ആ രണ്ടു പേരെയും വീട്ടിലിരുത്തണം, ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം!
Sports News
ആ രണ്ടു പേരെയും വീട്ടിലിരുത്തണം, ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2024, 2:52 pm

ജൂണ്‍ ഒമ്പതിന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബംറയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്.

വിജയ സാധ്യത 92% പാകിസ്ഥാന് ഉണ്ടായിട്ടും ശ്രദ്ധയോടെ ബാറ്റ് ചെയ്യാതിരുന്നത്‌കൊണ്ടാണ് പാകിസ്ഥാന്‍ മത്സരത്തില്‍ പരാജയപ്പെട്ടതെന്ന് പറയുകയാണ് മുന്‍ പാക് താരം വസീം അക്രം. മാത്രമല്ല പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനയെും ഷഹീന്‍ അഫ്രീദിയെയും കുറിച്ച് അക്രം സംസാരിക്കുകയുണ്ടായിരുന്നു.

2023 ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച പാകിസ്ഥാന്റെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റിയിരുന്നു. പിന്നീട് ഷഹീന്‍ അഫ്രീദി സ്ഥാനം ഏറ്റെടുക്കുകയും വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുകയുമായിരുന്നു പാകിസ്ഥാന്‍. ഇതോടെ താരങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ടീമിന് നഷ്ടപ്പെട്ടത് അക്രം ചൂണ്ടിക്കാണിച്ചു.

ഇപ്പോള്‍ ബാബര്‍ അസമിനും ഷഹീന്‍ അഫ്രീദിക്കുമെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

‘പരസ്പരം സംസാരിക്കാന്‍ ആഗ്രഹിക്കാത്ത കളിക്കാരുണ്ട് ടീമില്‍. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കളിക്കാരെ വീട്ടില്‍ ഇരുത്താന്‍ പി.സി.ബി അനുവദിക്കണം,’ അക്രം പറഞ്ഞു.

അതേസമയം ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് എ ഗ്രൂപ്പില്‍ നാല് പോയിന്റും +1.455 നെറ്റ് റണ്‍റേറ്റുമായി ഒന്നാമത്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി. ഇന്ന് പാകിസ്ഥാന്‍ കാനഡയെ നേരിടും.

 

 

Content Highlight: Wasim Akram Slams Babar And Afridi