| Thursday, 21st July 2022, 4:54 pm

എല്ലാവരും അശ്വിന്റെ കൂടെയാണല്ലോ; എല്ലാവരും ഓരേ പോലെ പറയുന്നു ഇതൊന്നു നിര്‍ത്തികൂടെയെന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

മറ്റുളള ജനകീയമായ ഗെയിമുകളെ അപേക്ഷിച്ച് ക്രിക്കറ്റ് ഏറെ ദൈര്‍ഘ്യമുള്ള ഗെയ്മാണ്. ഒരുപാട് ആരാധകരുള്ള ക്രിക്കറ്റില്‍ പ്രധാനമായും മൂന്ന് ഫോര്‍മാറ്റുകളാണുളളത്. ഏറ്റവും ലോങ് ഫോര്‍മാറ്റായ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റും, ക്ലാസിക്ക് ഫോര്‍മാറ്റായ 50 ഓവര്‍ ഏകദിന മത്സരങ്ങളും, കുട്ടി ക്രിക്കറ്റ് എന്നറിയപ്പെടുന്ന ട്വന്റി-20യുമാണ് ക്രിക്കറ്റിലെ പ്രധാന ഫോര്‍മാറ്റുകള്‍.

ഒരുകാലത്ത് ഏറ്റവും ആരാധകരുള്ള ഫോര്‍മാറ്റ് എന്ന് പറയുന്നത് ഏകദിനമായിരുന്നു. എന്നാല്‍ നിലവില്‍ ഏകദിനത്തിന്റെ അവസ്ഥ പരിതാപകരമാണ്. ട്വന്റി-20 ക്രിക്കറ്റിന്റെ വളര്‍ച്ചയാണ് ഏകദിനത്തെ മടുപ്പുളവാക്കുന്ന ഫോര്‍മാറ്റ് ആക്കി മാറ്റുന്നത്. ടെസ്റ്റ് ക്രിക്കറ്റ് പഴയതിലും മികച്ച രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ പണി കിട്ടിയത് ഏകദിനത്തിനാണ്.

ഏകദിനം മടുപ്പുളവാക്കുന്ന ഫോര്‍മാറ്റാണെന്ന് ഒത്തിരി താരങ്ങളാണ് പറഞ്ഞിരിക്കുന്നത്. ആര്‍.അശ്വിന്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളും ആ ഏകദിനത്തെ വിമര്‍ശിച്ചിരുന്നു. നിലവില്‍ ഏകദിനത്തിന്റെ അവസ്ഥയെകുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ഇതിഹാസ പേസ് ബൗളറായ വസീം അക്രം.

കമന്റേറ്റര്‍ ആയിട്ട് പോലും ഏകദിനം ബോറിങ് ആണെന്നാണ് അക്രം പറഞ്ഞത്. പ്രത്യേകിച്ച് ട്വന്റി-20ക്ക് ശേഷമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ പോലും, ഏകദിന ക്രിക്കറ്റ് ഇപ്പോള്‍ ഒരു ഇഴച്ചില്‍ മാത്രമാണ്, പ്രത്യേകിച്ച് ടി-20ക്ക് ശേഷം. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. 50 ഓവര്‍ രണ്ട് തവണ പിന്നെ നിങ്ങള്‍ പ്രീ-ഗെയിം, പോസ്റ്റ്-ഗെയിം, ലഞ്ച് ഗെയിം എന്നിവ ചെയ്യണം,’ അക്രം പറഞ്ഞു.

ട്വന്റി-20 എളുപ്പമാണെന്നും അതാണ് മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും നല്ല ഗെയിമെന്നും തനിക്ക് തോന്നുന്നു. ലോകത്തെല്ലായിടത്തും ട്വന്റി-20 ലീഗുകള്‍ ഉള്ളതിനാല്‍ ഒരുപാട് സമ്പാദിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോഡേണ്‍ ഡേ ക്രിക്കറ്റിന് ടെസ്റ്റും ട്വന്റി-20യും മതിയെന്നും ഏകദിനം മരിക്കുവാണെന്നും അദ്ദേഹം പറഞ്ഞു.

‘ടി20 വളരെ എളുപ്പമാണ്, നാല് മണിക്കൂര്‍ മാത്രമുള്ള മത്സരം. ലോകമെമ്പാടുമുള്ള ലീഗുകള്‍ ധാരാളം പണമുണ്ടാക്കാന്‍ സാധിക്കും. ഇത് ആധുനിക ക്രിക്കറ്റിന്റെ ഭാഗമാണെന്നും ഞാന്‍ കരുതുന്നു. ടി20 അല്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ്. ഏകദിന ക്രിക്കറ്റ് ഒരു തരത്തില്‍ മരിക്കുകയാണ്,’ അക്രം പറഞ്ഞു.

ട്വന്റി-20 ക്രിക്കറ്റാണ് വളരുന്നതെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടം ടെസ്റ്റ് ക്രിക്കറ്റാണെന്നും ഏകദിനം ബോറിങ്ങ് ആയത് അത് പ്രഡിക്റ്റബില്‍ ഗെയിമായത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈക്കള്‍ വൗഗന്റെ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്.

നേരത്തെ ക്രിക്കറ്റിലെ ഏറ്റവും മോശം ഫോര്‍മാറ്റ് ഏകദിനമാണെന്ന് സൂപ്പര്‍ താരം ആര്‍. അശ്വിനും അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ബോര്‍ ഫോര്‍മാറ്റാണ് ഏകദിനമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ടി-20 ക്രിക്കറ്റിന്റെ വളര്‍ച്ച ഏകദിനത്തിന്റെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും കാലഹരണപ്പെട്ടതാക്കി തീര്‍ക്കുമെന്നും അശ്വിന്‍ പറഞ്ഞു. വോണി ആന്‍ഡ് ടിഫേര്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പോഡ്കാസ്റ്റിലായിരുന്നു അശ്വിന്‍ മനസുതുറന്നത്. പലപ്പോഴും വണ്‍ ഡേ ക്രിക്കറ്റ് കാണുന്നത് മടുത്ത് ടി.വി ഓഫ് ചെയ്ത് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് അനലിസ്റ്റ് ആകാശ് ചോപ്രയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ക്രിക്കറ്റില്‍ നിന്നും ഏകദിന ഫോര്‍മാറ്റ് എടുത്തുകളയണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ടി-20 ഫോര്‍മാറ്റ് ആളുകളെ ആവേശഭരിതരാക്കുകയാണെന്നും ഏകദിന ഫോര്‍മാറ്റ് കാലഹരണപ്പെട്ടുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

Content Highlights: Wasim Akram says ODI cricket is boring and dying

We use cookies to give you the best possible experience. Learn more