രാഷ്ട്രപതിയോട് രാഹുല്‍ അനാദരവ് കാട്ടിയിട്ടില്ല; ഫോണില്‍ നോക്കിയത് ചില ഹിന്ദിവാക്കുകളുടെ അര്‍ത്ഥം; ആനന്ദ് ശര്‍മ്മ
ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ രാഹുല്‍ ഫോണില്‍ വിഷമകരമായ ഹിന്ദി വാക്കുകള്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ.
‘ആവശ്യമുള്ളതെല്ലാം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്ത ചില കഠിനമായ ഹിന്ദിവാക്കുകള്‍ അദ്ദേഹം തിരയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അനാദരവൊന്നും ഉണ്ടായിട്ടില്ല. അത്തരമൊരു അഭിപ്രായം ഉയരുന്നത് അടിസ്ഥാനരഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഫൂട്ടേജ് കിട്ടുകയാണെങ്കില്‍ ബി.ജെ.പി എം.പിമാരില്‍ പകുതിയും പരസ്പരം സംസാരിക്കുന്നത് കാണാം.’ആനന്ദ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
കോവിന്ദിന്റെ ഒരു മണിക്കൂര്‍ പ്രസംഗത്തിന്റെ 24 മിനിറ്റോളം രാഹുല്‍ ഗാന്ധി ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയും യു.പി.എ ചെയര്‍പേഴ്‌സനുമായ സോണിയ ഗാന്ധി പ്രസംഗം ശ്രദ്ധിക്കുകയും ബെഞ്ചിന്‍ അടിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ പ്രധാന നേട്ടങ്ങള്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ നോക്കുകയും ഇരുപത് മിനിറ്റോളം സോണിയാഗാന്ധിയോട് സംസാരിക്കുകയുമായിരുന്നു എന്നാണ് വിമര്‍ശനം.