|

രാജീവ് ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെപ്പറ്റി അറിയില്ലായിരുന്നു; നളിനിയുടെ ആത്മകഥ പ്രകാശനത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി തമിഴിലാണ് തന്റെ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്.


ചെന്നൈ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന നളിനി ശ്രീഹരന്റെ ആത്മകഥ പ്രകാശനത്തിനൊരുങ്ങുന്നു. 500 പേജുള്ള ആത്മകഥ ഈ മാസം 25ന് പ്രകാശനം ചെയ്യും. ആത്മകഥയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി തമിഴിലാണ് തന്റെ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ മുരുകന്റെ(ശ്രീഹരന്‍) ഭാര്യയായ നളിനി രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് അറസ്റ്റിലാകുന്നത്. വെല്ലൂരില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക ജയിലിലാണ് നളിനി ഇപ്പോഴുള്ളത്.

2008 മാര്‍ച്ച് 19ന് പ്രിയങ്ക ഗാന്ധിയുമായി ജയിലില്‍ വച്ച് നടത്തിയ 90 മിനുട്ട് നീണ്ട കൂടിക്കാഴ്ചയെ കുറിച്ചും ലളിനി തന്റെ ആത്മഥയില്‍ പറയുന്നുണ്ട്.  തനിക്കോ തന്റെ ഭര്‍ത്താവിനോ കൊലപാതക പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നില്ലെന്നും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ തടവുകാരിയായതെന്നും പ്രിയങ്കയോട് പറഞ്ഞതായി നളിനി വ്യക്തമാക്കുന്നു,

നല്ല മനുഷ്യനായിരുന്ന തന്റെ പിതാവിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് പ്രിയങ്ക കൂടിക്കാഴ്ചക്കിടെ നിരവധി തവണ ചോദിച്ചിരുന്നു. തന്റെ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നായിരുന്നു നളിനിയില്‍ നിന്നും പ്രിയങ്കക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ സ്വയം ഒരു എല്‍.ടി.ടി.ഇ അനുഭാവിയല്ലാതിരുന്നതു കൊണ്ട് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും നളിനി പുസ്തകത്തില്‍ പറയുന്നു.

എല്‍.ടി.ടി.ഇ പ്രവര്‍ത്തകനായിരുന്ന ശ്രീഹര(മുരുകന്‍)നുമായി 1991 ഏപ്രില്‍ 21നായിരുന്നു നളിനിയുടെ വിവാഹം. പിന്നീട് രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 1991 മെയ് 21നാണ് നളിനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു.


Also Read: കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനാ ഫലം പോലീസിന് ലഭിച്ചു


തുടര്‍ന്ന് ജയിലില്‍ പൊലീസിന്റെ മൂന്നാം മുറയ്ക്ക് ഇരയായതും, അതിനെ തരണം ചെയ്ത് മകള്‍ ആതിരയ്ക്ക് ജന്മം നല്‍കിയതും പുസ്തകത്തില്‍ നളിനി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ആര്‍ക്കുമറിയാത്ത ഒരു രഹസ്യവും നളിനി വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ അമ്മ പത്മാവതിക്ക് ആ പേരിട്ടത് മഹാത്മാ ഗാന്ധിയായിരുന്നു എന്ന കാര്യം.

തന്റെ കുട്ടിക്കാലം, മുരുകനുമായുള്ള പ്രണയം, വിവാഹം,  രാജീവ് ഗാന്ധി വധത്തിന് ദൃസാക്ഷിയായ അനുഭവം, നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരിയായി അഞ്ച് ദിവസത്തെ അജ്ഞാത വാസം, അറസ്റ്റ്, തുടര്‍ന്ന് അനുഭവിക്കേണ്ടി വന്ന പീഡനം, ജയിലില്‍ കുഞ്ഞിന് ജീവന്‍ നല്‍കിയത്, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ജയില്‍വാസവും തുടങ്ങി എല്ലാറ്റിനെയും കുറിച്ച് നളിനി പുസ്തകത്തില്‍ പറയുന്നുണ്ട്.  രക്തദാഹിയായ കുറുക്കന്‍മാരാല്‍ താന്‍ ചുറ്റപ്പെട്ടിരുന്നു എന്നാണ് രാജിവ് വധത്തിനു ശേഷം നളിനി പറഞ്ഞിരുന്നത്.


നേരത്തെ ശിക്ഷാ ഇളവ് തേടി നളിനി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. 25 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞ തനിക്ക് ഇക്കാര്യം പരിഗണിച്ച് ജയില്‍മോചനം നല്‍കണമെന്നായിരുന്നു നളിനിയുടെ അഭ്യര്‍ത്ഥന. അഭിഭാഷകന്‍ പി. പുകഴേന്തി വഴിയാണ് നളിനി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്.

ജയില്‍മോചനത്തിന് അര്‍ഹതയുണ്ടെങ്കിലും തന്നെ പരിഗണിക്കാറില്ല. തനിക്ക് എന്നെങ്കിലും ജയില്‍മോചനമുണ്ടാകുമെന്ന പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും നളിനി പറഞ്ഞിരുന്നു. നേരത്തെ വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് ചൂണ്ടിക്കാട്ടിയാണ് നളിനി കത്തയച്ചിരിക്കുന്നത്.

രാജീവ് വധക്കേസില്‍ നളിനിയുടെ ഭര്‍ത്താവ് മുരുകനും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ശാന്തന്‍, പേരറിവാളന്‍ എന്നിവരാണ് രാജീവ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികള്‍.