| Tuesday, 22nd February 2022, 10:29 am

യു.എ.ഇയില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല: വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇയിലേക്ക് കുടിയേറിയ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കുടിയേറ്റക്കാരായ കുഞ്ഞുങ്ങള്‍ക്ക് യു.എ.ഇയില്‍ സ്‌കൂള്‍ വിദ്യാഭ്യാസമോ ആരോഗ്യസുരക്ഷയോ ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിയമപരമായി വിവാഹിതരായിട്ടില്ലാത്ത പാര്‍ട്ണര്‍മാര്‍ക്കുണ്ടാവുന്ന കുട്ടികളില്‍ അധികം പേര്‍ക്കും ജനനസര്‍ട്ടിഫിക്കറ്റ് പോലുമില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

കുടുംബങ്ങള്‍ക്ക് ആശുപത്രി ബില്‍ അടക്കാന്‍ പറ്റാത്ത സാഹചര്യമായതിനാലും ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നാണ് ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

യു.എ.ഇയില്‍ സ്വദേശികളെക്കാളധികം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരുമാണ്.

വിവാഹപൂര്‍വ ലൈംഗിക ബന്ധം ഈയിടെ യു.എ.ഇയില്‍ നിയമവിധേയമാക്കിയിട്ടുണ്ടങ്കിലും, റിപ്പോര്‍ട്ട് പ്രകാരം സിംഗിള്‍ മദേഴ്‌സിന് (Single Mother) ജനിക്കുന്ന കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇപ്പോഴും രാജ്യത്ത് ബുദ്ധിമുട്ടുണ്ട്.

അതേസമയം യു.എ.ഇ പൗരന്മാര്‍ക്കും ഉന്നതസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് മികച്ച സ്വകാര്യ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ആരോഗ്യപരിരക്ഷയും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് പ്രതിശീര്‍ഷ വരുമാനം ഏറ്റവും കൂടുതലുള്ള അതിസമ്പന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പ്രധാനമായും യു.എ.ഇയിലുള്ളത്.

അതേസമയം തൊഴിലാളി സൗഹൃദമായ തൊഴിലിടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇ ഭരണകൂടം പുതിയ തൊഴില്‍ നിയമം പുറത്തിറക്കിയിരുന്നു.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പുതിയ അവധി പോളിസികള്‍ കൊണ്ടുവരികയും ചെയ്യുന്ന നിയമം 2022 ഫെബ്രുവരി രണ്ടിന് പ്രാബല്യത്തില്‍ വന്നിരുന്നു.

യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹയന്‍ ആയിരുന്നു ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

വേതനത്തോട് കൂടിയ അവധി, തൊഴില്‍ സമയത്തിലെ മാറ്റം, മൂന്ന് വര്‍ഷ കരാറുകള്‍, സ്വകാര്യ മേഖലയില്‍ 60 ദിവസം പ്രസവാവധി, തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന വകുപ്പുകള്‍, ഓവര്‍ടൈം വേതനം എന്നിവയായിരുന്നു പുതിയ നിയമത്തിലെ ചില തൊഴിലാളി സൃഹൃദ വ്യവസ്ഥകള്‍.

എന്നാല്‍ തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ചും വേതനത്തിലെ അനീതിയെക്കുറിച്ചും ഇപ്പോഴും നിരന്തരം പരാതികളുയരുന്നതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Content Highlight: Washington Post report says thousands of children in UAE have no access to schooling

We use cookies to give you the best possible experience. Learn more