| Wednesday, 24th August 2022, 8:25 am

രാജ്യത്തിനുവേണ്ടി ഇത്രയും മികച്ച കാര്യങ്ങള്‍ ചെയ്ത ആളെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ഏതൊരും ബൗളറെയും വിറപ്പിക്കാന്‍ സാധിക്കുന്ന ടാലെന്റും അതിനൊത്ത ആറ്റിറ്റിയൂഡും വിരാടിന്റെ പ്രത്യേകതയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന് നല്ല കാലമല്ല.

സെഞ്ച്വറി മെഷീന്‍ എന്നറിയപ്പെടുന്ന വിരാട് ഒരു സെഞ്ച്വറിയടിച്ചിട്ട് മൂന്ന് വര്‍ഷമായി. നിലവില്‍ ഫോം വീണ്ടെടുക്കാനായി ക്രിക്കറ്റില്‍ നിന്നും വിശ്രമമെടുത്തിരിക്കുന്ന ഏഷ്യാ കപ്പില്‍ തിരിച്ചുവരാനുള്ള പുറപ്പാടിലാണ്. തന്റെ പഴയ ഫോം വീണ്ടെടുത്താല്‍ മാത്രമെ വിരാടിനും ടീം ഇന്ത്യക്കും ഗുണമുള്ളൂ.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. പാകിസ്ഥാനെതിരെ മികച്ച റെക്കോഡുള്ള വിരാടിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നതാണ്. ഈ ഒരു സാഹചര്യത്തില്‍ വിരാടിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസ താരമായ വസീം അക്രം.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ മാത്രമല്ല ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് വിരാടെന്നും അദ്ദേഹത്തെ എഴുതി തള്ളുന്നവര്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന ബോധ്യം പോലുമില്ലെന്നും അക്രം പറഞ്ഞു.

‘സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ വായിച്ച് ഞാന്‍ ഞെട്ടിപ്പോയി. രാജ്യത്തിന് വേണ്ടി ഇത്രയും മികച്ച പ്രകടനം നടത്തിയ ഒരു കളിക്കാരനെ കുറിച്ച് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ എഴുതാന്‍ കഴിയുന്നത്? ആധുനിക തലമുറയിലെ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തിലെയും ഏറ്റവും മികച്ച കളിക്കാരനാണ് വിരാട്,” വസിം അക്രം പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള വിരാടിന്റെ പ്രകടനത്തെ കുറിച്ചും അക്രം പറഞ്ഞു. വിരാട് ഫോമിലേക്ക് മടങ്ങിയെത്തുമെന്നും എന്നാല്‍ പാകിസ്ഥാനെതിരെ ഫോമാകാതിരിക്കാന്‍ ആഗ്രഹിക്കുന്നതായും അക്രം പറഞ്ഞു.

‘2022ലെ ഏഷ്യാ കപ്പില്‍ അദ്ദേഹം റണ്‍സ് നേടും. എന്നാല്‍ പാകിസ്ഥാനെതിരെ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പരമ്പരകളില്‍ നിന്നും വിരാട് വിശ്രമമെടുത്തിരുന്നു. ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlight: Wasim Akram says He doesnt want Virat Kohli to be back in form against pakistan

Latest Stories

We use cookies to give you the best possible experience. Learn more