| Sunday, 9th June 2024, 2:43 pm

ഇന്ത്യ- പാക് പോരാട്ടത്തില്‍ അവര്‍ക്കാണ് കൂടുതല്‍ സാധ്യത; പ്രവചനവുമായി മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടാനിരിക്കുകയാണ്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ പരിക്ക് പറ്റിയെങ്കിലും രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. റിഷബ് പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ വിക്കറ്റ് വീഴ്ത്തി.

മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മുന്‍ പാകിസ്ഥാന്‍ താരങ്ങളായ വഖാര്‍ യൂനസും വസീം അക്രവും തമ്മിലുള്ള അഭിമുഖത്തില്‍ ആരാണ് വിജയിക്കുകയെന്ന് പ്രവചിച്ചിരുന്നു.

‘നിലവിലെ ഫോം അനുസരിച്ച് ഇന്ത്യ മികച്ച ടീമാണ്, ഞാന്‍ 60% ഇന്ത്യക്കും 40% പാകിസ്ഥാനും നല്‍കും. എന്നാല്‍ ഇത്, ഒരു നല്ല ബൗളിങ് സ്‌പെല്ലോ ഇന്നിങ്‌സോ കളിച്ചാല്‍ കാര്യങ്ങള്‍ പാകിസ്ഥാന് അനുകൂലമാകാം. ലോകകപ്പിലെ ഏറ്റവും വലിയ മത്സരത്തിനായി ലോകം ഉറ്റുനോക്കുകയാണ്,’വസീം അക്രം പറഞ്ഞു.

കളിയുടെ ഫലത്തെക്കുറിച്ച് വഖാര്‍ തന്റെ അഭിപ്രായം പറയുകയും ട്രാക്കിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

‘പാകിസ്ഥാന്‍ ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, പക്ഷേ ന്യൂയോര്‍ക്കിലെ ചടുലമായ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കും,’ അദ്ദേഹം പറഞ്ഞു.

നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്ലോപിച്ചില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ടോസ് നിര്‍ണായകമായേക്കും. മാത്രമല്ല പിച്ച് ആര്‍ക്കൊക്കെ ഉപകാരപ്പെടുമെന്ന് കണ്ടറിയണം.

Content Highlight: Wasim Akram Talking About India VS Pakistan Match

We use cookies to give you the best possible experience. Learn more