ഉഭയസമ്മതപ്രകാരമുള്ള ഒരു ബന്ധം ഫ്രാങ്കോയ്ക്കും സിസ്റ്റര്‍ എക്‌സിനുമിടയില്‍ ഉണ്ടായിരുന്നുവോ? കോടതിക്കെതിരെ വിമര്‍ശനവുമായി എസ്. സുദീപ്
Kerala News
ഉഭയസമ്മതപ്രകാരമുള്ള ഒരു ബന്ധം ഫ്രാങ്കോയ്ക്കും സിസ്റ്റര്‍ എക്‌സിനുമിടയില്‍ ഉണ്ടായിരുന്നുവോ? കോടതിക്കെതിരെ വിമര്‍ശനവുമായി എസ്. സുദീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 5:05 pm

കോഴിക്കോട്: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഡ്ജ് എസ്. സുദീപ്. ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മില്‍ ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്ന കോടതിയുടെ നീരീക്ഷണത്തേയും സുദീപ് വിമര്‍ശിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസിലെ പതിനാറാം സാക്ഷിയായ ജയ ഫ്രാന്‍സിസ് കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതി കള്ളമാണെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നെങ്കിലും ഈ വാദത്തെ കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും സുദീപ് പറഞ്ഞു.

കന്യാസ്ത്രീയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് ജയ കള്ളക്കേസ് കൊടുത്തതെന്ന് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയ കോടതിയില്‍ കള്ളം പറഞ്ഞതാണെന്ന് തെളിയിക്കാന്‍ ഫ്രാങ്കോയ്ക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കന്യാസ്ത്രീക്ക് മാത്രം അറിയാവുന്ന ഫ്രാങ്കോയുടെ രാത്രി ഫോണ്‍ വിളികളെ കുറിച്ച് അറിയുന്നതിന് കോടതി ജയയുടെ പരാതിയെ വീണ്ടും വിശദമായി പരിശോധിച്ചുവെന്നും ജയയുടെ പരാതിയില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് കോടതി കണ്ടെത്തിയതായും സുദീപ് പറഞ്ഞു.

കേസിലെ എട്ടാം പ്രതി ലിയോണക്കെതിരെ ജയ പരാതി നല്‍കിയിട്ടില്ലെന്നും എന്നാലും ഫ്രാങ്കോയ്‌ക്കെതിരെ ലിയോണ കോടതിയില്‍ മൊഴി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലിയോണ ഫ്രാങ്കോയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ കോടതി വിചാരണ വേളയില്‍ പരിഗണിച്ചില്ലെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.

ജയയുടെ പരാതിയില്‍, കന്യാസ്ത്രീയുടെ വയറില്‍ മുറിവുണ്ടെന്ന് പറയുന്നുണ്ടെന്ന് ജയയുടെ ഭര്‍ത്താവ് പറഞ്ഞതായും കൂടിച്ചേര്‍ന്ന മുലകളും കന്യാസ്ത്രീക്കുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നതായും പോസ്റ്റില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം പരിശോധിച്ച് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതുപോലും കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

എസ്. സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉഭയസമ്മതപ്രകാരമുള്ള ഒരു ബന്ധം ഫ്രാങ്കോയ്ക്കും സിസ്റ്റര്‍ എക്‌സിനുമിടയില്‍ ഉണ്ടായിരുന്നുവോ?
അങ്ങനെയൊരു കേസ് ഫ്രാങ്കോയ്ക്ക് കേസിന്റെ ഒരു ഘട്ടത്തിലുമുണ്ടായിട്ടേയില്ല എന്നോര്‍ക്കുക.
പ്രതിക്കില്ലാത്ത ഒരു ഡിഫന്‍സ് ഒരു കാരണവശാലും കോടതിക്ക് ഉണ്ടാകാനും പാടില്ല.

പക്ഷേ നിര്‍ഭാഗ്യവശാല്‍, പ്രതിയുടെ ഭാഗ്യവശാലും, ഉഭയസമ്മതപ്രകാരമുള്ള ഒരു ബന്ധമായിരുന്ന എന്ന ശക്തവും നിരന്തരവുമായ, സ്വയം സൃഷ്ടം മാത്രമായൊരു തോന്നല്‍ കോടതിയെ നിരന്തരം ഭരിച്ചിരുന്നതായി വിധിയുടെ വായന മനസിലാക്കിത്തരുന്നുണ്ട്.
പതിനാറാം സാക്ഷി ജയാ ഫ്രാന്‍സിസ്, കേസിലെ പരാതിക്കാരിയും ഒന്നാം സാക്ഷിയുമായ സിസ്റ്റര്‍ എക്‌സിനെതിരെ സഭയില്‍ ഒരു പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ സിസ്റ്റര്‍ എക്‌സിനെതിരെ അന്വേഷണം ആരംഭിച്ചപ്പോഴാണ്, സിസ്റ്റര്‍ എക്‌സും അവര്‍ക്കൊപ്പമുള്ള ഇതര സന്യസ്തരും പ്രതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതെന്നതാണ് ഫ്രാങ്കോയുടെ കൃത്യമായ ഡിഫന്‍സ്.
ജയ ദല്‍ഹിയിലെ സ്‌കൂള്‍ ടീച്ചറാണ്. ഭര്‍ത്താവ് ആനന്ദ് സുപ്രീം കോടതി അഭിഭാഷകനും. സിസ്റ്റര്‍ എക്‌സിന്റെ ബന്ധുവാണ് ജയ.

ആനന്ദ് മോശമായ സന്ദേശങ്ങള്‍ എക്സിന്റെ ഫോണിലേയ്ക്കയയ്ക്കുകയും എക്‌സ് അയാളെ താക്കീതു ചെയ്യുകയും ചെയ്തിരുന്നു.
പിന്നീടൊരു ദിവസം എല്ലാ സീമകളും ലംഘിക്കുന്ന ഒരു സന്ദേശം ആനന്ദ്, എക്‌സിനയച്ചു.
അന്നേരം എക്‌സ്, ആനന്ദിന്റെ സന്ദേശങ്ങള്‍ ജയയുടെ ഫോണിലേയ്ക്ക് അയയ്ക്കുകയും ആനന്ദിനെ താക്കീതു ചെയ്യാന്‍ ജയയോട് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ജയ സമ്മതിക്കുന്നുമുണ്ട്.

ക്രുദ്ധയായിത്തീര്‍ന്ന ജയ, എക്‌സിനെതിരെ സഭയില്‍ പരാതി എഴുതി നല്‍കി. അതില്‍ എക്‌സിനെതിരെ വ്യക്തിപരമായ
ആരോപണങ്ങളുണ്ടായിരുന്നു.
ജയയെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചു. തന്റെ പരാതി കളവും കെട്ടിച്ചമച്ചതുമാണെന്നും എക്‌സിനോടു പ്രതികാരം ചെയ്യാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നെന്നും ജയ കോടതിയില്‍ സമ്മതിച്ചു.
കോടതിയിലെ മൊഴിയാണ് തെളിവ്. ജയ കോടതിയില്‍ കള്ളം പറഞ്ഞുവെന്നു തെളിയിക്കാന്‍ ഫ്രാങ്കോയ്ക്കു കഴിഞ്ഞിട്ടില്ല. ജയ കോടതിയില്‍ കളവു പറഞ്ഞെന്ന് കോടതി ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല.

ജയ സഭ മുമ്പാകെ നല്‍കിയ പരാതി കളവായിരുന്നു എന്നു തെളിഞ്ഞാല്‍ സ്വാഭാവികമായും അക്കാര്യം അവിടെ തീര്‍ന്നു.
പക്ഷേ കോടതി നിര്‍ത്തിയില്ല. കളവാണെന്നു ജയ സമ്മതിച്ച പരാതിയുടെ ഉള്ളടക്കം വിശദമായി ഉദ്ധരിച്ചു തന്നെ കോടതി പരിശോധിക്കുകയാണു ചെയ്തത്. എന്തിന്?
എക്സിനു മാത്രം അറിയാവുന്നതെന്നു കോടതി പറയുന്ന ഫ്രാങ്കോയുടെ രാത്രി ഫോണ്‍ വിളികളെക്കുറിച്ച് ജയയുടെ പരാതിയില്‍ പറയുന്നുണ്ടെന്ന് കണ്ടെത്താന്‍!

കളവാണെന്ന് ജയ തന്നെ കോടതിയില്‍ സമ്മതിച്ച പരാതിയാണെന്നോര്‍ക്കണം. ജയ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നു തെളിയിക്കാന്‍ ഫ്രാങ്കോയ്ക്കു കഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കണം. അന്നേരമാണ് ഫ്രാങ്കോ, എക്‌സിനെ രാത്രി വിളിച്ചെന്നു ജയയുടെ പരാതിയില്‍ പറയുന്നത് കോടതി ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നത്!

പരാതിയില്‍ പറയുന്നതു തന്നെ, രാത്രി ഒരു മണിക്ക് ഫ്രാങ്കോ ഫോണ്‍ വിളിച്ചിട്ട് എക്‌സ് എടുത്തില്ലെന്നാണ്!
ആനന്ദും എക്‌സുമായി ബന്ധം ആരോപിച്ചായിരുന്നു ജയയുടെ കള്ളപ്പരാതി. നേരത്തേ പറഞ്ഞതുപോലെ, ആ പരാതിയില്‍ സിസ്റ്റര്‍ എക്‌സിനെതിരെ അന്വേഷണം ആരംഭിച്ചപ്പോഴാണ്, സിസ്റ്റര്‍ എക്‌സും അവര്‍ക്കൊപ്പമുള്ള ഇതര സന്യസ്തരും പ്രതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതെന്നതാണ് ഫ്രാങ്കോയുടെ കൃത്യമായ ഡിഫന്‍സ്.

എക്‌സിനെതിരെ അത്തരം ഒരാരോപണം ജയ ഉന്നയിച്ചതിന്, എക്‌സ് കൂടാതെയുള്ള ഇതര കന്യാസ്ത്രീകള്‍ ഫ്രാങ്കോയ്‌ക്കെതിരെ എന്തിനു തിരിയണം? കോടതി അക്കാര്യം തൊട്ടിട്ടില്ല. തൊട്ടാല്‍ അത് എക്‌സിന് അനുകൂലമാകും.
ഏതായാലും എട്ടാം സാക്ഷി സിസ്റ്റര്‍ ലിയോണക്കെതിരെ ജയ പരാതി നല്‍കിയിട്ടില്ലല്ലോ. പിന്നെന്തിന് ലിയോണ, ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കണം?

ഫ്രാങ്കോ തന്റെ തോളില്‍ കൈ പിടിച്ച് തന്നെ ദേഹത്തോടു വലിച്ചടുപ്പിച്ച കാര്യം സിസ്റ്റര്‍ ലിയോണ കോടതിയില്‍ പറയുന്നുണ്ട്.
പ്രതി തന്റെ കളങ്കരഹിത വ്യക്തിത്വത്തെക്കുറിച്ച് തെളിവു നല്‍കുമ്പോള്‍, പ്രതിയുടെ കളങ്കിത വ്യക്തിത്വത്തെക്കുറിച്ചു പ്രോസിക്യൂഷനു തെളിവു നല്‍കാമെന്നു പറയുന്ന അതേ കോടതി, സിസ്റ്റര്‍ ലിയോണയുടെ നേര്‍ക്ക് ഫ്രാങ്കോ നടത്തിയ ലൈംഗികച്ചുവയുള്ള അതിക്രമത്തെക്കുറിച്ചു പറയുന്നത്, പ്രതിയുടെ സ്വഭാവം വിചാരണയുടെ പരിധിയില്‍ വരുന്നില്ല എന്നാണ്!
പക്ഷേ എക്‌സിനെക്കുറിച്ചു പറയുമ്പോള്‍ കോടതി വളരെയധികം വാചാലമാണ്, പ്രതി പാതിരായ്ക്കു ഫോണ്‍ വിളിച്ചതിനെയും എക്‌സ് ഫോണ്‍ എടുക്കാതിരുന്നതിനെയുമൊക്കെച്ചൊല്ലി, ജയയുടെ കള്ളപ്പരാതിയെ അടിസ്ഥാനമാക്കി, കോടതി അസ്വസ്ഥമാവുന്നു!
അവിടെയും തീരുന്നില്ല.

ജയയുടെ കള്ളപ്പരാതിയില്‍ എക്‌സിന്റെ വയറില്‍ മുറിവുണങ്ങിയ പാടുണ്ടെന്നും എക്‌സിന് കൂടിച്ചേര്‍ന്ന മുലക്കണ്ണുണ്ടെന്നും ജയയുടെ ഭര്‍ത്താവ് ആനന്ദ് പറഞ്ഞറിയാമെന്നു ജയ പറയുന്നു.
വയറില്‍ അപ്പന്റിസൈറ്റിസ് സര്‍ജറിയുടെ പാടുണ്ടെന്ന് മഠത്തില്‍ എല്ലാവര്‍ക്കുമറിയാമെന്നു തന്നെയാണ് പ്രോസിക്യൂഷന്‍ കേസ്.
കൂടിച്ചേര്‍ന്ന മുലക്കണ്ണില്ലെന്നു കാണിക്കാന്‍ പ്രോസിക്യൂഷന്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കി, ഡോക്ടറെ വിസ്തരിച്ചു.

തന്റെ പരാതി കള്ളപ്പരാതിയാണെന്നു ജയ സമ്മതിച്ചു. എത്ര മുലക്കണ്ണുണ്ടെങ്കിലും അതൊന്നും ഫ്രാങ്കോ, എക്‌സിനെ ബലാല്‍സംഗം ചെയ്‌തോ എന്നതുമായി ബന്ധപ്പെട്ടതല്ല. അത്രയും പറഞ്ഞ് നിര്‍ത്താം. പക്ഷേ വിശദമായ ചര്‍ച്ചയാണ് വിധിയില്‍.


എക്‌സ്, സര്‍ജറി വഴി, തന്റെ കൂടിച്ചേര്‍ന്ന മുലക്കണ്ണ് നീക്കിയിട്ടില്ലെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചിട്ടില്ലെന്നു വരെ കോടതി പറഞ്ഞു! കൂടിച്ചേര്‍ന്ന മുലക്കണ്ണില്ലെന്നു കാണിക്കാന്‍ സിസ്റ്റര്‍ റെജീനയുടെ മുമ്പില്‍ എക്‌സ് തന്റെ മാറിടം അനാവൃതമാക്കിയെന്നു പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖയില്‍ പറയുന്നെങ്കിലും, സിസ്റ്റര്‍ റെജീനയെ വിസ്തരിച്ച് രേഖ തെളിയിച്ചിട്ടില്ലെന്നു കൂടി കോടതി പറഞ്ഞു!

അതെന്താ മാറിടം പരിശോധിച്ച ഡോക്ടറെക്കാളും എക്‌സ്പര്‍ട്ട് ആണോ റെജീന?
എക്‌സിന്റെ മുലക്കണ്ണ് കൂടിച്ചേര്‍ന്നതോ നീക്കം ചെയ്തതോ ആണെങ്കില്‍ ഫ്രാങ്കോയ്ക്കു പീഡിപ്പിക്കാന്‍ കഴിയില്ലേ? അതോ മുലക്കണ്ണ് കൂടിച്ചേര്‍ന്നവരെ ഫ്രാങ്കോയ്ക്കു വെറുപ്പാണോ?

ആക്രിക്കാരന് വിറ്റുപോയ എക്‌സിന്റെ മൊബൈല്‍, ഉപേക്ഷിച്ച പഴയ സിം കാര്‍ഡിനെയും കുറിച്ചാണ് കോടതിയുടെ മറ്റൊരു വേവലാതി. അവ ഉപേക്ഷിക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലത്രെ! കാരണം? അവയും കാള്‍ റെക്കോഡ്‌സും ലാപ്‌ടോപ്പും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടപ്പെടാതെ കോടതിയില്‍ എത്തിക്കാമായിരുന്നു. എന്തിന്? ഫ്രാങ്കോ അയച്ച സന്ദേശങ്ങളുടെ തെളിവായിട്ട്.
വീണ്ടും പറയുന്നു, ഉഭയസമ്മത ബന്ധം എന്നൊരു വാദം ഫ്രാങ്കോക്കില്ല.

ഫോണിലൂടെ പീഡിപ്പിച്ചതായല്ല എക്‌സിന്റെ കേസ്. പുറംലോകവുമായി ബന്ധമില്ലാത്ത ആ കന്യാമഠത്തിന്റെ സര്‍വാധികാരിയായ ബിഷപ്പ്, മഠത്തില്‍ വന്നു താമസിച്ച് തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആ സഹോദരിയുടെ കേസ്.
ജയ നല്‍കിയ, കളവെന്ന് ജയ തന്നെ സമ്മതിച്ച പരാതിയോ, ഇല്ലാത്ത മൊബൈല്‍ ഫോണുകളോ, മുലക്കണ്ണുകളുടെ കുറവോ കൂടുതലോ ഒന്നും ആരെയും വിശുദ്ധരാക്കുന്നില്ല.

കര്‍ത്താവിന്റെ തിരുമണവാട്ടിയായ, കര്‍ത്താവിനെപ്പോല്‍ തന്നെ ക്രൂശിതയായ ആ സഹോദരിയെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല.
ഉയിര്‍ത്തെഴുന്നേല്‍ക്കുമാറാവട്ടെ…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Was there a consensual relationship between Franco and Sister Exxon?  with criticism against the court S. Sudeep