| Thursday, 13th October 2022, 8:17 pm

അന്ന് കുറെ അടി വാങ്ങിക്കൂട്ടിയിട്ടുണ്ട്, എന്നാലും അവനെ ലോകകപ്പ് ടീമിലെടുക്കണം; ഇന്ത്യയോട് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ജസ്പ്രീത് ബുംറക്ക് പകരക്കാരനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ടീമിന് മുന്നിലേക്ക് ഒരു നാമനിര്‍ദേശവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷനായ ഉമ്രാന്‍ മാലിക്കിന്റെ പേരാണ് അക്രം നിര്‍ദേശിച്ചിരിക്കുന്നത്.

അയര്‍ലന്‍ഡുമായുള്ള പരമ്പരയില്‍ ഏറെ അടി വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും ഉമ്രാനെ പോലെ വേഗതയുള്ള കളിക്കാരനെ ഒഴിവാക്കരുതെന്നാണ് അക്രം പറയുന്നത്. കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുന്നതിനനുസരിച്ച് ഉമ്രാന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്നും അക്രം പറഞ്ഞു.

‘നിങ്ങള്‍ അവനെ കണ്ടോ, ഉമ്രാന്‍ മാലിക്കിനെ. എന്തൊരു വേഗമാണെന്നറിയാമോ അവന്. നേരത്തെ ഇന്ത്യ അവനെ അയര്‍ലാന്‍ഡിലേക്ക് കൊണ്ടുപോയപ്പോള്‍ കുറെ അടി വാങ്ങിക്കൂട്ടിയെന്നുള്ളതൊക്കെ ശരിയായിരിക്കാം. പക്ഷെ അതൊക്കെ ടി-20യില്‍ സര്‍വ സാധാരണമാണ്.

അതുകൊണ്ട് തന്നെ അവനെ പോലുള്ളവരെ എപ്പോഴും പിന്തുണക്കണം. ഞാനൊക്കെയായിരുന്നെങ്കില്‍ അവനെ എന്നെന്നും സ്‌ക്വാഡില്‍ തന്നെ നിര്‍ത്തുമായിരുന്നു. കൂടുതല്‍ കളിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവന്‍ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കും. ടി-20യില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്,’ വസീം അക്രം പറയുന്നു.

നേരത്തെ ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ബ്രെറ്റ് ലീയും ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സ്‌ക്വാഡില്‍ ഈ 22കാരന് അതിഗംഭീര പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുമെന്നും ബ്രെറ്റ് ലീ പറഞ്ഞിരുന്നു.

‘ലോകത്തെ ഏറ്റവും നല്ല കാര്‍ നിങ്ങളുടെ പക്കലുണ്ട്. പക്ഷെ അതിനെ ഗാരേജില്‍ നിര്‍ത്താനാണ് തീരുമാനമെങ്കില്‍ പിന്നെ ഞാനെന്ത് പറയാനാണ്. 150 വേഗതയില്‍ പന്തെറിയുന്നയാളാണ് ഉമ്രാന്‍ മാലിക്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും അവനെ ഉള്‍പ്പെടുത്തണമായിരുന്നു.

അവന്‍ ചെറുപ്പമാണെന്നതും വളരെ റോ ആയി പന്തെറിയുന്നയാളാണ് എന്നുള്ളതുമൊക്കെ ശരിയാണ്. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞല്ലോ 150 ആണ് അവന്റെ വേഗത എന്ന കാര്യം മറക്കരുത്. കയ്യില്‍ നിന്നും വിട്ടാല്‍ പന്ത് പറക്കുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. അതുകൊണ്ട് ഉമ്രാന്‍ മാലിക്കിനെ ടീമിലേക്ക് സെലക്ട് ചെയ്ത് ഇവിടേക്ക് കൊണ്ടുവരൂ,’ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രെറ്റ് ലീ പറഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് നിലവില്‍ ലോകകപ്പ് സ്‌ക്വാഡിലെ ബൗളിങ് നിരയിലെ താരങ്ങള്‍. ഇവര്‍ക്കൊപ്പം ബുംറക്ക് പകരം ആരാകും ടീമിലെത്തുക എന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ ബി.സി.സി.ഐ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ 16നാണ് ഓസ്ട്രേലിയയില്‍ വെച്ച് ടി-20 പുരുഷ ലോകകപ്പിന് തുടക്കമാകുന്നത്.

Content Highlight: Wasim Akram praises Umran Malik and asks India to pick him as Jasprit Bumrah’s replacement

We use cookies to give you the best possible experience. Learn more