ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരുടെ തിരക്ക് കാരണം ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായുള്ള ഷെല്‍റ്ററുകളടക്കം നിറഞ്ഞതോടെയാണ് മേയറുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഇത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ന്യൂയോര്‍ക്ക് മേയര്‍ സഹായം തേടിയിട്ടുണ്ട്.
രാഷ്ട്രീയ താല്‍പര്യം മൂലം റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് അയക്കുകയാണെന്നാണ് മേയര്‍ ആഡംസ് ആരോപിക്കുന്നത്. ന്യൂയോര്‍ക്കിന്റെ മൂല്യങ്ങളും ഷെല്‍ട്ടറിനായുള്ള നിയമങ്ങളും മുതലെടുക്കാനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നഗരത്തിലെ ഷെല്‍ട്ടറുകളില്‍ ആളുകളെ താമസിപ്പിക്കാന്‍ ഇടമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുപതിനായിരം കുട്ടികള്‍ അടക്കം 61,000 കുടിയേറ്റക്കാരാണ് നിലവില്‍ ന്യൂയോര്‍ക്ക് നഗരത്തിലുള്ളത്.
നഗരത്തിലെ 42 ഹോട്ടലുകളെയാണ് നിലവില്‍ ഷെല്‍ട്ടറുകളാക്കി മാറ്റിയിരിക്കുന്നത്. നിരവധി കുടിയേറ്റക്കാരാണ് ന്യൂയോര്‍ക്കിലേക്കെത്തുന്നത്. നഗരത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതലാണ് കുടിയേറ്റക്കാരുടെ എണ്ണം.
കുടിയേറ്റക്കാര്‍ക്കായി ഒരു ബില്യണ്‍ ഡോളറിന്റെ പാര്‍പ്പിട അടിസ്ഥാന വികസന പദ്ധതി നടപ്പിലാക്കുമെന്നും, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മേയര്‍ എറിക് ആഡംസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൊണ്ടുള്ള ആഡംസിന്റെ നടപടി രാഷ്ട്രീയ നാടകമാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരുന്ന നവംബറിലാണ് യു.എസ് മിഡ് ടേം തെരഞ്ഞടുപ്പ് നടക്കുന്നത്.
വെനസ്വല, ക്യൂബ, നിക്കാരഗ്വ അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു.എസ് മെക്‌സിക്കോ അതിര്‍ത്തി വഴി ആളുകള്‍ നഗരത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ന്യൂയോര്‍ക്കിലെ പൊതുവിദ്യാലയങ്ങളില്‍ അടുത്തിടെയാണ് 5,500 കുടിയേറ്റ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്.
അതേസമയം ആഡംസിന്റെ പരാമര്‍ശം കാപട്യമാണെന്നാണ് ടെക്‌സസ് ഗവര്‍ണര്‍ കാണുന്നത്. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയിലെ നയം കടുപ്പിക്കണമെന്ന് ബൈഡനോട് ആവശ്യപ്പെടാന്‍ ടെക്‌സാസ് ഗവര്‍ണര്‍ പറയുന്നു. ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ ന്യൂയോര്‍ക്കിനുള്ള സാമ്പത്തിക സഹായം കൂട്ടണമെന്നും ആഡംസ് ആവശ്യപ്പെട്ടു.
Content Highlight: Washington mayor declares public emergency over influx of migrants