വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെ വന്നതാണെന്ന് വീണ്ടുമാവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പറഞ്ഞത് ശരിയാണെന്ന് ലോകം അംഗീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
വുഹാന്‍ ലാബില്‍ നിന്ന് പുറത്തായ വൈറസാണ് ലോകത്തെ ഇത്തരത്തിലാക്കിയതെന്നും അതിനാല്‍ ലോകത്തുണ്ടായ നാശനഷ്ടത്തിന് ചൈനയ്‌ക്കെതിരെ പിഴ ചുമത്തണമെന്നും ലക്ഷക്കണക്കിന് പേരുടെ മരണത്തിന് ചൈന ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തായതാണെന്ന വാദം തള്ളിക്കളയാനാകില്ലെന്ന അമേരിക്കയിലെ ഉന്നത ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയുടെ ഇമെയില്‍ സന്ദേശങ്ങളാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. ഈ പശ്ചാത്തലത്തിലാണ് താന്‍ മുമ്പ് നടത്തിയ പ്രസ്താവന ശരിയായിരുന്നുവെന്ന് ട്രംപ് അവകാശപ്പടുന്നത്.
ഇതാദ്യമായല്ല ഇത്തരം പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തുന്നത്. പ്രസിഡന്റായിരുന്ന സമയത്തും അദ്ദേഹം കൊറോണ വിഷയത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കൊറോണയെ ചൈന വൈറസ് എന്ന് വിളിച്ചതും വലിയ വിവാദങ്ങള്‍ക്കും ചൈനയുമായുള്ള തുറന്ന വാക്ക്പോരിനും വഴിവെച്ചിരുന്നു.
അതേസമയം വൈറസ് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച് പഠനം റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിടുകയും ചെയ്തിരുന്നു.
കൊവിഡ് 19 നു കാരണമായ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നോ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നോ വന്നതാകാമെന്നാണ് ചൈന സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം വിലയിരുത്തിയത്.
വന്യജീവികളുടെ ശീതികരിച്ച മാംസത്തിലൂടെയായിരിക്കാം വൈറസ് മനുഷ്യരിലേക്കെത്തിയത് എന്ന സാധ്യതയ്ക്കാണ് ലോകാരോഗ്യ സംഘടന മുന്‍തൂക്കം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.