വാഷിങ്ടണ്‍: യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ എയര്‍ലൈന്‍സ് ജെറ്റില്‍ നിന്നുള്ള ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച ബോംബാര്‍ഡിയര്‍ സി.ആര്‍.ജെ700 ജെറ്റില്‍ നിന്നാണ് ഫ്‌ലൈറ്റ് ഡാറ്റയും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡുകളടക്കമുള്ള ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വോയ്‌സ് റെക്കോര്‍ഡുകളും ഫ്‌ലൈറ്റ് ഡാറ്റയും വീണ്ടെടുത്തതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.
റെക്കോര്‍ഡുകളും ഡാറ്റയുമെല്ലാം പരിശോധിക്കുന്നതിനായി എന്‍.ടി.എസ്.ബി ലാബിലാണെന്നും യു.എസ് വാണിജ്യവിമാനം ഉള്‍പ്പെട്ട ഒരു അപടകത്തിന്റെ കാരണങ്ങളറിയുന്നതിനായുള്ള ഒരു തെളിവും ഉപയോഗിക്കാതിരിക്കില്ലെന്നും ഏജന്‍സി ചെയര്‍മാന്‍ ജെന്നിഫര്‍ ഹോമെര്‍ഡി പറഞ്ഞു.
വസ്തുതകള്‍ക്കടിസ്ഥാനമായി ഈ അപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം തന്നെ നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെ ഇന്‍ക്ലൂഷന്‍ പോളിസികളടക്കം ദുരന്തത്തിന് കാരണമായിരിക്കാമെന്ന് യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. മുന്‍ സര്‍ക്കാരിന്റെ ഡൈവേര്‍സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിമാനാപകടത്തില്‍ 67 പേര്‍ മരണപ്പെട്ടതായി ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങള്‍ പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിനകം 40 മൃതദേഹങ്ങളാണ് കരക്കെത്തിച്ചത്.
ജനുവരി 29ന് യു.എസ് സമയം രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 60 വിമാനയാത്രക്കാര്‍, നാല് ക്രൂ അംഗങ്ങള്‍, മൂന്ന് സൈനികര്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.
65 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് കാന്‍സാസില്‍ നിന്ന് വാഷിങ്ടണിലേക്ക് വരുമ്പോള്‍ അപകടത്തല്‍പ്പെട്ടത്. അപകടം ഉണ്ടായ ഉടന്‍ തന്നെ അധികൃതര്‍ എയര്‍പോര്‍ട്ട് അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു. നിലവില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനസജ്ജമാണ്.
Content Highlight: Washington Air Disaster; The plane’s black boxes were found