ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വി നേരിട്ടിരുന്നു. ഏകദിന ചരിത്രത്തില്‍ പാകിസ്ഥാനെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്.
ഞെട്ടിക്കുന്ന ഈ തോല്‍വിക്ക് പിന്നാലെ മുന്‍ പാക് ബൗളര്‍ വസിം അക്രം പാക് ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഈ തോല്‍വി നാണക്കേട് ഉണ്ടാക്കിയെന്നും താരങ്ങള്‍ ഫിറ്റ്‌നസ് പരിശോധിക്കാന്‍ തയ്യാറായില്ലെന്നുമാണ് അക്രം പറഞ്ഞത്.
‘ഈ തോല്‍വി വളരെ നാണക്കേട് ആയിരിക്കുന്നു. 280 റണ്‍സ് വെറും രണ്ട് വിക്കറ്റുകള്‍ മാത്രം ബാക്കി നിര്‍ത്തി മറികടക്കുക എന്നത് വളരെ വലിയ കാര്യമാണ്. പാകിസ്ഥാന്‍ താരങ്ങളുടെ ഫീല്‍ഡിങ്ങിലെ ഫിറ്റ്‌നസ് നോക്കിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി താരങ്ങള്‍ ഫിറ്റ്‌നസിന് വിധേയമായിട്ടില്ലെന്ന് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഞങ്ങള്‍ പറയുന്നു. ഞാന്‍ ഓരോരുത്തരുടെയും പേരുകള്‍ പറയുകയാണെങ്കില്‍ ഫിറ്റ്‌നസ് പരിശോധിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കും. ഇവര്‍ ഓരോ ദിവസവും എട്ട് കിലോ ആട്ടിറച്ചി കഴിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു,’ പാകിസ്ഥാനിലെ ടി.വി ഷോയില്‍ വസിം അക്രം പറഞ്ഞു.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്‍ ബാബര്‍ അസമും ഓപ്പണര്‍ ഷഫീഖും മാത്രമാണ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ബാബര്‍ 74 റണ്‍സും ഷഫീക്ക് 58 റണ്‍സും നേടി.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 282 റണ്‍സ് എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അഫ്ഗാനിസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു. പാക് ബൗളിങ് നിരക്ക് അഫ്ഗാന്റെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്. ഇത് പാക് ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച വിജയം നേടിയ പാകിസ്ഥാന്‍ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. തോല്‍വിയോടെ പാകിസ്ഥാന്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം വിജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സെമിഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനാവൂ.
ഒക്ടോബര്‍ 27 സൗത്ത് ആഫ്രിക്കക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയമാണ് വേദി.
Content Highlight: Wasim Akram criticize Pakistan team poor performance against afganisthan.