ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. നിലവിലെ മൂന്ന് ഫോര്‍മാറ്റിലെയും മികച്ച മധ്യനിര ബാറ്റര്‍ രാഹുലാണെന്നാണ് വസിം പറഞ്ഞത്. അടുത്തിടെ നടന്ന ഒരു ക്രിക്കറ്റ് അനലൈസിങ് ഷോയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.
‘ഏത് ഫോര്‍മാറ്റിലും നോക്കുകയാണെങ്കില്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ രാഹുലാണ്,’ വസിം അക്രം പറഞ്ഞു.
ഇന്ത്യന്‍ ടീമിനായി മൂന്ന് ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് രാഹുല്‍. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 2014ല്‍ അരങ്ങേറ്റം കുറിച്ച രാഹുല്‍ 50 മത്സരങ്ങളില്‍ 83 ഇന്നിങ്‌സില്‍ നിന്നും 2863 റണ്‍സാണ് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും താരം നേടി.
പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം താരം വൈകാതെ തന്നെ ഏകദിനത്തിലും ടി-20യിലും ഇന്ത്യക്കുവേണ്ടി കളിച്ചു. ഏകദിനത്തില്‍ 77 മത്സരങ്ങളില്‍ നിന്നും 2851 റണ്‍സാണ് രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഏഴ് സെഞ്ച്വറികളും 18 അര്‍ധസെഞ്ച്വറികളുമാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രാഹുല്‍ നേടിയത്. കുട്ടി ക്രിക്കറ്റില്‍ 72 മത്സരങ്ങളില്‍ നിന്നും 2265 റണ്‍സും താരം അടിച്ചെടുത്തു. രണ്ട് സെഞ്ച്വറിയും 22 അര്‍ധസെഞ്ച്വറികളും അടങ്ങുന്നതാണ് രാഹുലിന്റെ ടി-20 കരിയര്‍.
അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയില്‍ രാഹുല്‍ കളിച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു താരം ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. എന്നാല്‍ ഈ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിരുന്നില്ല.
പരമ്പര 2-0ത്തിന് ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് ലങ്കന്‍ പട പരമ്പര സ്വന്തമാക്കുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നില്‍ ഉള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഇനി ഇന്ത്യയുടെ മത്സരത്തിന് ഒരുപാട് ദിവസങ്ങള്‍ മുന്നിലുള്ളതിനാല്‍ രാഹുല്‍ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.