| Monday, 27th November 2023, 11:32 am

നെതന്യാഹുവും ഹമാസും തമ്മില്‍ വിചിത്ര സഖ്യം; ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രഈല്‍ മന്ത്രിസഭാ സഹായം നല്‍കി: വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി വിചിത്രമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്നുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സമാധാനം നിലനിര്‍ത്തുന്നതില്‍ തടസം സൃഷ്ടിക്കാനും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയാന്‍ ഹമാസ് ഉപകാരപ്പെടുമെന്ന് നെതന്യാഹു കണക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്.

2022 ഡിസംബറില്‍ അധികാരത്തില്‍ തിരിച്ചെത്തിയ നെതന്യാഹു തന്റെ ഭരണകാലത്തുടനീളം ഹമാസിനെ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ ഗസയിലും മറ്റും ഹമാസിന് പിടിമുറുക്കാന്‍ സഹായിക്കുന്ന നയങ്ങളാണ് നെതന്യാഹു പിന്തുടരുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഗസയില്‍ ഹമാസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തടഞ്ഞുവെന്നും ഇരുവരുടെയും ബന്ധം വിചിത്രമായ സഖ്യമാണെന്നും ഇസ്രഈല്‍ ചരിത്രകാരനായ ആദം റാസ് വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

ഗസയില്‍ പൊതു ശമ്പളം നല്‍കാനും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറില്‍ നിന്ന് പണം കൈമാറ്റം ചെയ്യാന്‍ നെതന്യാഹുവിന്റെ മന്ത്രിസഭാ അംഗീകാരം നല്‍കി. ഹമാസിന് ഉപകാരപ്പെടുന്ന രീതിയില്‍ ഇസ്രഈല്‍ തടവുകാരെ മോചിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി.

ഫലസ്തീനികളെ വിഭജിച്ച് ഗസ ഭരിക്കാനുള്ള അവകാശം ഹമാസിന് നല്‍കുകയെന്നതാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു. ഫലസ്തീനിലെ ഇരു സായുധഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ ദ്വിരാഷ്ട്ര പരിഹാരം അസാധു ആവുകയായിരുന്നെന്നും പത്രം ചൂണ്ടിക്കാട്ടി.

അതേസമയം ഇറാനുമായുള്ള ഇസ്രഈലിന്റെ നിലപാടുകളിലും സാമ്പത്തിക വികസനത്തിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് നെതന്യാഹുവിന്റെ ജീവചരിത്രകാരന്‍ അന്‍ഷെല്‍ ഫേഫറിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു.

എന്നാല്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോട്ടിനെ മുന്‍നിര്‍ത്തി ചരിത്രത്തിലെ ഏതൊരു പ്രധാനമന്ത്രിയെക്കാളും ശക്തമായി നെതന്യാഹു ഹമാസിനെ പ്രതിരോധിച്ചുവെന്ന് ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2012, 2014, 2021വര്‍ഷങ്ങളില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ സൈന്യം ഗസയില്‍ മൂന്ന് തവണ വലിയ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Washington report that there is a strange alliance between Netanyahu and Hamas

We use cookies to give you the best possible experience. Learn more