| Saturday, 9th December 2023, 10:50 am

ടെസ്റ്റ് കളിച്ചില്ലെങ്കില്‍ നിങ്ങളെ ആരും ഓര്‍ക്കില്ല; പാക് താരത്തെ വിമര്‍ശിച്ച് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും പേസര്‍ ഹാരിസ് റൗഫ് പിന്മാറിയിരുന്നു. ഹാരിസ് റൗഫിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ ഹാരിസ് റൗഫിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ബൗളര്‍ വസീം അക്രം. ക്രിക്കറ്റില്‍ മികച്ച ബോളര്‍മാരില്‍ ഒരാള്‍ ആവണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിനു മുന്‍ഗണന നല്‍കണമെന്നായിരുന്നു റൗഫിനെതിരെയുള്ള വസീം അക്രത്തിന്റെ വിമര്‍ശനം.

‘നിലവിലെ കാലഘട്ടത്തില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പ്രാവീണ്യം നേടിയ ഒരുപാട് ക്രിക്കറ്റ് താരങ്ങളുണ്ട്. എന്നാല്‍ താന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഹാരിസ് റൗഫ് തയ്യാറായില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ വ്യത്യസ്തമായ കഴിവ് ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 8 ഓവറുകള്‍ നീണ്ടുനില്‍ക്കുന്ന വലിയ സ്‌പെല്ലുകള്‍ നിങ്ങള്‍ ബൗള്‍ ചെയ്യേണ്ടിവരും ഇത് ക്രിക്കറ്റില്‍ വലിയ വെല്ലുവിളിയാണ് നല്‍കുന്നത് അതുകൊണ്ടുതന്നെ ഇത് ആണ്‍കുട്ടികളുടെ കളിയാണ്,’ അക്രം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റും ടി-20 ഫോര്‍മാറ്റും കളിക്കുമ്പോള്‍ ഉള്ള വ്യത്യസ്തതകളെ കുറിച്ചും അക്രം പറഞ്ഞു.

‘ടി-20 ഫോര്‍മാറ്റില്‍ നിങ്ങള്‍ നാല് ഓവര്‍ ബൗള്‍ ചെയ്യുകയും ഫൈനലില്‍ ഫീല്‍ഡ് ചെയ്യുകയും ചെയ്യുന്നു എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ മുഴുവന്‍ സമയവും ഗ്രൗണ്ടില്‍ നില്‍ക്കണം. അതുകൊണ്ടുതന്നെ ക്രിക്കറ്റില്‍ ഒരു മഹത്തായ താരമായി എല്ലാവരും ഓര്‍മിക്കപ്പെടണമെങ്കില്‍ നിങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കണം,’ വസിം അക്രം കൂട്ടിചേര്‍ത്തു.

പ്രധാനമായും ടി-20യില്‍ കളിക്കുന്ന ഹാരിസ് റൗഫ് ഒരു ടെസ്റ്റ് മത്സരം മാത്രമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്. ആറ് ഇക്കോണമിയില്‍ ഒരു വിക്കറ്റ് ആണ് താരം നേടിയിട്ടുള്ളത്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടിയാണ് റൗഫ് കളിക്കുക.

അതേസമയം ഡിസംബര്‍ 14നാണ് പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ഒപ്റ്റ്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Wasim Akram criticize Haris Rauf.

We use cookies to give you the best possible experience. Learn more