Advertisement
World News
ഷിറീന്‍ അബു അഖ്‌ലേയെ കൊന്നത് ഇസ്രഈലി പട്ടാളക്കാരന്‍ തന്നെ; വാഷിങ്ടണ്‍ പോസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 13, 04:29 pm
Monday, 13th June 2022, 9:59 pm

കൊല്ലപ്പെട്ട അല്‍ജസീറ മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇസ്രഈലി പട്ടാളക്കാരന്റെ വെടിയേറ്റ് തന്നെയാണ് ഷിറീന്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഷിങ്ടണ്‍ പോസ്റ്റ് നടത്തിയ വിശദമായ അനാലിസിസിന്റെയും വിഷ്വല്‍ അന്വേഷണത്തിന്റെയും റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് പുറത്തുവിട്ടത്.

അഞ്ച് ഡസനിലധികം വീഡിയോകള്‍, സംഭവത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഷിറീന്‍ കൊല്ലപ്പെട്ട സ്ഥലത്തിന്റെ രണ്ട് ഫിസിക്കല്‍ ഇന്‍സ്‌പെക്ഷനും നടത്തിയിരുന്നു.

ഇതിന് പുറമെ ഗണ്‍ഷോട്ടിന്റെ സ്വതന്ത്ര അക്കൗസ്റ്റിക് അനാലിസിസും വാഷിങ്ടണ്‍ പോസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയിരുന്നു.

അബു അഖ്‌ലേ കൊല്ലപ്പെടുന്നതിന് മുമ്പായി വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഫലസ്തീനികളും ഇസ്രഈല്‍ സൈന്യവും പരസ്പരം വെടിയുതിര്‍ത്തിരുന്നു എന്ന ഇസ്രഈല്‍ വാദത്തെ നിഷേധിക്കുന്ന തരത്തിലുള്ള വീഡിയോ ഫൂട്ടേജുകളായിരുന്നു പുറത്തുവന്നത്.

മേയ് 11നായിരുന്നു ഷിറീന്‍ അബു അഖ്‌ലേ കൊല്ലപ്പെട്ടത്.

വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ നടന്ന ഇസ്രഈലിന്റെ സൈനിക നടപടിക്കിടെയായിരുന്നു ഫലസ്തീനിയന്‍ ലേഖകയായ ഷിറീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ജെനിനില്‍ നടന്ന ഇസ്രഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ സൈന്യം ഷിറീനെ വെടി വെക്കുകയായിരുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു.

Content Highlight: Washington Post’s new investigation finds Israeli soldier likely fired and killed Al Jazeera journalist Shireen Abu Akleh