| Friday, 25th November 2022, 6:39 pm

വെറും ഒറ്റ മത്സരം, ബാറ്റിങ്ങില്‍ ഒരുമിച്ച് മറികടന്നത് യുവരാജിനെയും സേവാഗിനെയും റെയ്‌നയെയും; തരംഗമായി വാഷിങ്ടണ്‍ സുന്ദര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം തുടരുകയാണ്. ടി-20 പരമ്പര സ്വന്തമാക്കിയ ആവേശത്തില്‍ ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബ്ലാക് ക്യാപ്‌സ് വിജയം പിടിച്ചടക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടിയിരുന്നു. ഇവരുടെ അര്‍ധ സെഞ്ച്വറിയേക്കാള്‍ ടീം സ്‌കോറിങ്ങിന് ഇംപാക്ട് ഉണ്ടാക്കിയ പ്രകടനം പുറത്തെടുത്തത് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു.

16 പന്തില്‍ നിന്നും പുറത്താകാതെ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 231.25 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് വാഷിങ്ടണ്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു സൂപ്പര്‍ റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. എവേ ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമയര്‍ന്ന ഏകദിന സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോഡാണ് വാഷിങ്ടണ്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെയടക്കം മറികടന്നുകൊണ്ടായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഏകദിന ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (മിനിമം 25 റണ്‍സ്)

വാഷിങ്ടണ്‍ സുന്ദര്‍ vs ന്യൂസിലാന്‍ഡ് – 231.25

വിനയ് കുമാര്‍ vs സിംബാബ്‌വേ (2013) – 225.00

വിരേന്ദര്‍ സേവാഗ് vs ശ്രീലങ്ക (2005) – 218.18

യുവരാജ് സിങ് vs ബംഗ്ലാദേശ് (2004) – 215.62

സുരേഷ് റെയ്‌ന vs ന്യൂസിലാന്‍ഡ് (2009) – 211.11

അതേസമയം, മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി അഞ്ചാമന്‍ ടോം ലാഥവും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാന്‍ഡ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.

104 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെയും അഞ്ച് സിക്സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 145 റണ്‍സാണ് ടോം ലാഥം സ്വന്തമാക്കിയത്. 98 പന്തില്‍ നിന്നും 94 റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.

അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.

ടി-20 പരമ്പരയിലേതെന്ന പോലെ മഴ വില്ലനായാല്‍ ഒരുപക്ഷേ പരമ്പര കിവീസിന് മുമ്പില്‍ അടിയറ വെക്കേണ്ടിയും വന്നേക്കാം.

നവംബര്‍ 27നാണ് പരമ്പരയിലെ അടുത്ത മത്സരം. സെഡന്‍ പാര്‍ക്കാണ് വേദി.

Content Highlight: Washington Sunder surpasses Virender Sehwag, Yuvraj Singh and Suresh Raina

We use cookies to give you the best possible experience. Learn more