കത്‌വ സംഭവത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാര്‍ ആര്‍.എസ്.എസ് നേതാവിന്റെ മകന്‍
Kathua gangrape-murder case
കത്‌വ സംഭവത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാര്‍ ആര്‍.എസ്.എസ് നേതാവിന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th April 2018, 11:05 pm

കോഴിക്കോട്: ജമ്മുകാശ്മീരിലെ എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിന്തുണയ്ക്കുകയും പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത ആര്‍.എസ്കാരന്‍ വിഷ്ണു നന്ദകുമാര്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനും ആര്‍.എസ്.എസ് നേതാവ് നന്ദകുമാറിന്റെ മകനുമാണ്.  നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമാണ് ഇ.എന്‍ നന്തകുമാര്‍

വിഷ്ണു നന്ദകുമാറിനെ പിരിച്ചുവിട്ടതായി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. മോശം പെര്‍ഫോമന്‍സിന്റെ പേരില്‍ 11ാം തിയതി പിരിച്ചുവിട്ടതായാണ് കൊടക് മഹീന്ദ്ര പറയുന്നത്. വലിയൊരു ദുരന്തത്തിനുശേഷം ഇത്തരത്തിലുള്ള പ്രതികരണം കാണേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും തങ്ങളുടെ മുന്‍ ജീവനക്കാരനില്‍ നിന്നുമുണ്ടായ നടപടിയെ അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നെന്നും കൊടക് മഹീന്ദ്ര വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.


Read Also : പ്രതിഷേധത്തിനൊടുവില്‍ രാജി; കത്തുവ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ദേശീയപതാകയുമേന്തി റാലി നടത്തിയ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു


വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ വലിയ പ്രതിഷേധമുയര്‍ത്തിയും വിഷ്ണു നന്ദകുമാര്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചും ആളുകള്‍ പ്രതിഷേധിച്ചിരുന്നു.

കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകിരച്ചായിരുന്നു വിഷ്ണു രംഗത്തെത്തിയത്.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ “ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ” എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. ഇതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി.

സോഷ്യല്‍ മീഡിയയില്‍ പ്രതിഡേധം ഉയര്‍ന്നതിനു പിന്നാലെ ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജ് പൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ബാങ്കിനു നേരേ തിരിഞ്ഞത്.

കൊടക് മഹീന്ദ്ര ഷെയര്‍ ചെയ്ത എല്ലാ പോസ്റ്റുകളിലും വിഷ്ണു നന്ദകുമാറിനെതിരെ പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിരുന്നു.
“”പ്രിയപ്പെട്ട കൊട്ടക് മഹീന്ദ്ര ടീം, നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ നിങ്ങള്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

ഒരു മാനേജര്‍ക്ക് അടിസ്ഥാനപരമായി സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക ബഹുമാനവും ആവശ്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അയാള്‍ ഒരു റാസ്‌കലാണെന്ന് വ്യക്തമാണ്. നിങ്ങളുടെ ബ്രാഞ്ചിലെത്തുന്ന ഓരോ വ്യക്തികളോടും എങ്ങനെയായിരിക്കും അയാള്‍ പെരുമാറുന്നുണ്ടാകുക, നാണമില്ലേ ഇങ്ങനെയൊരാളെ മാനേജരായി വെച്ച് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ “”എന്നായിരുന്നു ചിലരുടെ പ്രതികരണം.