ലോകക്രിക്കറ്റിലെ തന്നെ പേരുകേട്ട ഫാസ്റ്റ് ബൗളറാണ് പാക് താരമായിരുന്ന വസീം അക്രം. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വസിം അക്രമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിലൊന്നാണ്.
സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാവുന്ന ഇന്ത്യന്‍ താരത്തെപ്പറ്റി പറയുകയാണ് വസിം അക്രമിപ്പോള്‍. അക്രത്തിന്റെ അഭിപ്രായത്തില്‍ ഐ.പി.എല്‍ 2023 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്ലാണ് സച്ചിനോട് താരതമ്യം ചെയ്യാവുന്ന നിലവില്‍ ഇന്ത്യന്‍ സ്‌ക്വോഡില്‍ കളിക്കുന്ന താരം. സ്പോര്‍ട്സ്‌കീഡയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഗില്ലിന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് അക്രം സംസാരിച്ചത്.
ഏകദിന മത്സരത്തിലെ പ്രാരംഭ ഓവറുകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വീകരിക്കുന്ന ശൈലിയും ടി20യില്‍ ഗില്ലിന്റെ ശൈലിക്കും സാമ്യതയുണ്ടെന്നാണ് അക്രത്തിന്റെ അഭിപ്രായം. ഓരോ ഡെലിവറിക്കും ശേഷം അശ്രദ്ധമായി നില്‍ക്കുന്നതിന് പകരം ഇരുതാരങ്ങളും ശരിയായ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും അക്തര്‍ പറഞ്ഞു.
‘ശ്രീലങ്കന്‍ താരങ്ങളായിരുന്ന ജയസൂര്യക്കും കലുവിതരണയ്ക്കും എതിരെ
ബൗള്‍ ചെയ്യുമ്പോള്‍, അവരെ പുറത്താക്കാനുള്ള അവസരം എപ്പോള്‍ സംഭവിക്കുമെന്ന് എനിക്ക് നന്നായി അറിയാം. കാരണം അവര്‍ ഓരോ പന്തിനും പിന്നാലെ പോകാന്‍ ശ്രമിക്കുന്ന കളിക്കാരാണ്. എന്നാല്‍ സച്ചിനെയും ഗില്ലിനെയും പോലുള്ള കളിക്കാര്‍ ശരിയായ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്നവരാണ്,’ അക്രം പറഞ്ഞു.
അതേസമയം, 2019ലാണ് ഗില്‍ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും ആറ് ടി20 മത്സരങ്ങളിലും ഗില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കളിച്ചിട്ടുണ്ട്.
Content Highlight: Wasim Akram compared the Shubman Gill and Sachin Tendulkar