| Thursday, 9th November 2023, 10:52 pm

ഫലസ്തീനികൾക്കെതിരെയുള്ള റേസിസ്റ്റ് കാർട്ടൂൺ; വാഷിങ്ടൺ പോസ്റ്റിനെതിരെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: വാഷിങ്ടൺ പോസ്റ്റിന്റെ കാർട്ടൂൺ അറബികളെയും ഫലസ്തീനികളെയും റേസിസ്റ്റ് രീതിയിൽ ചിത്രീകരിച്ചെന്ന് ആരോപണം.

നവംബർ ആറിന് മനുഷ്യ കവചങ്ങൾ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ ഹമാസ് എന്ന് എഴുതിയ, ഇരുണ്ട, വരകളുള്ള വേഷം ധരിച്ച വ്യക്തിയെയാണ് അവതരിപ്പിക്കുന്നത്.

വളഞ്ഞ പുരികങ്ങളും പരിഹാസ്യമായ രീതിയിൽ നീണ്ട മൂക്കുമുള്ള ഇയാളുടെ ദേഹത്ത് നാല് കുട്ടികളെ കെട്ടിവെച്ചിട്ടുണ്ട്. ഫലസ്തീനി സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു സ്ത്രീ ഇയാളുടെ പിന്നിൽ നിൽക്കുന്നു.

ഒരു വിരൽ ഉയർത്തി നിൽക്കുന്ന ഇയാൾ ‘എത്ര ധൈര്യമുണ്ടായിട്ടാണ് ഇസ്രഈൽ സിവിലിയന്മാരെ ആക്രമിക്കുന്നത്’ എന്ന് ചിന്തിക്കുന്നതായാണ് കാർട്ടൂൺ അവതരിപ്പിക്കുന്നത്.

ഇസ്രഈലും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്ന പോലെ ഹമാസ് മനുഷ്യരെ കവചങ്ങളാക്കുകയാണ് എന്നാണ് കാർട്ടൂൺ ഉദ്ദേശിക്കുന്നത്.

4000ത്തിലധികം കുട്ടികൾ ഉൾപ്പെടെ 10,000ത്തിലധികം ഫലസ്തീനികൾ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

പ്രസിദ്ധീകരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും വാഷിങ്ടൺ പോസ്റ്റിന്റെ വെബ്സൈറ്റിലും വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഫലസ്തീനികൾക്കെതിരെയുള്ള മനുഷ്യത്വരഹിതവും വർഗീയവുമായ കാർട്ടൂൺ എന്ന വിമർശനം വന്നതിന് പിന്നാലെ കാർട്ടൂൺ പിൻവലിച്ചിരുന്നു.

ജൂതന്മാരെ നിഷേധാത്മകമായി ചിത്രീകരിക്കുന്ന ആന്റി സെമിറ്റിക് കാർട്ടൂണുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇതെന്നും ചിലർ ആരോപിച്ചു.

രണ്ട് തവണ പുലിറ്റ്സർ പുരസ്‌കാരം നേടിയ മിഖായേൽ റാമിറസിന്റെതാണ് കാർട്ടൂൺ. മുമ്പും ഇയാൾ ഫലസ്തീനെ കടന്നാക്രമിച്ചിട്ടുണ്ട് എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു കാർട്ടൂണിൽ ബ്ലാക്ക് ലിവ്സ് മാറ്റർ എന്ന മുദ്രാവാക്യത്തിൽ തിരുത്തൽ വരുത്തി ടെററിസ്റ്റ് ലിവ്സ് മാറ്റർ എന്ന് എഴുതിയിരുന്നു. യു.എസിലെ കറുത്ത വർഗക്കാർ ഫലസ്തീനികൾക്ക് നൽകുന്ന പിന്തുണ ഹമാസിന്റെ പക്ഷം ചേർന്നുള്ളതാണ് എന്നായിരുന്നു മിഖായേൽ ഇതിലൂടെ ഉദ്ദേശിച്ചത്.

Content Highlight: Washington Post cartoon slammed as ‘racist, vile’, ignites controversy

We use cookies to give you the best possible experience. Learn more