2023 ICC WORLD CUP
പാകിസ്ഥാന്‍ ലോകത്തിന് മുമ്പില്‍ പരിഹാസപാത്രമാകും; ഹസന്‍ റാസയെ വിമര്‍ശിച്ച് വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 06, 12:02 pm
Monday, 6th November 2023, 5:32 pm

സൗത്ത് ആഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത ഇന്ത്യ ലോകകപ്പില്‍ വിജയ കുതിപ്പ് തുടരുകയാണ്. ഇതോടെ കളിച്ച എട്ട് മത്സരവും വിജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതാണ് ഇന്ത്യ. എട്ട് മത്സരത്തില്‍ ആറ് വിജയവുമായി സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തും ഏഴ് കളികളില്‍ നിന്നും രണ്ട് വിജയവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പ്രകടനത്തെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതിഹാസ താരങ്ങളായ ഷോയ്ബ് അക്തറും വസീം അക്രവും ഇന്ത്യന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രശംസിച്ചു.

പക്ഷെ മത്സരത്തിന് ശേഷം മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരുന്നു. ഡി.ആര്‍.എസ് സംവിധാനം ഇന്ത്യന്‍ ടീമിന് അനുകൂലമായി കൃത്രിമം കാണിക്കുന്നു എന്നാണ് റാസയുടെ സംശയം. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമിന് മാത്രമായി മികച്ച സീമും സ്വിങ്ങും ലഭിക്കുന്ന പന്തുകള്‍ ഐ.സി.സി നല്‍കുന്നെന്നും റാസ ആരോപിച്ചിരുന്നു.

എന്നാല്‍ റാസയുടെ ആരോപണത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം വസീം അക്രം. ഇത്തരം അഭിപ്രായങ്ങള്‍ പാകിസ്ഥാനെ ലോകത്തിന് നുമ്പില്‍ പരിഹാസപാത്രമാക്കുമെന്നാണ് അക്രം പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് ദിവസമായ ഞാന്‍ ഇതിനെകുറിച്ച് വായിക്കുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ ചിന്തിക്കുന്നത് പോലെ എനിക്കും ഉണ്ടാവില്ലെ! ഇതിന് കാരണം അവരുടെ മനസ് ഇവിടെയല്ല എന്നതാണ്. നിങ്ങള്‍ സ്വയം നാണക്കേടുണ്ടാക്കുകയും ലോകത്തിന് മുന്നില്‍ ഞങ്ങളെ നാണം കെടുത്തുകയും ചെയ്യും,’ അദ്ദേഹം എ സ്‌പോട്‌സില്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മുഹമ്മദ് ഷമി പന്തെറിഞ്ഞപ്പോള്‍ റാസി ഡെര്‍ ഡസന്‍ എല്‍.ബി.ഡബ്ലിയു ആയതാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.ആദ്യ ഡിസിഷനില്‍ നോട്ട് ഔട്ട് വിധിച്ചെങ്കിലും ബൗളിങ് ടീം ഡി.ആര്‍.എസ് ചെയ്തപ്പോള്‍ പന്ത് സ്റ്റംപില്‍ തട്ടി വിക്കറ്റ് ലഭിക്കുകയായിരുന്നു. ഇത് ഹസന്‍ റാസയ്ക്ക് സ്വീകാര്യമായിരുന്നില്ല.

‘ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ നന്നായി ബാറ്റ് ചെയ്യുന്നു, ബൗള്‍ ചെയ്യുമ്പോള്‍ ബാക്കി കാര്യം ബൗളും നന്നായി പ്രവര്‍ത്തിക്കുന്നു. കളിയില്‍ ഏഴോ എട്ടോ ഡി.ആര്‍.എസ് കോളുകളാണ് ഇന്ത്യ നടത്തിയത് അതെല്ലാം അവര്‍ക്ക് അനുകൂലവുമായി,’ റാസ പറഞ്ഞത് എ.ബി.എന്‍ ന്യൂസ് ഉദ്ധരിച്ചു.

മുഹമ്മദ് ഷമിയും സിറാജും ബൗളിങ്ങില്‍ കാണിക്കുന്ന മികച്ച സീമും സ്വിങ്ങും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും, മത്സരത്തില്‍ ഇരുവരും ഉപയോഗിക്കുന്ന പന്ത് പരിശോദന നടത്തണമെന്നുമായിരുന്നുമായിരുന്നു റാസ പറഞ്ഞിരുന്നു.

ലോകകപ്പ് മത്സരങ്ങള്‍ ചൂടേറിവരുകയാണിപ്പോള്‍. ഇന്ത്യയും ആഫ്രിക്കയുമാണ് ഇപ്പോള്‍ സെമി ഫൈനല്‍ ഉറപ്പിച്ച ആദ്യ ടീമുകള്‍. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

 

Content Highlight: Wasim Akram Criticizes Hasan Raza