ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തിലെ മൂന്നാമത്തെയും അവസാന മത്സരം ബുധനാഴ്ച ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിനാണ് ലങ്കയോട് പരാജയപ്പെട്ടത്.
ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ലങ്കയ്‌ക്കെതിരെയുള്ള ടി-20 സ്‌ക്വാഡും ഏകദിന സ്‌ക്വാഡും പ്രഖ്യാപിച്ചത്. ഇതോടെ ടീമിലെത്തിയ യുവ ഓള്‍ റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. ഗൗതം ഗംഭീര്‍ വന്നതിന് ശേഷമാണ് തനിക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടായതെന്ന് പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ യുവ താരം.
‘അദ്ദേഹത്തില്‍ നിന്നും എനിക്ക് ഒരുപാട് ഇന്‍പുട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. അത് കൊണ്ട് സ്പിന്‍ ബോളേഴ്‌സിനെ അദ്ദേഹം ഉപയോഗിക്കുന്ന രീതി എനിക്ക് പഠിക്കാന്‍ സാധിച്ചു. എനിക്ക് ഒരുപാട് ഉയരാന്‍ സാധിച്ചത് ഗംഭീര്‍ ഭായ് വന്നതിന് ശേഷമാണ്.
ടീമിന് വേണ്ടി ഞാന്‍ ഏതറ്റം വരെയും കഷ്ടപ്പെടാന്‍ തയാറാണ്. അദ്ദേഹം എനിക്ക് പ്രധാനമായ ഒരുപാട് നിര്‍ദേശങ്ങള്‍ തന്നു, അതില്‍ നിന്നും ഞാന്‍ എന്റെ സ്ഥിരം പാറ്റേണ്‍ മാറ്റി. അത് നന്നായി ഗുണം ചെയ്യ്തു’ വാഷിങ്ടണ്‍ സുന്ദര്‍ പറഞ്ഞു.
ഈ കഴിഞ്ഞ ടി-20 മത്സരങ്ങളില്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ഏകദിനത്തില്‍ മികച്ച ബൗളിങ് പുറത്തെടുത്തപ്പോള്‍ ബാറ്റിങ്ങില്‍ താരം നിറം മങ്ങി. ലങ്കയ്‌ക്കെതിരെയുള്ള അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
Content highlight: Washington Sundar Talking About Gautham Gambhir