ഏഷ്യാ കപ്പിലെ ഇന്ത്യാ- പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി ഇരു രാജ്യങ്ങള്‍ക്കിടയിലുമായി മുമ്പ് നടന്ന ഏഷ്യാ കപ്പ് ഫൈനല്‍ മത്സരത്തിന്റെ ഓര്‍മകള്‍ പുതുക്കി ക്രിക്കറ്റ് ഇതിഹാസങ്ങളായ വസീം അക്രമും കപില്‍ ദേവും.
1986ലെ ഓസ്ട്രാല്‍- ഏഷ്യാ കപ്പ് ഫൈനലില്‍ (Austral- Asia cup final) ഇന്ത്യയെ ഒരു വിക്കറ്റിന് പാകിസ്ഥാന്‍ തോല്‍പിച്ചതിനെക്കുറിച്ചും മത്സരത്തിലെ അവസാന ഓവറുകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു കപില്‍ ദേവും വസീം അക്രവും.
അവസാന ഓവറുകളില്‍ പാകിസ്ഥാന്റെ ഡ്രസിങ് റൂം വളരെ ടെന്‍ഷനിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നതെന്നും അക്രം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പോള്‍ പൊസിഷനിലായിരുന്നതും പാകിസ്ഥാന്‍ ടീമിന്റെ ആശങ്ക ഉയര്‍ത്തിയിരുന്നു എന്നാണ് വസീം പറയുന്നത്.
”ഞാന്‍ റണ്ണൗട്ടായി, ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചു നടന്നു. പുതുമുഖങ്ങളും ആ മത്സരത്തില്‍ കളിക്കാത്തവരുമായ സാക്കിര്‍ ഖാനും മൊഹ്സിന്‍ കമാലും നിര്‍ത്താതെ കരയുന്നത് ഞാന്‍ കണ്ടു.
എന്തിനാണ് കരയുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. ‘വസീം ഭായ്, നമുക്ക് ഈ മത്സരം ജയിക്കണം’ എന്നായിരുന്നു അവര്‍ മറുപടി പറഞ്ഞത്.
‘കരച്ചില്‍ മത്സരങ്ങള്‍ ജയിക്കാന്‍ ഞങ്ങളെ സഹായിക്കുമെങ്കില്‍, ഞാനും നിങ്ങളോടൊപ്പം കരയുമായിരുന്നു,’ എന്ന് ഞാന്‍ പറഞ്ഞു.
ഒടുവില്‍ ചേതന്‍ ശര്‍മയുടെ അവസാന പന്തില്‍ ജാവേദ് മിയാന്‍ദാദ് സിക്സര്‍ പറത്തി,” വസീം അക്രം പറഞ്ഞു.
അതേസമയം, അന്നത്തെ പരാജയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്നും തനിക്കും തന്റെ ടീമംഗങ്ങള്‍ക്കും ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടാകാറുണ്ടെന്നായിരുന്നു കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തത്.
ഓഗസ്റ്റ് 27ന് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുകയാണ്. ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഈ പശ്ചാത്തലത്തില്‍ കപില്‍ ദേവിന്റെയും വസീം അക്രത്തിന്റെയും വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
Content Highlight: Wasim Akram and Kapil Dev recalls the thrilling Indo-Pak final in Asia Cup