2023 ലോകകപ്പില്‍ പരാജയമറിയാതെ ഇന്ത്യ കുതിക്കുകയാണ്. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും മികച്ച പ്രകടനങ്ങള്‍ ആതിഥേയ രാജ്യത്തിന് തുണയാവുകയാണ്. വ്യക്തിഗത താരങ്ങള്‍ മികവ് പുലര്‍ത്തുന്നു എന്നതിനേക്കാളുപരി ഒരു ടീം എന്ന നിലയിലുള്ള ഒത്തൊരുമയും ടീം സ്പിരിറ്റുമാണ് ഇന്ത്യയുടെ വിജയത്തിന് പ്രധാന ഘടകം.
ഇന്ത്യയുടെ മുന്നേറ്റത്തിലും വിജയത്തിലും പേസര്‍മാര്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും അടങ്ങുന്ന പേസ് ട്രയോയാണ് ഇന്ത്യയുടെ കരുത്ത്.
ഇതില്‍ വിക്കറ്റ് വേട്ടയില്‍ മുമ്പില്‍ നില്‍ക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ആറ് മത്സരത്തില്‍ നിന്നും 14 വിക്കറ്റാണ് ബുംറ നേടിയത്. വരും മത്സരത്തിലും ബുംറ തന്നെയാണ് ഇന്ത്യന്‍ ബൗളിങ് നിരയെ നയിക്കുന്നത്.
ബുംറയുടെ അപാരമായ കഴിവിനെ പ്രശംസിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രം. ബുംറ ലോകത്തിലെ ഏറ്റവും നല്ല ബൗളറാണെന്നും താരത്തിന്റെ പേസും വേരിയേഷനുകളും മികച്ചതാണെന്നും അക്രം പറഞ്ഞു.
ഇതിന് പുറമെ ന്യൂ ബോളില്‍ ബുംറക്കുള്ള പന്തടക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു അഭിമുഖത്തിനിടെയാണ് വസീം അക്രം ബുംറയെ പ്രശംസിച്ചത്.
ഇതിന് വരും മത്സരത്തില്‍ ബുംറയെ തടയാനുള്ള രസകരമായ വഴിയെ കുറിച്ചും വസീം അക്രം പറഞ്ഞു. ബുംറയെ സമ്മര്‍ദത്തിലാഴ്ത്താന്‍ അദ്ദേഹത്തിന്റെ ബൗളിങ് സ്‌പൈക്കുകള്‍ മോഷ്ടിക്കുകയാണ് ഏക വഴിയെന്നായിരുന്നു ചിരിച്ചുകൊണ്ട് അക്രം പറഞ്ഞത്.
നവംബര്‍ രണ്ടിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും സെമി ഫൈനല്‍ ഉറപ്പിക്കാനും ഇന്ത്യക്കാകും.