തിരുവനന്തപുരം: സേവനരംഗത്ത് ഡി.വൈ.എഫ്.ഐയുടെ പുത്തന്‍ മാതൃകയായ ” വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ സ്‌നേഹപൂര്‍വം” പദ്ധതിയെക്കുറിച്ചറിയാന്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നുള്ള വാര്‍ത്താസംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയെക്കുറിച്ചറിയാനാണ് വാഷിംഗടണ്‍ പോസ്റ്റിന്റെ പ്രതിനിധി ഗ്രഗ് ജഫിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഡി.വൈ.എഫ്.ഐയുടെ രക്തദാനക്യാമ്പും തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശിച്ചു. രക്തദാനത്തിനായുള്ള ഡി.വൈ.എഫ്.ഐയുടെ “മാനുഷം”ആപ്ലിക്കേഷനെക്കുറിച്ച് ചോദിച്ചറിഞ്ഞ ജഫ് അമേരിക്കയില്‍ പോലും ഇത്തരമാരു ആപ്പിനെക്കുറിച്ചറിയില്ലെന്ന് അഭിപ്രായപ്പെട്ടു. യുദ്ധസമയത്ത് അഭയാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ കഴിയുന്നതിനേക്കാള്‍ ഭക്ഷണപൊതികളാണ് ഇവിടെ കൊടുക്കുന്നതെന്നും ഗ്രെഗ് ജഫ് കൂട്ടിച്ചേര്‍ത്തു.
പുതുവര്‍ഷദിനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ ആരംഭിച്ച ഭക്ഷണവിതരണം ഇതിനോടകം മറ്റു ജില്ലാ കമ്മറ്റികളും ഏറ്റെടുത്തിട്ടുണ്ട്. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീട്ടില്‍ നിന്നുണ്ടാക്കിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കി വാഴയിലയില്‍ പൊതിഞ്ഞാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.
എട്ടുമാസമായി ഒരു ദിവസം പോലും മുടങ്ങാതെ ഭക്ഷണ വിതരണം നടക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ പറയുന്നു. ഓരോ മേഖലകമ്മറ്റികള്‍ക്കാണ് ഓരോ ദിവസത്തെ ചുമതല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനാണ് വാഷിംഗ്ടണ്‍ പോസ്റ്റിലെ പ്രതിനിധി സംഘം കേരളത്തിലെത്തിയത്.