വാഷിങ്ടണ്‍: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി നാന്‍സി പെലോസിയുടെ തായ്‌വാന്‍ (ദ റിപബ്ലിക് ഓഫ് ചൈന) സന്ദര്‍ശനമുണ്ടാക്കിയ ‘കോലാഹലങ്ങള്‍’ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പെലോസി തായ്‌വാന്‍ വിട്ട ശേഷവും ചൈന തായ്‌വാന് ചുറ്റും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഇതിനിടെ, നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം തടയാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ മാസം നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു പെലോസിയുടെ സന്ദര്‍ശനം തടയണമെന്ന ആവശ്യം ഷി മുന്നോട്ടുവെച്ചത്.
വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് യു.എസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റാണ് ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ ഷിയുടെ ആശങ്ക യു.എസ് പ്രസിഡന്റ് തള്ളിക്കളഞ്ഞെന്നും പെലോസിയുടെ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ ചൈന സ്വീകരിച്ചേക്കാവുന്ന ‘പ്രകോപനപരമായ’ നടപടികള്‍ക്കെതിരെ ചൈനീസ് പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യു.എസ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വേര്‍പെട്ടുകൊണ്ടുള്ള ഒരു സ്വതന്ത്ര ശാഖയായതിനാല്‍ സ്പീക്കര്‍ പെലോസിയുടെ സന്ദര്‍ശനത്തില്‍ തനിക്ക് അതില്‍ ഇടപെടാനാകില്ലെന്നും വിദേശ യാത്രകളെക്കുറിച്ച് പെലോസി സ്വന്തമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും യു.എസ് പ്രസിഡന്റ് ഷി ചിന്‍പിങിനോട് പറഞ്ഞതായും വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കി.
‘യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കാലങ്ങളായി തായ്‌വാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്, അത് തുടരും. സ്പീക്കര്‍ പെലോസിക്ക് തായ്‌വാനിലേക്ക് പോകാനുള്ള എല്ലാ അവകാശവും ഉണ്ടായിരുന്നു.
അവരുടെ സന്ദര്‍ശനം ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ‘വണ്‍ ചൈന പോളിസി’യുമായി പൊരുത്തപ്പെടുന്നു,’ യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ പ്രതികരിച്ചു.
ഓഗസ്റ്റ് ആദ്യവാരമായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഇത്. സന്ദര്‍ശനം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
സന്ദര്‍ശനത്തിന് പിന്നാലെ ചൈന നാന്‍സി പെലോസിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight: Washington post Report says Chinese president Xi Jinping Asked Joe Biden To Prevent Nancy Pelosi’s Taiwan Visit