അഹമ്മദാബാദ്: തന്നെ എങ്ങനെയാണ് ബി.ജെ.പി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച് പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേല്‍. ബി.ജെ.പിയില്‍ ചേരാന്‍ പാര്‍ട്ടി തനിക്ക് ഒരുകോടി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തുകയും അഡ്വാന്‍സായി ലഭിച്ച പത്തുലക്ഷം രൂപ ഉയര്‍ത്തിക്കാട്ടുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വിശദീകരിച്ചത്.
പട്ടേല്‍ സംവരണ സമര നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായ വരുണ്‍ പട്ടേല്‍ വഴിയാണ് തന്നെ സ്വാധീനിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞദിവസം വരുണ്‍ പട്ടേലും ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു.
“എന്നെ അഹമ്മദാബാദിലേക്കു വിളിപ്പിച്ചു. അവിടെ നിന്നും ഗാന്ധി നഗറിലേക്കു കൊണ്ടുപോയി. ഗാന്ധി നഗറില്‍ കുറച്ചുസമയം വാഹനത്തില്‍ ചുറ്റിയശേഷം അഡലാജിനു സമീപമുള്ള ഒരു ഓഫീസിലേക്കു കൊണ്ടുപോയി.”
“അവിടെവെച്ച് നിരവധി ബി.ജെ.പി നേതാക്കന്മാര്‍ക്ക് എന്നെ പരാജയപ്പെടുത്തി. ജിത്തുഭായ് വഗാനി, ചുദാസ്മാസാഹബ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ അവിടെയുണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റാണ് ജിത്തുഭായ് വഗാനി. ഗുജറാത്ത് മന്ത്രിസഭയിലെ മന്ത്രിയാണ് നരേന്ദ്ര പട്ടേല്‍ ചുദാസ്മാസാഹബ് എന്നു വിശേഷിപ്പിച്ച ബുപേന്ദ്രസിന്‍ഹ് ചുദാസ്മാ.
“അവിടെവെച്ച് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ എനിക്ക് ഒരുകോടി രൂപ നല്‍കുമെന്ന് വാക്കുനല്‍കി. വരുണ്‍ ഭായ് എനിക്ക് പത്തുലക്ഷം പണമായി നല്‍കി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഒരു ബി.ജെ.പി പരിപാടിയ്ക്കിടെ ശേഷിക്കുന്ന 90ലക്ഷം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.” നരേന്ദ്ര പട്ടേല്‍ പറയുന്നു.
“പിന്നീട് ഇവര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഇതു ശരിയല്ല എന്നാണ് എനിക്കുതോന്നിയത്. കാരണം ചതിക്കപ്പെടുന്നത് പട്ടേല്‍ സമുദായമാണ്.” അദ്ദേഹം പറയുന്നു.
ഗുജറാത്തില്‍ ബി.ജെ.പി തകരുമെന്നും പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയമായ ഈ സംഭവങ്ങള്‍.