ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. തുടര്‍ന്ന് 150 റണ്‍സിന് സന്ദര്‍ശകര്‍ പെര്‍ത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. നിലവില്‍ ആദ്യ ദിനം ബാറ്റിങ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.
മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായകമായ വിക്കറ്റ് നേടി അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും തിളങ്ങി. കങ്കാരുപ്പടയില്‍ അപകടകാരിയായ ട്രോവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പറഞ്ഞയച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ യുവ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. റാണ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ഒരുപാട് പ്രതീക്ഷയുണ്ടെന്നുമാണ് അക്രം പറഞ്ഞത്.
‘അവന്‍ ഒരു വലിയ മുതല്‍ക്കൂട്ടാണ്. ഇന്ത്യ ഇന്നിങ്സ് അവസാനിച്ചതിന് ശേഷം ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ ഹര്‍ഷിത് റാണ പരിശീലിക്കുന്നത് ഞാന്‍ കണ്ടു. അവന്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നു, ഒപ്പം മികച്ച വേഗത സൃഷ്ടിക്കാന്‍ അവന് കഴിവുണ്ട്. കാലക്രമേണ അവന്‍ മെച്ചപ്പെടും. അദ്ദേഹം ഇതുവരെ ബൗള്‍ ചെയ്ത രീതി എന്നെ ആകര്‍ഷിച്ചു,’ വസീം അക്രം സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ നിതീഷ്‌കുമാര്‍ റെഡ്ഡിയും റിഷബ് പന്താണ്. റെഡ്ഡി 59 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് നേടിയത്. ഋഷബ് 78 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സും നേടി.
74 പന്തില്‍ 26 റണ്‍സ് നേടിയാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായെങ്കിലും വിവാദപരമായ വിക്കറ്റിലാണ് താരത്തിന് കൂടാരം കയറേണ്ടി വന്നത്.
ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പേസര്‍ ജോഷ് ഹേസല്‍വുഡാണ്. അഞ്ച് മെയ്ഡന്‍ അടക്കം 13 ഓവര്‍ ചെയ്ത് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 29 റണ്‍സ് വിട്ടുകൊടുത്ത് 2.23 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: Wasim Akram Talking About Harshit Rana