| Friday, 16th August 2024, 9:41 am

ക്രിക്കറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റർ അദ്ദേഹമാണ്: വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ തനിക്ക് പ്രിയപ്പെട്ട എക്കാലത്തെയും മികച്ച ബാറ്ററെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെയാണ് വസീം ഏറ്റവും മികച്ച ബാറ്ററായി തെരഞ്ഞെടുത്തത്.

‘ഞാന്‍ 90കളില്‍ കളിച്ചു. ഒരുപാട് മഹാരഥന്മാര്‍ക്കെതിരെയെല്ലാം ഞാന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും സുനില്‍ ഗവാസ്‌കര്‍, ന്യൂസിലാന്‍ഡില്‍ നിന്നും മാര്‍ട്ടിന്‍ ക്രോ, ഓസ്‌ട്രേലിയയില്‍ നിന്നും അലന്‍ ബോര്‍ഡര്‍ എന്നീ വമ്പന്‍ പേരുകളെല്ലാം ഉയര്‍ന്നു കേള്‍ക്കും.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വെസ്റ്റ് ഇന്‍ഡീസിന്റെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സനാണ് ഈ മനോഹരമായ ക്രിക്കറ്റ് എന്ന കളിയെ അലങ്കരിച്ച എക്കാലത്തെയും മികച്ച താരം. അവര്‍ക്കെല്ലാം പുറമേ ഞാന്‍ മഹാനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള അവിശ്വസനീയമായ താരം ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ വോ ബ്രദേഴ്‌സ് എന്നിവര്‍ക്കെതിരെയെല്ലാം കളിച്ചിട്ടുണ്ട്,’ വസീം അക്രം അമേരി ക്രിക്കറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്രിക്കറ്റില്‍ ഐതിഹാസികമായ ഒരു കരിയര്‍ ആണ് റിച്ചാര്‍ഡ്‌സ് കെട്ടിപ്പെടുത്തുയര്‍ത്തിയത്. 1974ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വിവിയന്‍ 121 മത്സരങ്ങളില്‍ 182 ഇന്നിങ്‌സുകളില്‍ നിന്നും 8540 റണ്‍സാണ് നേടിയിട്ടുള്ളത്. 50.2 എന്ന മികച്ച ആവറേജിലാണ് താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റ് വീശിയത്. ടെസ്റ്റില്‍ 24 സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളുമാണ് വിവിയന്‍ അടിച്ചെടുത്തത്.

ഏകദിന ക്രിക്കറ്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിന്‍ഡീസ് ഇതിഹാസത്തിന് സാധിച്ചിട്ടുണ്ട്. 167 ഇന്നിങ്‌സുകളില്‍ നിന്നും 11 സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സ് ആണ് താരം നേടിയത്.

ബൗളിങ്ങിലും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ താരത്തിന് സാധിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 32 വിക്കറ്റുകളും ഏകദിനത്തില്‍ 118 വിക്കറ്റുകളുമാണ് റിച്ചാര്‍ഡ്‌സ് നേടിയത്. തന്റെ നീണ്ട 17 വര്‍ഷക്കാലത്തെ ക്രിക്കറ്റ് യാത്ര അവസാനിപ്പിച്ചുകൊണ്ട് റിച്ചാര്‍ഡ്‌സ് 1991ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Content Highlight: Wasim Akram Reveals is Favorite Batter In Cricket

We use cookies to give you the best possible experience. Learn more