2012 ലോകകപ്പിലാണ് അവന്റെ കഴിവ് എന്താണെന്ന് ഞാന്‍ ആദ്യമായി കണ്ടത്: സഞ്ജുവിന്റെ രക്ഷകനെ പ്രശംസിച്ച് ഇതിഹാസം
Cricket
2012 ലോകകപ്പിലാണ് അവന്റെ കഴിവ് എന്താണെന്ന് ഞാന്‍ ആദ്യമായി കണ്ടത്: സഞ്ജുവിന്റെ രക്ഷകനെ പ്രശംസിച്ച് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th May 2024, 9:00 am

രാജസ്ഥാന്‍ റോയല്‍സ് പേസര്‍ സന്ദീപ് ശര്‍മയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം. 2012 അണ്ടര്‍ 19 ലോകകപ്പ് സമയത്തെ സന്ദീപിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു വസിം. സ്പോർട്സ്കീടക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പാകിസ്ഥാന്‍ താരം.

‘സന്ദീപ് ശര്‍മ ഡെത്ത് ഓവറില്‍ ഉജ്ജ്വലമായി പന്തറിയുന്നു. കളിക്കളത്തില്‍ മികച്ചയോര്‍ക്കറുകളും സ്ലോ ബോളുകളും അവന് എറിയാന്‍ സാധിക്കും. കൂടാതെ ന്യൂ ബോളില്‍ സ്വിങ് ചെയ്യിക്കാനും അവന് കഴിവുണ്ട്. 2012 അണ്ടര്‍ 19 ലോകകപ്പില്‍ ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. ടൂര്‍ണമെന്റില്‍ അവന്‍ ബൗള്‍ നന്നായി സ്വിങ് ചെയ്യിക്കുമായിരുന്നു. അവന്‍ ഒരു അണ്ടര്‍റേറ്റഡ് ക്രിക്കറ്റ് താരമാണ്.

അവസാന മൂന്ന് ഓവറുകള്‍ പന്തറിയുന്ന ഒരു ബൗളര്‍ എന്തിനാണ് സ്‌പെഷ്യലിസ്റ്റ് ആകേണ്ടതെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ലോകത്ത് വളരെ കുറച്ചു ബോളര്‍മാര്‍ക്ക് മാത്രമേ ഈ സ്‌കില്‍ ഉണ്ടാവുകയുള്ളൂ. അവരില്‍ ഒരാളാണ് സന്ദീപ്,’ വസീം അക്രം പറഞ്ഞു.

ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ ആണ് സന്ദീപ് നേടിയത്. 7.93 എക്കോണമിയിലാണ് താരം പന്തെറിയുന്നത്.

അതേസമയം ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് മുന്നേറിയത്.

ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് രാജസ്ഥാന്‍ നേരിടുക. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടതിനുശേഷം വിജയ വഴിയില്‍ തിരിച്ചെത്തിക്കൊണ്ട് രണ്ടാം സ്ഥാനം ഉറപ്പിക്കാനായിരിക്കും സഞ്ജുവും കൂട്ടരും ഈ മത്സരത്തില്‍ ലക്ഷ്യമിടുക.

Content Highjlight: Wasim Akram praises Sandeep Sharma