ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോളം നിര്‍ഭാഗ്യം പിന്തുടര്‍ന്ന മറ്റൊരു ടീമുണ്ടാകില്ല. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും ഒരിക്കല്‍പ്പോലും കപ്പുയര്‍ത്താന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ ഒന്നാണ് ആര്‍.സി.ബി.
ദല്‍ഹി ക്യാപ്പിറ്റല്‍സും (ദല്‍ഹി ഡെയര്‍ഡെവിള്‍സ്), പഞ്ചാബ് കിങ്‌സും (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ആണ് മറ്റ് രണ്ട് ടീമുകള്‍. എന്നാല്‍ ഇവരേക്കാളേറെ ഏറ്റവും നിര്‍ഭാഗ്യം വേട്ടയാടിയത് ആര്‍.സി.ബിയെ തന്നെയാണ്. കാരണം മൂന്ന് തവണയാണ് ഫൈനലില്‍ ആര്‍.സി.ബിക്ക് കയ്യകലത്ത് നിന്നും കപ്പ് നഷ്ടപ്പെട്ടത്.
2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് തോറ്റും 2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റും 2016ല്‍ സണ്‍റൈസേഴ്‌സിനോട് തോറ്റുമാണ് ആര്‍.സി.ബി കിരീടമില്ലാത്തവര്‍ എന്ന ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകന്‍ എം.എസ്. ധോണി ആയിരുന്നെങ്കില്‍ ടീം മൂന്ന് കിരീടമെങ്കിലും നേടുമായിരുന്നു എന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം.
സ്‌പോര്‍ട്‌സ് കീഡയിലെ വാട്ട് ഇഫ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ധോണിയായിരുന്നു ആര്‍.സി.ബിയുടെ നായകനെങ്കില്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനായിരുന്നു വസീം ടീമിന്റെ കിരീടനേട്ടത്തെ കുറിച്ച് പറഞ്ഞത്.
‘ധോണിയായിരുന്നു ക്യാപ്റ്റനെങ്കില്‍ ആര്‍.സി.ബി മൂന്ന് തവണ കിരീടം നേടുമായിരുന്നു. മികച്ച പല താരങ്ങളും ടീമിനൊപ്പമുണ്ടായിരുന്നു. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ വിരാട് ആര്‍.സി.ബിക്കൊപ്പമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ട്രോഫി നേടാന്‍ സാധിച്ചില്ല. എന്നാല്‍ ധോണിയായിരുന്നു ക്യാപ്റ്റനെങ്കില്‍ ആര്‍.സി.ബിക്ക് തീര്‍ച്ചയായും കിരീടം നേടാന്‍ സാധിക്കുമായിരുന്നു,’ വസീം അക്രം പറഞ്ഞു.
ധോണിക്ക് വളരെ കൃത്യമായി തന്റെ ടീമിനെ മാനേജ് ചെയ്യാന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നാല് തവണയാണ് എം.എസ്. ധോണി ഐ.പി.എല്‍ വിജയിച്ചത്. 2021ലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവസാനമായി ധോണി കിരീടം ചൂടിച്ചത്.
Content Highlight: Wasim Akram about RCB and MS Dhoni