മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തന്റെ ഡോമിനന്‍സ് വ്യക്തമാക്കിയ ഇന്ത്യന്‍ ലെജന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്.
പത്ത് ഐ.സി.സി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന ഏക താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡ് (2010s), ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡ് (2010s), ഐസി.സി മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (2017, 2018), ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (2018), ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (2012, 2017, 2018, 2023), ഐ.സി.സി സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് (2019) തുടങ്ങിയ ഐ.സി.സി പുരസ്‌കാരങ്ങളാണ് വിരാട് സ്വന്തമാക്കിയത്.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിട്ടും വിരാടിന്റെ കഴിവിനെയോ പ്രതിഭയെയോ അംഗീകരിക്കാത്ത ചിലരും ഉണ്ട് എന്നതും വാസ്തവമാണ്.
പണ്ടുകാലത്തുള്ള തീയുണ്ട ബൗളര്‍മാരെ വിരാട് നേരിട്ടിരുന്നെങ്കില്‍ ഇക്കാണുന്ന റണ്‍സോ നേട്ടങ്ങളോ വിരാടിന് ഒരിക്കല്‍പ്പോലും സ്വന്തമാക്കാന്‍ സാധിക്കില്ല എന്നാണ് ഇവര്‍ വാദിക്കുന്നത്.
എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി നല്‍കുകയാണ് ക്രിക്കറ്റ് ഇതിഹാസവും ലോകം കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ പ്രധാനിയുമായ വസീം അക്രം. വിരാട് ഏത് കാലത്ത് കളിച്ചിരുന്നെങ്കിലും അദ്ദേഹം മികച്ചവനായി മാറുമെന്നാണ് വസീം അക്രം അഭിപ്രായപ്പെട്ടത്. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വസീം അക്രം ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങളുടെ കാലഘട്ടത്തിലോ അതല്ല 1970കളിലോ ആണ് കളിച്ചിരുന്നതെങ്കില്‍ക്കൂടിയും വിരാട് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി മാറിയേനെ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു മികച്ച താരമാകാനുള്ള അഭിനിവേശം വിരാടിലുണ്ട്. അത് അദ്ദേഹത്തെ ഏത് സമയത്തും മികച്ച ബാറ്ററായി മാറ്റും.
മാല്‍കം മാര്‍ഷല്‍, മൈക്കല്‍ ഹോള്‍ഡിങ്, കര്‍ട്‌ലി ആംബ്രോസ്, വസീം അക്രം, ഗ്ലെന്‍ മഗ്രാത് തുടങ്ങിയ ബൗളര്‍മാര്‍ക്കെതിരെ വിരാട് കളിച്ചിട്ടില്ല എന്നും നിലവില്‍ അത്തരത്തിലുള്ള ബൗളര്‍മാര്‍ ഇല്ലാത്തതിനാല്‍ വിരാട് വിജയിച്ചുവെന്നും പറയുന്ന വിദഗ്ധര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങി നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ കളിച്ച് റണ്‍സ് നേടിയിട്ടുണ്ട് എന്ന കാര്യം മറക്കരുത്. ഒരിക്കലും അദ്ദേഹത്തിന്റെ കഴിവിനെ സംശയിക്കാന്‍ സാധിക്കില്ല,’ വസീം അക്രം പറഞ്ഞു.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് വിരാട്. നിലവില്‍ കളി തുടരുന്നവരില്‍ ഒന്നാമനും. അന്താരാഷ്ട്ര തലത്തില്‍ 80 സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് തന്നെയാണ് ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരവും. 139അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേരിലുണ്ട്.
2008 മുതല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച വിരാട് 583 ഇന്നിങ്‌സില്‍ നിന്നും 53.79ശരാശരിയില്‍ 26,738 റണ്‍സാണ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ 26,000 റണ്‍സ് മാര്‍ക് പിന്നിട്ട നാലാമത് മാത്രം താരമാണ് വിരാട്. ഏറ്റവുമധികം റണ്‍സ് നേടിയ ആദ്യ 93 താരങ്ങളില്‍ 50+ ശരാശരിയുള്ള ഏക താരവും വിരാട് തന്നെ.
Content highlight: Waseem Akram praises Virat Kohli