കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി പിന്‍വലിച്ചാല്‍ അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരന്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധുവും മറ്റു രണ്ട് പുരോഹിതന്മാരും ഇക്കാര്യം പറഞ്ഞ് തന്റെ സുഹൃത്തിനെ സമീപിച്ചെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
അതിനിടെ, കേസില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ പൊലീസ് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പൊലീസിനു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കാനിടയുണ്ട്. കൂടാതെ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം യോഗത്തില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നതിന്റെ വിശദാംശം നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ബിഷപ്പിനെതിരായ പരാതിയില്‍ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം തുടരുകയാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെടുന്ന മിഷണറീസ് ഓഫ് ജീസസ് സഭ രംഗത്തുവന്നിരുന്നു. ബിഷപ്പിനും സഭയ്ക്കുമെതിരെ ബാഹ്യശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നുമാണ് ഇവര്‍ പറഞ്ഞത്.