മുന്‍ പാക് താരങ്ങള്‍ ഓരോന്ന് പറയുന്നതുകേട്ട് ലജ്ജ തോന്നുന്നു; ടോസ് വിവാദത്തില്‍ രോഹിത്തിനെ പിന്തുണച്ച് വസീം അക്രം
icc world cup
മുന്‍ പാക് താരങ്ങള്‍ ഓരോന്ന് പറയുന്നതുകേട്ട് ലജ്ജ തോന്നുന്നു; ടോസ് വിവാദത്തില്‍ രോഹിത്തിനെ പിന്തുണച്ച് വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th November 2023, 9:39 pm

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ രോഹിത് ശര്‍മക്കെതിരെ ഉയര്‍ന്ന ടോസ് ഫിക്‌സിങ് ആരോപണത്തിനെതിരെ ഇതിഹാസ താരം വസീം അക്രം.

ടോസ് അനുകൂലമാക്കാനായി രോഹിത് ശര്‍മ പ്രവര്‍ത്തിച്ചുവെന്ന മുന്‍ പാക് താരം സിക്കന്ദര്‍ ബക്തിന്റെ പ്രസ്താവനക്കെതിരായാണ് അക്രം രംഗത്തെത്തിയത്.

സെമി ഫൈനലിലെ ടോസിങ്ങില്‍ രോഹിത് ശര്‍മ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ നില്‍ക്കുന്നിടത്ത് നിന്നും വളരെ ദൂരേക്കാണ് കോയിന്‍ ടോസ് ചെയ്തതെന്നായിരുന്നു ബക്തിന്റെ ആരോപണം.

 

ഈ സാഹചര്യത്തില്‍ ടോസ് ആര്‍ക്ക് അനുകൂലമായാണ് ലഭിച്ചതെന്ന് കെയ്ന്‍ വില്യംസണ് കാണാന്‍ സാധിക്കില്ല എന്നും ഇതുവഴി ടോസ് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് രോഹിത് ശര്‍മ നടത്തിയത് എന്നുമായിരുന്നു ബക്ത് പറഞ്ഞത്.

ഇതോടെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കാനും വിജയിക്കാനും സാധിച്ചെന്നും ബക്ത് കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ വിയോജിപ്പുമായാണ് വസീം അക്രം രംഗത്തെത്തിയത്. ടോസിങ്ങിനിടെ കോയിന്‍ എവിടെ വീഴണമെന്ന് പ്രത്യേകിച്ച് ഒരു നിയമവുമില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പ് കാരണങ്ങളാല്‍ മാറ്റില്‍ എവിടെ വീണാലും മതിയെന്നാണ് വസീം അക്രം പറഞ്ഞത്.

ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ലജ്ജാകരമാണെന്നും വസീം അക്രം പറഞ്ഞു. എ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അക്രം ഇക്കാര്യം പറഞ്ഞത്.

‘ടോസിനിടെ കോയിന്‍ എവിടെ വന്ന് വീഴണമെന്ന് ആര്‍ക്ക് പറയാന്‍ പറ്റും? സ്‌പോണ്‍സര്‍ഷിപ്പ് കാരണങ്ങളാലാണ് മാറ്റ് അവിടെയുള്ളത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു,’ എന്നാണ് അക്രം പറഞ്ഞത്.

വസീം അക്രമിന് പുറമെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താനും ബക്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ കരിവാരിത്തേച്ച് പ്രശസ്തനാകാന്‍ വേണ്ടിയുള്ള ബക്തിന്റെ ശ്രമം മാത്രമാണ് ഇതെന്നായിരുന്നു പത്താന്‍ പറഞ്ഞത്.

 

 

Content Highlight: Wasim Akram about toss fixing allegation against Rohit Sharma