| Friday, 10th November 2023, 11:25 am

'പാക്കിസ്ഥാന് ഇനി സെമി ഫൈനലില്‍ കടക്കാന്‍ ഒരു വഴി മാത്രം': പരിഹാസവുമായി വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

നവംബര്‍ ഒമ്പതിന് ന്യൂസിലാന്‍ഡും ശ്രീലങ്കയുമായി നടന്ന നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡ് അനായാസം വിജയം സ്വന്തമാക്കി. ടോസ് നേടിയ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചു. 46.4 ഓവറില്‍ 171 റണ്‍സിന് ശ്രീലങ്ക ചിന്നസ്വാമിയില്‍ തകരുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 23.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ഇതോടെ 2023 സെമി ഫൈനലില്‍ നിന്നും പാകിസ്ഥാന്‍ ഏതാണ്ട് പുറത്താക്കുകയും ന്യൂസിലാന്‍ഡ് ആദ്യ നാലില്‍ ഇടം നേടുകയും ചെയ്യുകയാണ്. നവംബര്‍ ഒമ്പതിന് നടന്ന മത്സരത്തില്‍ മഴ പെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ന്യൂസിലാന്‍ഡിനനുകൂലമായ വിധിയെഴുത്തില്‍ പാക്കിസ്ഥാന്‍ ഏറെ നിരാശരാണ്.

ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമില്‍ പൂട്ടി ഇട്ടാല്‍ മാത്രമേ ബാബര്‍ അസമിനും സംഘത്തിനും സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ പറ്റുമെന്ന് പരിഹസിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരവും കോച്ചുമായ വസീം അക്രമം.

‘ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയും റണ്‍സ് നേടുകയും വേണം. എന്നിട്ട് ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമില്‍ പൂട്ടിയിട്ട് അവരെ ഒന്നടങ്കം ടൈമ്ഡ് ഔട്ട് ആക്കുക,’അദ്ദേഹം എ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

നിലവില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ പരിശോധിച്ചാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു കടല്‍ തന്നെയാണ് ബാബറിനും സംഘത്തിനും നീന്താനുള്ളത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ പാകിസ്ഥാന് 287 റണ്‍സിനെങ്കിലും വിജയിച്ചാല്‍ മാത്രമേ സെമി ഫൈനലില്‍ ഇടം നേടാന്‍ സാധിക്കു. അഥവാ ബൗളിങ് ആണ് കിട്ടുന്നതെങ്കില്‍ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയും വേണം. ചെകുത്താനും കടലിനും നടുക്കുള്ള പാക്കിസ്ഥാന് ഇനി സെമിയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

എട്ട് മത്സരത്തില്‍നിന്നും നാല് വിജയവുമായി പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ന്യൂസിലാന്‍ഡ് ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവുമായി നാലാം സ്ഥാനത്താണ്.

Content Highlight: Wasim Akram Mocks Pakistan

We use cookies to give you the best possible experience. Learn more