കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും വീണ്ടും കരുത്ത് തെളിയിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി സെഞ്ച്വറി നേടിയാണ് ചേതേശ്വര്‍ പൂജാര തരംഗമാവുന്നതെങ്കില്‍ ഇപ്പോള്‍ അണ്‍പ്ലെയബിള്‍ ഓഫ് സ്പിന്നെറിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദര്‍.
കൗണ്ടിയില്‍ ലങ്കാഷെയറിന് വേണ്ടി മികവ് തെളിയിക്കുന്ന വാഷിങ്ടണ്‍ എറിഞ്ഞ ഒരു ഓഫ് സ്പിന്‍ ഡെലിവറിയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ഓഫ് സ്പിന്നിന്റെ ടെക്സ്റ്റ് ബുക്ക് ഡെഫനിഷനായിരുന്നു കെന്റ് താരത്തിനെതിരെയുള്ള സുന്ദറിന്റെ കുത്തിത്തിരിപ്പന്‍ ഡെലിവറി.
ഡിവിഷന്‍ വണ്‍ ചാമ്പ്യന്‍ഷിപ്പിലെ നാലാം ഇന്നിങ്‌സിലായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ മാജിക് ഡെലിവറി പിറന്നത്.
കെന്റ് താരം ജോര്‍ദന്‍ കോക്‌സിനെ മടക്കിയാണ് സുന്ദര്‍ കൈയടി നേടിയത്. ഓഫ് സൈഡില്‍ പിച്ച് ചെയ്ത പന്ത് ബാറ്റിനും ജോര്‍ദന്റെ കാലിനും ഇടയിലൂടെ ഇംഗ്ലീഷ് താരത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമാവുമ്പോള്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ അമ്പരപ്പിലായിരുന്നു താരം.
കേവലം ഒറ്റ റണ്‍ മാത്രം എടുത്ത് നില്‍ക്കവെയായിരുന്നു സുന്ദര്‍ ജോര്‍ദനെ പുറത്താക്കിയത്. ജോര്‍ദന് പുറമെ മറ്റ് രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
എന്നാല്‍, തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ലങ്കാഷയര്‍ നടത്തിയത്. ജോഷ് ബൊഹാന്റെ സെഞ്ച്വറി മികവില്‍ 436ന് ഒമ്പത് എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
311 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ കെന്റിനെ വാഷിങ്ടണ്‍ സുന്ദറും ടോം ബെയ്‌ലിയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. കേവലം 127 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കെന്റ് പുറത്താവുകയായിരുന്നു.
സുന്ദര്‍ 16 ഓവറില്‍ അഞ്ച് മെയ്ഡിനടക്കം വെറും 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. സുന്ദറിനെ കൂടാതെ ടോം ബെയ്‌ലി 46 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും വീഴ്ത്തി.