| Thursday, 16th November 2023, 7:37 pm

അമേരിക്കൻ നിരോധനത്തെ കാറ്റിൽ പറത്തി റഷ്യയിൽ നിന്ന് അമേരിക്കൻ സേനയിലേക്ക് പെട്രോളിയം ഒഴുകുന്നതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വാഷിങ്ടണ്‍ പുറപ്പെടുവിച്ച നിരോധനത്തെ മറികടന്ന് റഷ്യയുടെ ഓയിലിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ഉപയോഗം തുടര്‍ന്ന് പെന്റഗണ്‍. യു.എസിലെ ഒരു സൈനിക വിതരണകാരനിലൂടെയാണ് റഷ്യയുടെ പെട്രോള്‍ ഉത്പന്നങ്ങള്‍ പെന്റഗണില്‍ എത്തുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ അന്വേഷണം വെളിപ്പെടുത്തി.

പെന്റഗണിലെ പ്രധാന ഇന്ധന വിതരണക്കാരായ ഗ്രീസിലെ ഈജിയന്‍ കടലിലെ മോട്ടോര്‍ ഓയില്‍ ഹെല്ലസ് റിഫൈനറി വഴിയാണ് റഷ്യന്‍ ഓയില്‍ യു.എസിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്ന് തുര്‍ക്കിയിലെ എണ്ണ സംഭരണ കേന്ദ്രത്തിലൂടെയാണ് ഇന്ധനം യു.എസിലേക്ക് അയക്കുന്നതെന്ന് കപ്പല്‍ ട്രാക്കിങ് ഡാറ്റ അടിസ്ഥാനപ്പെടുത്തി വിതരണ സ്ഥാപനം അറിയിച്ചു.

റഷ്യന്‍ എണ്ണ ഉത്പന്നങ്ങളുടെ ഉത്ഭവം മറച്ചുവെക്കാന്‍ ഈ പാത സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. പലതവണയായി ഗ്രീസില്‍ എത്തുന്നതിന് മുമ്പ് ഉത്പന്നങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന പാതയാണിതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തുര്‍ക്കിയിലെ ‘മോട്ടോര്‍ ഓയില്‍ ഹെല്ലസ് റിഫൈനറി ഡോര്‍ട്ടിയോള്‍’ ഷിപ്പിങ് ടെര്‍മിനലിലാണ് ഇന്ധനം ശേഖരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

റഷ്യന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കെതിരായി ‘ഇ.യു, ജി 7’ ഉപരോധം ഏര്‍പ്പെടുത്തിയത് മുതല്‍ ഡോര്‍ട്ടിയോളിലേക്കുള്ള റഷ്യന്‍ ഡെലിവറികള്‍ മൊത്തം 2.7 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ കടല്‍ വഴി കയറ്റുമതി ചെയ്ത ഇന്ധനത്തിന്റെ എണ്ണം 69 ശതമാനം ആണെന്നാണ് കപ്പല്‍ ട്രാക്കിങ് രേഖകളും വ്യാപാര ഡാറ്റയും വെളിപ്പെടുത്തുന്നത്.

തുടക്കത്തില്‍ റഷ്യയില്‍ നിന്ന് ഡോര്‍ട്ടിയോള്‍ ടെര്‍മിനലിലേക്ക് അയച്ച അഞ്ച് ചരക്കുകളും റഷ്യന്‍ എണ്ണ കമ്പനിയായ റോസ്നെഫ്റ്റിന്റേതാണെന്നാണ് ഇന്ധന ഔട്‌ലെറ്റുകള്‍ പറയുന്നത്. ചരക്ക് ടാങ്കറുകളില്‍ കയറ്റിയ ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആസ്ഥാനമായുള്ള ഒരു സ്ഥാപനം വാങ്ങിയതായി ട്രേഡിങ് ഡാറ്റ കാണിക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

ഗ്രീസില്‍ എത്തുമ്പോള്‍ ഇന്ധനം റഷ്യയുടേതാണെന്ന് അടയാളപ്പെടുത്തുകയില്ല. തുടര്‍ന്ന് ഇന്ധനം ശുദ്ധീകരിച്ച് യു.എസ് സൈന്യം വാങ്ങുന്ന ഓയിലുമായി മിശ്രിതപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

പെന്റഗണ്‍ വാങ്ങുന്ന ഉത്പന്നങ്ങളിലെ റഷ്യന്‍ ഇന്ധനത്തിന്റെ കൃത്യമായ അളവ് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആ ഉത്പന്നങ്ങള്‍ ഒന്നിലധികം ചേരുവകള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കപെടുന്നുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് രേഖപ്പെടുത്തി. മിശ്രിതങ്ങള്‍ എന്തൊക്കെയാണെന്ന് ട്രാക്ക് ചെയ്യാന്‍ കഴിയില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു.

അതേസമയം ഫെബ്രുവരിയില്‍ റഷ്യന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, യു.കെ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഗ്രീക്ക് റിഫൈനറിയില്‍ നിന്ന് ഒരു ദശലക്ഷത്തിലധികം ബാരല്‍ ജെറ്റ് ഇന്ധനം കയറ്റി അയച്ചിട്ടുണ്ടെന്ന് കപ്പല്‍ ട്രാക്കിങ് റെക്കോര്‍ഡുകള്‍ പറയുന്നു.

Content Highlight: Washington’s ban on Russian petroleum products; The Pentagon overruled the order

Latest Stories

We use cookies to give you the best possible experience. Learn more