ഇന്ത്യന്‍ പുതുതലമുറയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇന്ത്യന്‍ ജേഴ്‌സിയിലും ഐ.പി.എല്ലിലും പലതവണ താരം തന്റെ ക്ലാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്‍ 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന വാഷിങ്ടണ്‍ സുന്ദര്‍ ഇത്തവണയും തന്റെ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തിരുന്നു.
2022 ല്‍ 7 ഇന്നിങ്‌സില്‍ നിന്നുമായി 146.38 സ്‌ട്രൈക്ക് റേറ്റില്‍ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. പന്തെറിഞ്ഞ എട്ട് ഇന്നിങ്‌സില്‍ നിന്നും ആറ് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി തന്റെ പ്രതിഭ പലതവണ വെളിപ്പെടുത്തിയ താരം കൂടിയാണ് സുന്ദര്‍.
ഇപ്പോഴിതാ, താരം പുതിയ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കൗണ്ടി ടീമായ ലങ്കാഷെയറാണ് വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെത്തിച്ചത്.
റോയല്‍ ലണ്ടന്‍ കപ്പിനും മറ്റുചില ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കുമാണ് താരം ലങ്കാഷെയറിനൊപ്പം ചേര്‍ന്നത്.
ഈ സീസണില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ശേഷം കൗണ്ടി കളിക്കുന്ന രണ്ടാമത് മാത്രം താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ശ്രേയസ് അയ്യരും ലങ്കാഷെയറിനായി സൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റതുമൂലം അവസാന നിമിഷം താരം പിന്‍മാറുകയായിരുന്നു.
‘ലങ്കാഷെയറിനൊപ്പം കളിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ കളിക്കുന്നത് പുതിയൊരു എക്‌സ്പീരിയന്‍സായിരിക്കും. ഓള്‍ഡ് ട്രോഫോഡില്‍ കളിക്കുന്നതിനായി കാത്തിരിക്കുന്നു,’ ലങ്കാഷെയറുമായി സൈന്‍ ചെയ്ത ശേഷം വാങിങ്ടണ്‍ സുന്ദര്‍ പറഞ്ഞു.
കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ വണ്‍ പോയിന്റ് പട്ടികയില്‍ 108 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലങ്കാഷെയര്‍. സറേയും ഹാംഷെയറുമാണ് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.