനത്ത രീതിയില്‍ വിമര്‍ശിക്കാനും അക്രം മറന്നില്ല.

‘അവര്‍ 10 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്നു, എനിക്ക് അവരെ പഠിപ്പിക്കാന്‍ കഴിയില്ല. റിസ്വാന് കളിയില്‍ ബോധമില്ല. വിക്കറ്റ് വീഴ്ത്താന്‍ ബുംറയ്ക്ക് പന്ത് നല്‍കിയെന്നും അവന്റെ പന്തുകള്‍ കരുതലോടെ കളിക്കുകയായിരുന്നു ബുദ്ധിയെന്നും അദ്ദേഹം അറിയണമായിരുന്നു. എന്നാല്‍ കൂറ്റന്‍ ഷോട്ടിനു പോയ റിസ്വാന് വിക്കറ്റ് നഷ്ടമായി,

ഇഫ്തിഖര്‍ അഹമ്മദിന് ലെഗ് സൈഡില്‍ ഒരു ഷോട്ട് മാത്രം അറിയാം. വര്‍ഷങ്ങളായി ടീമിന്റെ ഭാഗമാണെങ്കിലും ബാറ്റ് ചെയ്യാന്‍ അറിയില്ല. ഗെയ്മിനെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ ഫഖര്‍ സമനോട് പോയി പറയാന്‍ എനിക്ക് കഴിയില്ല. മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ പരിശീലകരെ പുറത്താക്കുമെന്നും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പാക് കളിക്കാര്‍ കരുതുന്നു. പരിശീലകരെ നിലനിര്‍ത്താനും ടീമിനെ മുഴുവന്‍ മാറ്റാനുമുള്ള സമയമാണിത്,’ അക്രം പറഞ്ഞു.

അതേസമയം ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് എ ഗ്രൂപ്പില്‍ നാല് പോയിന്റും +1.455 നെറ്റ് റണ്‍റേറ്റുമായി ഒന്നാമത്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി. ഇന്ന് പാകിസ്ഥാന്‍ കാനഡയെ നേരിടും.

 

 

Content Highlight: Wasim Akram Talking About Pakistan Players For Bad Performance