| Sunday, 4th June 2023, 4:09 pm

ഗില്ലിനെതിരെ പന്തെറിയുന്നത് സച്ചിനെതിരെ പന്തെറിയുന്നത് പോലെ; ഗില്ലിനെ സച്ചിനൊപ്പം ചേര്‍ത്ത് പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പുറത്തെടുത്ത മികച്ച ബാറ്റിങ് പ്രകടനം ടെസ്റ്റിലും ആവര്‍ത്തിക്കാനാണ് ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഒരുങ്ങുന്നത്. നേരത്തെ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചുകൊണ്ട് താനൊരു ഓള്‍ ഫോര്‍മാറ്റ് ബാറ്ററാണെന്ന് ഗില്‍ തെളിയിച്ചിരുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിരാട് കോഹ്‌ലിയുടെയും പല റെക്കോഡുകളും ഗില്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. സച്ചിനും വിരാടിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദീപശിഖയേന്തുക ഗില്‍ തന്നെയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

അടുത്ത സച്ചിന്‍ എന്നും അടുത്ത വിരാട് എന്നും ഇവര്‍ ഗില്ലിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഗില്ലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം. ഗില്ലിനെ സച്ചിനോട് താരതമ്യപ്പെടുത്തിയാണ് അക്രം ഇന്ത്യന്‍ ഓപ്പണറെ പുകഴ്ത്തിയത്.

‘ടി-20 ഫോര്‍മാറ്റില്‍ ഗില്ലിനെ പോലെ ഒരു താരത്തിന് പന്തെറിയുമ്പോള്‍, ആദ്യ പത്ത് ഓവറുകളില്‍ രണ്ട് ഫീല്‍ഡര്‍മാരെ മാത്രം അനുവദിച്ചിരുന്ന ഏകദിനത്തില്‍ സച്ചിനെതിരെ പന്തെറിയുന്നത് പോലെയാണ് തോന്നുന്നത്,’ സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ അക്രം പറഞ്ഞു.

സച്ചിനും ഗില്ലും പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ടുകളാണ് കളിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവരെ പുറത്താക്കാന്‍ പ്രയാസമാണെന്നും അക്രം പറഞ്ഞു.

‘എനിക്കിപ്പോള്‍ ജയസൂര്യക്കെതിരെയോ കലുവിതരാണക്കെതിരെയോ പന്തെറിയേണ്ടി വന്നാല്‍ അവരെ പുറത്താക്കാന്‍ എനിക്ക് അവസരമുണ്ട്. അവര്‍ എല്ലാ പന്തും അടിക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവരെ പുറത്താക്കാന്‍ എനിക്ക് സാധിക്കും. എന്നാല്‍ സച്ചിനെയും ഗില്ലിനെയും പോലുള്ള താരങ്ങള്‍ പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ടുകളാണ് കളിക്കുന്നത്.

എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിയുന്ന താരമാണ് ഗില്‍ എന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ ലോക ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമാണ്,’ വസീം അക്രം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണ് ഗില്‍ ഒരുങ്ങുന്നത്. കെ.എല്‍. രാഹുലിന് പരിക്കേറ്റതിനാല്‍ രോഹിത് ശര്‍മക്കൊപ്പം ഗില്‍ തന്നെയാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനല്‍. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlight: Wasim Akram praises Shubman Gill

We use cookies to give you the best possible experience. Learn more