ഇന്ന് ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫാന്‍സിനിടയില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ചര്‍ച്ചയാണ് ബാബര്‍ അസമാണോ വിരാട് കോഹ്‌ലിയാണോ മികച്ച താരമെന്നത്. വിരാട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണെങ്കില്‍ ബാബര്‍ പാകിസ്ഥാനും അതുപോലെ തന്നെയാണ്.
നിലവില്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് ബാബര്‍. വിരാടിന്റെ ഒരുപിടി റെക്കോഡുകള്‍ ഈ പാകിസ്ഥാന്‍ നായകന്‍ തകര്‍ക്കുന്നുമുണ്ട്. എന്നാല്‍ പോലും താരം വിരാടിന്റെ ലെവല്‍ ഉണ്ടോ എന്നുള്ളത് ഒരുപാട് ചര്‍ച്ചയാകുന്നുണ്ട്. വിരാട് കരിയറിലുണ്ടാക്കിയ നേട്ടങ്ങള്‍ കണക്കിലെടുത്താല്‍ ബാബര്‍ പിച്ചവെച്ച് തുടങ്ങുന്നതെയുള്ളൂ. വലിയ ടീമുകള്‍ക്കെതിരെയും വിരാടിന്റെ പ്രകടനം ഒരുപിടി മുന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാളെ ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക് മത്സരം നടക്കാനിരിക്കെ ആരാണ് മികച്ചത് എന്ന കാര്യത്തില്‍ തന്റെ പോയിന്റ് വ്യക്തമാക്കുകയാണ് മുന്‍പാകിസ്ഥാന്‍ പേസ് ഇതിഹാസമായ വസീം അക്രം. തന്റെ നാട്ടില്‍ നിന്നും ഒരുപാട് അവഗണനകള്‍ ലഭിക്കുമെങ്കിലും വിരാടിനെയാണ് താന്‍ ബാബറിന് മുകളില്‍ വെക്കുക എന്നാണ് അക്രം പറയുന്നു.
‘എനിക്ക് പാകിസ്ഥാനില്‍ നിന്നും ഒരുപാട് അവഗണന ലഭിക്കുമായിരിക്കും, എന്നാലും പറയാം, ഞാന്‍ ബാബറിന് മുകളില്‍ വിരാടിനെ തെരഞ്ഞെടുക്കും. ബാബര്‍ മോഡേണ്‍ ഡേ ഗ്രേറ്റാണ്, എന്നാല്‍ വിരാടിന്റെ കൂടെ പിടിക്കാന്‍ സമയമെടുക്കും,’ അക്രം പറഞ്ഞു.
കഴിഞ്ഞ ദിവസം ഏറ്റവും വേഗത്തില്‍ 19 ഏകദിന സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് ബാബര്‍ സ്വന്തമാക്കിയിരുന്നു. 102 മത്സരത്തിലാണ് താരം 19 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംലയെ മറികടന്നാണ് താരം ആ റെക്കോഡ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ആദ്യ മത്സരത്തില്‍ താരം 151 റണ്‍സ് നേടിയിരുന്നു.
ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം അരങ്ങേറുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണ് ബാബറിന്റെയും വിരാടിന്റെയും ആരാധകര്‍ക്കുള്ളത്.
Content Highlight: Wasim Akram Picks Virat Over Babar Azam