ന്യൂദൽഹി: ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷ നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും സർക്കാർ അവരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നു എന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആപ്പിളിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഇന്ത്യൻ സർക്കാർ അവരുടെ പ്രസ്താവന പിൻവലിക്കുവാൻ സമ്മർദ്ദം ചെലുത്തിയതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
ഇരുപതിലധികം ആളുകൾക്ക് ആപ്പിൾ നൽകിയ സുരക്ഷ മുന്നറിയിപ്പുകളിൽ മറ്റെന്തെങ്കിലും വിശദീകരണം നൽകുവാൻ നരേന്ദ്ര മോദി സർക്കാരിന്റെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റ് പറഞ്ഞു.
ഈ വർഷം ഒക്ടോബർ 31നാണ് പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ ഉൾപ്പെടെ ‘സ്റ്റേറ്റ് സ്പോൺസേഡ്’ ഹാക്കിങ് ശ്രമം നടക്കുന്നുവെന്ന് ആപ്പിളിന്റെ താക്കീത് ലഭിച്ചത്.
തങ്ങൾക്ക് ലഭിച്ച മുന്നറിയിപ്പിന്റെ സ്ക്രീൻഷോട്ടുകൾ നിരവധി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ തങ്ങൾ ഏതെങ്കിലും പ്രത്യേക സർക്കാരിനെ അല്ല ഉദ്ദേശിച്ചത് എന്നും എന്നാൽ ഇത്തരം നൂതന സാങ്കേതികവിദ്യ സർക്കാർ ഏജൻസികളുടെ കൈവശം മാത്രമേ ഉണ്ടാകു എന്നും ആപ്പിൾ വ്യക്തമാക്കിയിരുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് ശശി തരൂർ, ബി.ആർ.എസ് നേതാക്കളായ കെ.ടി. രാമറാവു, കവിത കെ., കോൺഗ്രസിന്റെ ഡാറ്റ അനലിക്സ് വകുപ്പിന്റെ മേധാവിയായ പ്രവീൺ ചക്രവർത്തി, മുതിർന്ന മാധ്യമപ്രവർത്തകരായ ആനന്ദ് മഗ്നാലെ, സിദ്ധാർത്ഥ് വരദരാജൻ എന്നിവർ ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ ഫോറൻസിക് അന്വേഷണത്തിൽ സിദ്ധാർത്ഥിന്റെയും ആനന്ദിന്റെയും ഫോണുകളിൽ 2023ൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിരുന്നു.
സിദ്ധാർത്ഥ് വരദരാജനും ആനന്ദ് മഗ്നാലയും അദാനി ഗ്രൂപ്പ് ഉൾപ്പെട്ട വിദേശ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചുള്ള തെളിവുകൾ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22ന് ഇരുവരും തങ്ങളുടെ കണ്ടെത്തലുകളിൽ പ്രതികരണം ആവശ്യപ്പെട്ട് കമ്പനിക്ക് കത്തെഴുതിയിരുന്നു.
അദാനി ഗ്രൂപ്പിനോട് മറുപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനകമാണ് ആനന്ദിന്റെ ഫോണിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടതെന്ന് ആംനസ്റ്റി കണ്ടെത്തിയിരുന്നു.
Content Highlight: Washinton post revelation on Indian government pressuring Apple to change statement on hacking warning