| Saturday, 11th November 2023, 2:02 pm

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാനേക്കാള്‍ മികച്ചത്; വസീം അക്രവും ഷോയ്ബ് മാലിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ 2023 ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അട്ടിമറി വിജയങ്ങളും തോല്‍വികളും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരു സീസണായിരുന്നു ഇത്. ലോകകപ്പില്‍ നിന്നും ഏറ്റവും ആദ്യം പുറത്തായ ടീം ഇംഗ്ലണ്ടായിരുന്നു. പിന്നാലെ നെതര്‍ലന്‍ഡ്‌സും ശ്രീലങ്കയും ബംഗ്ലാദേശും. അവര്‍ക്ക് രണ്ട് വിജയങ്ങള്‍ മാത്രമാണ് നിലവില്‍ നേടാന്‍ സാധിച്ചത്.

എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേതുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ടീം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോളിതാ മുന്‍ പാക് താരങ്ങളായ വസീം അക്രവും ഷോയ്ബ് മാലിക്കും മറ്റൊരു വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. 2023 ലോകകപ്പില്‍ പാകിസ്ഥാനേക്കാള്‍ മികച്ച ടീം അഫ്ഗാനിസ്ഥാനാണെന്ന് പറയുകയാണ് ഇരുവരും. അഫ്ഗാനിസ്താന്റെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് മുന്‍ താരങ്ങള്‍ ഇങ്ങനെ പറയുന്നത്.

‘അഫ്ഗാനിസ്ഥാന്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. ഈ ലോകകപ്പ് മാത്രം പരിഗണിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ നമ്മളെക്കാള്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്,’

മാലിക്കിന്റെ വിലയിരുത്തലിനോട് വസീം അക്രവും യോജിച്ചു. തുടര്‍ച്ചയായ മത്സരങ്ങള്‍ കാരണം പാക്കിസ്ഥാന്‍ താരങ്ങള്‍ തളര്‍ന്നിട്ടുണ്ടാവും എന്നാണ് അക്രവും അഭിപ്രായപ്പെട്ടത്.

‘അഫ്ഗാനിസ്ഥാനെ കൂടുതല്‍ ശക്തരായിട്ടാണ് കാണപ്പെട്ടത്. ഒരുപക്ഷേ തുടര്‍ച്ചയായി ക്രിക്കറ്റ് കൊണ്ടാവാം നമ്മുടെ താരങ്ങള്‍ ക്ഷീണിതരായതും. എന്നാലും പാക്കിസ്ഥാനെക്കാള്‍ മികച്ചത് അഫ്ഗാനിസ്ഥാന്‍ തന്നെയാണ് എന്നതില്‍ സംശയമില്ല,’

2023 ലോകകപ്പില്‍ അട്ടിമറി വിജയങ്ങളോടെയായിരുന്നു അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ വരവറിയിച്ചത്. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയേയും പാകിസ്ഥാനെയും അട്ടിമറിച്ചായിരുന്നു അഫ്ഗാന്‍ ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. എന്നാല്‍ സെമി ഫൈനല്‍ സാധ്യതക്കായി ഓസ്‌ട്രേലിയയോട് വിജയത്തിന്റെ വക്കിലെത്തിയെങ്കിലും ഗ്ലെന്‍ മാക്‌സവെല്‍ എന്ന ഓസീസ് ഒറ്റയാനെതിരെ അവര്‍ക്ക് തലകുനിക്കേണ്ടിവരുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ അവസാന മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. നവംബര്‍ 11ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം. സെമി ഫൈനല്‍ സാധ്യത നേടാന്‍ ബാബറിനും സംഘത്തിനും വലിയ വെല്ലുവിളി നിറഞ്ഞതാണ് ഈ മത്സരം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ പാകിസ്ഥാന് 287 റണ്‍സിനെങ്കിലും വിജയിച്ചാല്‍ മാത്രമേ സെമി ഫൈനലില്‍ ഇടം നേടാന്‍ സാധിക്കു. അഥവാ ബൗളിങ് ആണ് കിട്ടുന്നതെങ്കില്‍ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയും വേണം. ചെകുത്താനും കടലിനും നടുക്കുള്ള പാക്കിസ്ഥാന് ഇനി സെമിയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടന്ന ന്യൂസിലാന്‍ഡിന് പാക്കിസ്ഥാനെക്കാള്‍ ഉയര്‍ന്ന സെമി ഫൈനല്‍ സാധ്യതകളാണ് ഉള്ളത്. നവംബര്‍ 11ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് അഭിമാന വിജയം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ്.

Content Highlight: Wasim Akram And Shoaib Malik Say Afghanistan Cricketers Are Better Than Pakistan

We use cookies to give you the best possible experience. Learn more