ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വര്‍ഷമാണ് 2024. ഒരുപാട് നല്ല ഓര്‍മകളും മറക്കാനാഗ്രഹിക്കുന്ന തോല്‍വികളുമായാണ് 2024 കടന്നുപോകുന്നത്.
നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ 12 വര്‍ഷത്തിലാദ്യമായി സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയതിന്റെ നിരാശയും 2024 ഇന്ത്യക്ക് സമ്മാനിച്ചു.
ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേടും 2024 ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. ഈ വര്‍ഷം വെറും ഒരേയൊരു ഏകദിന പരമ്പര മാത്രമാണ് ഇന്ത്യ കളിച്ചത്. ശ്രീലങ്കയിലെത്തി മൂന്ന് മത്സരങ്ങളുടെ പരമ്പര കളിച്ച ഇന്ത്യയ്ക്ക് ഒന്നില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ഉണ്ടായിരുന്നില്ലെങ്കിലും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും റിഷബ് പന്തും ശ്രേയസ് അയ്യരും ശുഭ്മന്‍ ഗില്ലും അടങ്ങിയ തകര്‍പ്പന്‍ നിരയാണ് ലങ്കയോട് പരാജയപ്പെട്ട് മടങ്ങിയത്.
പരമ്പരയിലെ ആദ്യ മത്സരം സമനിലയായപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് വിജയിച്ച് ഹോം ടീം ലീഡ് നേടി. കൊളംബോയില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 110 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.
ആകെ കളിച്ചത് വെറും മൂന്ന് മത്സരങ്ങളായതിനാല്‍ തന്നെ ഏകദിനത്തില്‍ ഈ വര്‍ഷം പറയാനായി ഒരു നേട്ടവുമുണ്ടായിട്ടില്ല. എങ്കിലും ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളെ പരിശോധിക്കാം.
പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് പട്ടികയില്‍ ഒന്നാമന്‍.
റെഗുലര്‍ ബൗളര്‍മാരായ മുഹമ്മദ് സിറാജിനേക്കാളും അര്‍ഷ്ദീപിനെക്കാളും മികച്ച വിക്കറ്റ് നേട്ടമുണ്ടാക്കിയത് പാര്‍ട് ടൈമറായ റിയാന്‍ പരാഗാണ്. സിറാജ് മൂന്ന് ഇന്നിങ്‌സില്‍ നിന്നും മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഒറ്റ ഇന്നിങ്‌സില്‍ നിന്നാണ് പരാഗ് മൂന്ന് വിക്കറ്റ് നേടിയത്.
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
വാഷിങ്ടണ്‍ സുന്ദര്‍ – 3 – 5
അക്‌സര്‍ പട്ടേല്‍ – 3 – 4
കുല്‍ദീപ് യാദവ് – 3 – 4
റിയാന്‍ പരാഗ് – 1 – 3
മുഹമ്മദ് സിറാജ് – 3 – 3
അര്‍ഷ്ദീപ് സിങ് – 2 – 2
ഈ വര്‍ഷം വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചതെങ്കിലും അടുത്ത വര്‍ഷം കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യ കളിക്കും. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇതില്‍ ആദ്യം.
മൂന്ന് മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ട്രെയ്‌ലര്‍ എന്ന നിലയിലായിരിക്കും ഇന്ത്യ ഈ പരമ്പരയെ പരിഗണിക്കുക.
Content highlight: Washington Sundar has taken the most wickets for India in 2024 in ODIs