ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഹരാരെ സ്‌പോര്‍ട് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് തെരഞ്ഞടുക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ സിംബാബ്‌വേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിലാണ് സിംബാബ്‌വേ പതറിയത്.
ഇന്ത്യന്‍ യുവ സ്പിന്‍ മാന്ത്രികന്‍ രവി ബിഷ്‌ണോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് സിംബാബ്‌വേ തകര്‍ന്നത്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. മുകേഷ് കുമാര്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ ആവേശ് ഖാന്‍ 29 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയത് 2.75 എന്ന കിടിലന്‍ എക്കണോമിയിലാണ്.
ഇതോടെ ടി-20സില്‍ ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20സില്‍ 100 വിക്കറ്റുകള്‍ തികയ്ക്കാനാണ് താരത്തിന് സാധിച്ചത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.
തുടക്കത്തില്‍ ഇന്നസന്റ് കയിയയെ ഗോള്‍ഡന്‍ ഡക്കില്‍ മുകേഷ് കുമാര്‍പുറത്താക്കിയപ്പോള്‍ 22 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റിനെ സ്പിന്നര്‍ രവി ബിഷ്‌ണോയിയും പുറത്താക്കി. സ്‌ട്രൈക്ക് ചെയ്ത വെസ്ലെയ് മധവെരെയുടെവിക്കറ്റും ബിഷ്‌ണോയ് നേടിയതോടെ ടീം സമ്മര്‍ദത്തിലാകുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെയും ബിഷ്‌ണോയി 17 റണ്‍സിന് കൂടാരം കയറ്റി. 23 റണ്‍സ് നേടിയ ഡിയോണ്‍ മൈര്‍സിനെയും പൂജ്യം റണ്‍സിന് റണ്‍ ഔട്ടിലൂടെ ജൊനാഥന്‍ കാമ്പെല്ലിനേയും വാഷിങ്ടണ്‍ പുറത്താക്കുകയായിരുന്നു. സിംബാബ്‌വേയ്ക്ക് വേണ്ടി 29 റണ്‍സ് നേടി ക്ലൈവ് മദാന്‌ഡെയാണ് ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.
സിംബാബ്‌വേ പ്ലെയിങ് ഇലവന്‍
താഡിവനാഷെ മനുമാണി, ഇന്നസെന്റ് കയിയ, ബ്രയന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മയേഴ്സ്, ജോനാഥന്‍ കാംപ്ബെല്‍, ക്ലൈവ് മദാന്‍ദെ, വെല്ലിങ്ടണ്‍ മസകദ്സ, ലൂക് ജോങ്വേ, ബ്ലെസ്സിങ് മുസാബരാനി, ടെന്‍ഡായി ചതേര.
Content Highlight: Washington Sundhar In Record Achievement In T20s