| Friday, 1st July 2016, 12:10 pm

മുസ്‌ലിംങ്ങള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് സൗകര്യമൊരുക്കി വാഷിങ്ടണിലെ ക്രൈസ്തവ ദേവാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍:  അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കി വാഷിങ്ടണിലെ ക്രൈസ്തവ ദേവാലയം. വാഷിങ്ടണിലെ ചര്‍ച്ച് ഓഫ് എപിഫനിയിലാണ് കഴിഞ്ഞ എട്ടുവര്‍ഷമായി മുസ്‌ലിംങ്ങള്‍ക്ക്  ജുമുഅ (വെള്ളിയാഴ്ചയിലെ നമസ്‌കാരം) നമസ്‌കാരത്തിന് സൗകര്യമൊരുക്കുന്നത്.

പരസ്പരം മനസിലാക്കുന്നിടത്താണ് ഇത്തരം ശ്രമങ്ങള്‍ ആരംഭിക്കുന്നതെന്ന് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാം ഫാറൂഖ് സഈദ് പറഞ്ഞു. തുടക്കത്തില്‍ 50 ആളുകളുമായി തുടങ്ങിയ ജുമുഅ നമസ്‌കാരത്തിന് ഇപ്പോള്‍ 300 ആളുകളുണ്ടെന്നും സഈദ് പറഞ്ഞു.

സമാധാനം കൊണ്ടുവരികയെന്ന ദൗത്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ദേവാലയത്തിലെ പുരോഹിതന്‍ എലിസബത്ത് ഗാര്‍ഡനര്‍ പറയുന്നു. പരസ്പരം സ്‌നേഹിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുകയെന്നും ഗാര്‍ഡനര്‍ പറഞ്ഞു. ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ മുസ്‌ലിംങ്ങള്‍ വരുമെന്ന് അവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ലെന്ന് സഈദ് പറഞ്ഞു.

വിശപ്പ് മാറ്റുന്നത് മാത്രമല്ല ആത്മാവിനെയും ഭക്ഷിപ്പിക്കുന്നതാണ് ദേവാലയം അധികൃതരുടെ പ്രവര്‍ത്തികളെന്ന് അനാഥനും വിശ്വാസിയുമായ സഈദ് ബോണ്ട് പറയുന്നു. 50കാരനായ സഈദ് തന്റെ ഇരുപതാം വയസിലാണ് ഇസ്‌ലാമിലേക്ക് മതം മാറിയതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പള്ളിയെ കുറിച്ചറിഞ്ഞത്.

നമസ്‌കരിക്കുമ്പോള്‍ പള്ളിയിലെ മണിയടി ശബ്ദം കേള്‍ക്കാറുണ്ട്. ഇത്തരമൊരനുഭവം വളരെ സുഖം നല്‍കുന്നതാണ്. എല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും സഈദ് പറയുന്നു.

We use cookies to give you the best possible experience. Learn more