| Thursday, 10th September 2020, 4:05 pm

മഹാബലിയെ ചവിട്ടിത്താഴ്ത്തിയതോ ചവിട്ടി കൊന്നതോ?

അസീസ് തരുവണ

‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം’ എന്നു പറഞ്ഞ അധ്യാപികയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിച്ച പോലീസുകാര്‍ക്കെതിരെ കാര്യമായ പ്രതിഷേധമോ അന്വേഷണമോ ഇതേവരെ നടന്നതായി കാണുന്നില്ല. സംഘികള്‍ പറയുന്നത് നടപ്പിലാക്കലാണോ പോലീസിന്റെ പണി? ‘മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി’ എന്ന് പറഞ്ഞാല്‍ എന്നുമുതലാണ് ക്രിമിനല്‍ കുറ്റമായി തുടങ്ങിയത്?

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? മഹാബലിയെ ചവിട്ടിത്താഴ്ത്തിയതോ അതോ ചവിട്ടികൊന്നതോ? പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രവസ്തുതകളും ഇവ്വിഷയികമായി എന്തു പറയുന്നു എന്ന വിശകലനമാണ് ഈ കുറിപ്പ്:

പണ്ടെന്നോ നടന്ന ഒരു സംഭവം വാമൊഴിയിലൂടെയും പിന്നീട് വരമൊഴിയിലൂടെയും പ്രചരിച്ച്, കാലാന്തരത്തില്‍ അതിശയോക്തിയുടെയും അസത്യത്തിന്റെയും മൂടല്‍മഞ്ഞിലകപ്പെട്ട് ആദിരൂപം നഷ്ടപ്പെട്ടുപോയ വികൃതചരിത്രമാണ് ഐതിഹ്യങ്ങള്‍. അതിനാല്‍, പല മിത്തുകളും കലര്‍പ്പു ബാധിച്ച ചരിത്രസംഭവങ്ങളാവാം. മിത്തുകള്‍ ചരിതസോതസ്സുകളാണെങ്കിലും ചരിത്രമല്ല.

‘മിത്തിനെ ചരിത്രമാക്കുമ്പോള്‍ ചരിത്രകാരന്‍ ചരിത്രത്തോടു വിടപറയുകയാണു ചെയ്യുന്നതെന്ന് കെ.എന്‍.പണിക്കര്‍ അഭിപ്രായപ്പെട്ടത് അതിനാലാണ്.

ഏതൊരു മിത്തിന്റെയും ഒരു പാഠത്തില്‍ ഒന്നിനു പിറകെ ഒന്നായി വരുന്ന ആഖ്യാനഘടകങ്ങളെ നിരത്തിവച്ച് അവയുടെ പ്രത്യക്ഷ ഘടനയെ വിശകലനം ചെയ്താല്‍ പുതിയൊരു പാഠവും യാഥാര്‍ഥ്യത്തിന്റെ തെളിഞ്ഞ മുഖവും കണ്ടെത്താനാവും. നാളിതുവരെ പാഠപുസ്തകങ്ങളിലൂടെയും സവര്‍ണസാഹിത്യ കൃതികളിലൂടെയും പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ട ആര്യ മിത്താേളജിയെ ഇത്തരത്തില്‍ അഴിച്ചു പണിതാല്‍ ഞെട്ടിക്കുന്ന ചരിത്രസത്യങ്ങളാവും പുറത്തു വരുക. അവ കീഴാളവിമോചന പോരാട്ടത്തിന്റെ അടിയാധാരങ്ങളായി ഉയര്‍ത്തിക്കാട്ടാനാവും വിധം വാദി പ്രതിയാവുന്ന തിളക്കമുള്ള കാഴ്ചയാവും.

കേരളോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് സവര്‍ണവിഭാഗം പ്രചരിപ്പിക്കുന്ന പരശുരാമ കഥ, രാമ – രാവണ സംഘട്ടനം, മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്ന ഐതിഹ്യം തുടങ്ങിയവയെ ആഴത്തില്‍ വിശകലനം ചെയ്താല്‍ ആര്യാധിനിവേശത്തിന്റെയും തദ്ദേശവാസികളെ കൂട്ടക്കൊല ചെയ്തതിന്റെയും ബ്രാഹ്മണ – സവര്‍ണ മേധാവിത്വം സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ കൊടും ചതികളുടെയും ഞെട്ടിക്കുന്ന ചരിത്രം അനാവൃതമാകും.

മഹാബലിയുടെ കഥ

1961-ല്‍ പട്ടം താണുപിള്ള ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിക്കുന്നതു വരെ കേരളീയ ഹൈന്ദവ ആഘോഷമായിരുന്നു ഓണം. തികച്ചും മതപരമായ ആഘോഷം. എന്നാല്‍, വിശ്വാസത്തിന്റെ പിന്‍ബലത്തോടെ ഹൈന്ദവസമൂഹം ആഘോഷിക്കുന്ന ദിനമായല്ല ഇന്നതിനെ കാണുന്നത്. ഹൈന്ദവ ആഘോഷം എന്നതില്‍ നിന്ന് കേരളീയ ആഘോഷം എന്ന പരികല്‍പ്പനയിലേക്ക് വരുമ്പോള്‍ ഐതിഹ്യത്തെയും അതിനു പിന്നിലെ ചരിത്രത്തെയും തുറന്നുകാട്ടേണ്ടത്.

ഓണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും സവര്‍ണ്ണ പാഠമാണ് ‘ദേശീയോത്സവവാദികള്‍’ സ്വീകരിക്കാറുള്ളത്. അതിങ്ങനെയാണ്:

”കേരളം ഭരിച്ചിരുന്ന ഒരു അസുരരാജാവാണ് മഹാബലി. നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഭരണമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.
വിരോചനന്റെ മകനായ മഹാബലിയുടെ ഭരണ കാലത്താണ് പാലാഴി മഥനം നടന്നത്. പാലാഴിയില്‍ നിന്നു ലഭിച്ച അമൃതിനു വേണ്ടി നടന്ന ദേവാസുര യുദ്ധത്തില്‍ ബലി കൊല്ലപ്പെട്ടു. ഉടനെ അസുരഗുരുവായ ശുക്രാചാര്യര്‍ ദിവ്യൗഷധങ്ങളുടെ ശക്തിയാല്‍ മഹാബലിയെ പുനരുജ്ജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ചു കീഴടക്കി. ദേവന്മാര്‍ കാടുകളില്‍ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശി വ്രതമനുഷ്ഠിച്ച് വിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തി സങ്കടം പറഞ്ഞു. മഹാവിഷ്ണു അവളില്‍ നിന്ന് വാമനനായി അവതാരമെടുത്തു.

നീതിമാനായ മഹാബലി ഒരു യജ്ഞം നടത്തിക്കൊണ്ടിരുന്ന വേളയില്‍ വാമനന്‍ ഒരു മുനികുമാരന്റെ വേഷത്തില്‍ അദ്ദേഹത്തെ സമീപിച്ച് മൂന്നടി സ്ഥലം തപസ്സുചെയ്യുന്ന ആവശ്യത്തിനു വേണ്ടി ദാനം നല്‍കണമെന്ന് അപേക്ഷിച്ചു. അളന്നെടുത്തുകൊള്ളാന്‍ മഹാബലി അനുവദിച്ചു. പെട്ടെന്ന് വാമനന്‍ സ്വയം വളര്‍ന്നു തുടങ്ങി. അംബര ചുംബിയായ ഒരു മഹാസത്വമായിത്തീര്‍ന്ന വാമനന്‍ ഭൂമി മുഴുവന്‍ ഒരടികൊണ്ടും സ്വര്‍ഗലോകം മുഴുവന്‍ രണ്ടാമത്തെ അടികൊണ്ടും അളന്നെടുത്തു.

മൂന്നാമത്തെ അടിക്ക് സ്ഥലം തികയാതെ വന്നപ്പോള്‍ മഹാബലി സ്വന്തം ശിരസ്സു കാണിച്ചു കൊടുത്തു. വാമനന്‍ ഉടനെ മഹാബലിയെ ചവിട്ടി പാതാളത്തിലേക്കു താഴ്ത്തി. ശിരസ്സില്‍ കാലുവച്ചപ്പോള്‍ മഹാബലി ഒരു വരം ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും പ്രജകളായ കേരളീയരെ കാണാന്‍ ഒരു ദിവസമെന്നെ അനുവദിക്കണം. ഈ വരത്തിന്റെ അടിസ്ഥാനത്തില്‍ മഹാബലി എല്ലാ വര്‍ഷവും കേരളത്തില്‍ എത്തുന്നു. അന്നാണ് ഓണം.”

ഭാഗവതം അഷ്ടമസ്‌കന്ധത്തിലുള്ള മാവേലിക്കഥയുടെ സംഗ്രഹീതരൂപം മാത്രമാണിത്. ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോഴേ മഹാബലിക്കഥയുടെ യഥാര്‍ത്ഥ ചരിത്രം ചുരുളഴിക്കാനാവൂ. ആരാണ് രാക്ഷസന്മാരും അസുരന്മാരും?
എന്താണ് ദേവലോകം? മാവേലിക്കഥയുടെ പിന്നിലെ ഗൂഢാലോചന എന്തായിരുന്നു? മഹാബലി പാതാളത്തില്‍ നിന്നു മോചനം ആഗ്രഹിച്ചിരുന്നോ? പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്….? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ ചില പിന്നാമ്പുറക്കഥകള്‍ വെളിവാകും; യഥാര്‍ത്ഥ ചരിത്രവും.

അസുരന്മാരും രാക്ഷസന്മാരും

സുരന്‍ എന്ന ദേവനാമത്തിന്റെ വിപരീതമാണ് അസുരന്‍. സുര എന്ന മദ്യം സേവിച്ചിരുന്നവര്‍ സുരന്മാരും അത് ഉപയോഗിക്കാത്തവര്‍ അസുരന്മാരുമായി. മഹാഭാരതം ആദിപര്‍വം 65 -ാം അധ്യായത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ദക്ഷ പ്രജാപതിയുടെ പുത്രിയായ ദിതിയെ ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന്‍ വിവാഹം കഴിച്ചു. അവള്‍ക്ക് അദിതി, കാല, ദനു, പ്രാഥ, വിശ്വ, വിനത, കപില, മുനി തുടങ്ങിയ അനേകം സഹോദരിമാരുണ്ടായിരുന്നു.

കശ്യപന് ദിതിയിലുണ്ടായ പുത്രന്മാര്‍ അസുരന്മാരും (ദിതേയന്മാര്‍) ദിതിയുടെ സഹോദരിയായ അദിതിയിലുണ്ടായ പുത്രന്‍മാര്‍ ദേവന്‍മാരു (ആദിതേയന്‍മാര്‍) മായിത്തീര്‍ന്നു. അസുരന്മാരില്‍ പണ്ഡിതന്മാരും നീതിമാന്മാരുമായ ഭരണാധികാരികളും ശില്‍പ്പികളും ഭിഷഗ്വരന്മാരും സാത്വികരുമുണ്ടായിരുന്നു.

പ്രഹ്ലാദന്‍, സംഹ്ലാദന്‍, അനുഹ്ലാദന്‍, ശാഖി, ശിബിചക്രവര്‍ത്തി, വിരോചനന്‍, കുംഭന്‍, നികുംഭന്‍, മഹാബലി, ബാണന്‍, മഹാകാളന്‍, വിപ്രചിത്തി , ശംബരന്‍, നമുചി, പുലോമാവ്, വിശുതന്‍, അസിലോമാവ്, കേശി, അശ്വന്‍, മഹാബലന്‍, മൂര്‍ദ്ദാവ്, ഗര്‍ഗ്ഗന്‍, അശ്വപതി, അജകന്‍, അശ്വഗ്രീവന്‍, വിരൂപാക്ഷന്‍, ഏകചകന്‍, ചന്ദ്രന്‍, കപടന്‍, പരന്‍, ശരഭന്‍, സൂര്യന്‍, ചന്ദതമസ്സ്, മയന്‍, ശുക്രാചാര്യര്‍ തുടങ്ങിയവര്‍ അസുരന്മാരില്‍ പ്രധാനികളാണ്.

ഇതില്‍ മയന്‍ ശില്‍പ്പിയും ശുക്രാചാര്യര്‍ പണ്ഡിതനും, ശിബിയും മഹാബലിയും നീതിമാന്മാരായ ഭരണാധി കാരികളുമാണ് . അസുരന്മാരില്‍പ്പെട്ട ഒരു വിഭാഗമാണ് രാക്ഷസന്മാര്‍. അസുരന്മാരും രാക്ഷസന്മാരും ഇന്ത്യയിലെ പുരാതനമായ രണ്ടു ഗോത്ര വിഭാഗങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഒട്ടേറെ ഗവേഷകരും പണ്ഡിതന്മാരുമുണ്ട്.

‘അസുരന്മാര്‍ എന്നത് ഉത്തരേന്ത്യയിലെ ഒരു ജാതിപ്പേരാണ്. ഗോണ്ട് ജാതിക്കാര്‍ തങ്ങള്‍ രാക്ഷസന്മാരുടെ പിന്‍ഗാമികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു’ (The Tribes and Castes of the Central Provinces of India , Vol : 1 , Page : 402 , R.V. Russell ).

സ്വന്തം മണ്ണും മാനവും സംരക്ഷിക്കുന്നതിനുവേണ്ടി പൊരുതിയവരാണ് രാക്ഷസന്മാര്‍. രക്ഷകര്‍ എന്നാണ് പദാര്‍ഥം. രക്ഷോനാഥാന്‍ എന്ന പദം രാക്ഷസശ്രേഷ്ഠന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്. ആര്യാധിനിവേശ ശക്തികളുടെ നിരന്തരാക്രമണത്തിനു വിധേയരായവരാണവര്‍. രാക്ഷസന്മാരെ കൊന്നൊടുക്കുന്നത് ഒരു പുണ്യകര്‍മമായാണ് സവര്‍ണകൃതികള്‍ പ്രചരിപ്പിക്കുന്നത്. പരാശരമുനി രാക്ഷസന്മാരെ ഒന്നടങ്കം നശിപ്പിക്കുന്നതിനുവേണ്ടി നടത്തിയ ഒരു രാക്ഷസയ ജ്ഞത്തെപ്പറ്റി മഹാഭാരതം ആദിപര്‍വം 181-ാം അധ്യായത്തില്‍ കാണാം. അതായത്, തദ്ദേശവാസികളായ ഒരു ജനസമൂഹത്തെ മുഴുവന്‍ വംശഹത്യ നടത്താനുള്ള യജ്ഞം!

ഇതേസമയം രാക്ഷസന്മാരെ കൊന്നൊടുക്കുന്ന കാര്യത്തില്‍ ചില സൗജന്യങ്ങള്‍ അനുവദിച്ചിരുന്നു എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. രാക്ഷസന്മാരെ സന്ധ്യാകാലത്ത് കൊല്ലാന്‍ പാടില്ലെന്ന് പൗരാണികര്‍ വിധിച്ചിരുന്നതായി വാല്മീകി രാമായണം ബാലകാണ്ഡം 27 -ാം സര്‍ഗം 22 -ാം പദ്യത്തില്‍ കാണാം. രാക്ഷസ – അസുര വംശഹത്യക്ക് തുറന്ന സമ്മതമാണ് ആര്യ – സവര്‍ണ മഹദ്ഗ്രന്ഥങ്ങള്‍ നല്‍കുന്നത്.

ദേവന്മാരുടെ അധികാരാവകാശങ്ങളെ ചോദ്യം ചെയ്തിരുന്ന തദ്ദേശവാസികളെ, ഇന്ന് അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കുന്നവരെ ഭീകരര്‍ , തീവ്രവാദികള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലെ അസുരന്മാര്‍ രാക്ഷസന്മാര്‍ എന്നു വിളിച്ച് ഒറ്റപ്പെടുത്തുകയാണ് അന്നു ചെയ്തിരുന്നത്. അമേരിക്ക, അഫ്ഗാനിസ്താനിലും ഇറാഖിലും ചെയ്തതുപോലെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അനാര്യ വിഭാഗങ്ങളെ പല തവണ ആര്യ – സവര്‍ണ വിഭാഗം കൂട്ടക്കൊല നടത്തിയിട്ടുണ്ട്. ദേവന്മാരും അസുരന്മാരും തമ്മില്‍ 12 തവണ ഘോര യുദ്ധങ്ങള്‍ നടന്നതായി പത്മ പുരാണത്തില്‍ കാണാം:

”ഒന്നാമത്തേത്, നരസിംഹം, രണ്ടാമത്തേത് വാമനം, മൂന്നാമത്തേത് വരാഹം, നാലാമത്തേത് അമൃതമഥനം, അഞ്ചാമത്തേത് താരകാമയം, ആറാമത്തേത് ആഡീബകം, ഏഴാമത് ത്രൈപുരം, എട്ടാമത് അന്ധകവധം, ഒമ്പതാമത് വൃതവധം, പത്താമത് ധ്വജപാതം, പതിനൊന്നാമത് ഹലാഹലം, പ്രന്ത്രണ്ടാമത് കോലാഹലം.

ഹിരണ്യകശിപു നരസിംഹത്താല്‍ വധിക്കപ്പെട്ടു. മഹാബലിയെ വാമനന്‍ മൂന്നു ലോകങ്ങളും അളന്നു ബന്ധിച്ചു. ഹിരണ്യാക്ഷനെ സമുദ്രത്തില്‍ വച്ച് ദ്വന്ദ്വയുദ്ധത്തില്‍ വരാഹം തേറ്റകൊണ്ട് രണ്ടായി ചീന്തി. പ്രഹ്‌ളാദനെ ഇന്ദ്രന്‍ വധിച്ചു. ഇന്ദ്രനെ കൊല്ലാന്‍ ഉദ്യമിച്ചിരുന്ന പ്രഹ്‌ളാദപുത്രനായ വിരോചനനെ ഇന്ദ്രന്‍ തന്നെ താരകായുദ്ധത്തില്‍ കൊലപ്പെടുത്തി. ത്രിപുരവാസികളായ ദാനവന്മാരെയെല്ലാം ദേവകള്‍ക്കു ശേഷിയില്ലാതാകയാല്‍ ത്രിലോചനന്‍ സംഹരിച്ചു.

അന്ധകവധത്തില്‍ ദൈത്യദാനവ പിശാചരെ ദേവപിതൃമനുഷ്യര്‍ ചേര്‍ന്നു കൊന്നൊടുക്കി. ദാനവാന്വിതനായ വൃതനെ വിഷ്ണു സഹായകനായ വിണ്ണവര്‍കോന്‍ വീഴിച്ചു. ധ്വജപാതാനന്തരം മായകൊണ്ടു മറഞ്ഞ യോഗജ്ഞനായ വിപ്രചീത്തിയെയും കൂട്ടുകാരനായ ദൈത്യദാ നവന്മാരെയും ഹാലാഹലയുദ്ധത്തില്‍ ഇന്ദ്രന്‍ തന്നെ ഹനിച്ചു. കോലാഹലത്തില്‍ ദേവകളെല്ലാം ധര്‍മ്മത്തെ ചൂഴ്ന്ന് യജ്ഞാവഭ്യതത്തില്‍ വച്ച് ശണ്ഡാമര്‍ക്കരെ പരാജിതരാക്കി. ഇങ്ങനെ ദേവാസുരന്മാര്‍ തമ്മില്‍ പന്ത്രണ്ടു യുദ്ധങ്ങള്‍ നടന്നിട്ടുണ്ട് (പത്മപുരാണം , ഭാഗം 4, 13 -ാം അധ്യായം).

ദശാവതാരങ്ങള്‍ കൊന്നൊടുക്കിയവരെല്ലാം തദ്ദേശവാസികളായിരുന്നു. അധിനിവേശ സംസ്‌കാരം, അഥവാ ആര്യനിസം അടിച്ചേല്‍പ്പിച്ച വിരുദ്ധവും വികലവുമായ മൂല്യബോധം വേട്ടക്കാരനോടൊപ്പം നില്‍ക്കാനാണ് ആവശ്യപ്പെടുന്നത്. അതിനാല്‍, ദേവന്മാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തദ്ദേശവാസികളായ ഇരകളെ നീചരും നികൃഷ്ടരുമായാണ് മുഖ്യധാരാ സവര്‍ണസാഹിത്യങ്ങള്‍ ഇപ്പോഴും പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍ പിന്നോക്കസമുദായ പട്ടികയില്‍ പെടുന്ന അസുരജാതിക്കാരുടെ ഇടയില്‍ നിന്നുള്ള നീതിമാനായ ഭരണാധികാരിയായിരുന്നു മഹാബലി. പ്രബലരായ ഭരണാധികാരികള്‍ക്കും മറ്റും വീരജന്മം നല്‍കിയ ഈ ഗോത്രസമൂഹം എങ്ങനെ പിന്നാക്കക്കാരും ന്യൂനാല്‍ ന്യൂനപക്ഷവുമായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ചരിത്രമാണ്.

ദേവന്മാരും അസുരന്മാരും

കശ്യപന് അദിതിയിലുണ്ടായ പുത്രന്മാരാണു ദേവന്മാര്‍. പൗരാണിക കാലത്തെ ശക്തരായ ഒരു സമുദായമായിരിക്കാം ദേവന്മാരുടേത്. സര്‍വവ്യാപിയും സര്‍വശക്തനുമായ ദൈവമെന്ന അര്‍ഥത്തിലല്ല ദേവന്മാരെ പുരാണേതിഹാസങ്ങള്‍ പരിചയപ്പെടുത്തുന്നത്. പ്രത്യുത എല്ലാവിധ മാനുഷികദൗര്‍ബല്യങ്ങളുമുള്ളവരായിട്ടാണ്. അവരുടെ ആവാസ സ്ഥലമോ അധികാരകേന്ദ്രമോ ആണ് ദേവലോകം.

സവര്‍ണ മിത്തോളജി അവതരിപ്പിക്കുന്ന ദേവലോകം ഒരഴിഞ്ഞാട്ടകേന്ദ്രം കൂടിയാണ്. സുരോത്സവവും രഥോത്സവവുമടക്കമുള്ള പേക്കൂത്തുകള്‍ അവിടെ നിത്യസംഭവമാണ്. സുരന്മാര്‍ എന്ന പേരുപോലും ദേവന്മാര്‍ക്കു സിദ്ധിച്ചത് സുര എന്ന മദ്യം സേവിച്ചിരുന്നതിനാലാണ്. തദ്ദേശവാസികളായ അസുരരാജാക്കന്മാര്‍, പലപ്പോഴും ഈ അധികാര സ്ഥാനത്തെ ആക്രമിച്ചതു ദേവന്മാരുടെ അധികാര ഗര്‍വും അധിനിവേശ പ്രമത്തതയും സദാചാരഭ്രംശവും തകര്‍ക്കാനുദ്ദേശിച്ചാണ്. ചില യുദ്ധങ്ങളിലെങ്കിലും ദേവന്മാര്‍ പരാജിതരാവുകയും ചെയ്തിട്ടുണ്ട്. മഹാബലി ദേവലോകം ആക്രമിച്ചപ്പോള്‍ ദേവന്മാര്‍ കാടുകളില്‍ അഭയം തേടിയെന്നു പറയുന്നത് അതിനാലാണ്.

അധിനിവേശത്തിന്റെ കുടിലതന്ത്രങ്ങള്‍ മെനഞ്ഞുണ്ടാക്കുന്ന പഴയ വൈറ്റ്ഹൗസാണ് ദേവലോകമെന്നു പുരാണേതിഹാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആധുനികകാല സാമ്രാജ്യത്വം ചെയ്യുന്ന സകല അടവുകളും ദേവലോകം അന്നത്തെ മൂന്നാംലോക പൗരന്മാരായ അസുര – രാക്ഷസവര്‍ഗത്തിനു നേരെ പ്രയോഗിച്ചിരുന്നു. ശത്രുവിനെതിരെ കള്ളക്കഥകള്‍ മെനയുക, ഇരകള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക, ചതിയും വഞ്ചനയും നടത്തുക, യുദ്ധനിയമങ്ങള്‍ തെറ്റിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം മഹാഭാരതയുദ്ധത്തിലും മറ്റു വംശഹത്യാ ശ്രമങ്ങളിലും ഇരകള്‍ക്കെതിരേ പ്രയോഗിച്ചിരുന്നതായി കാണാം.

ദേവന്മാരുടെ ഗൂഢതന്ത്രം

സമൃദ്ധി, സമഭാവന, സാഹോദര്യം, സാമൂഹികനീതി തുടങ്ങിയ മഹാബലിയുടെ ഭരണനയങ്ങള്‍ ദേവന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും സഹിച്ചിരുന്നില്ല. തങ്ങള്‍ക്കു പ്രത്യേക സുഖസൗകര്യങ്ങള്‍ വേണമെന്നു ബ്രാഹ്മണരും ദേവന്മാരും ആവശ്യപ്പെടുകയും മഹാബലി അതു നിരസിക്കുകയും ചെയ്തതായി’ വാമനപുരാണ’ത്തില്‍ കാണാം.

മഹാബലിയുടെ ഭരണ സംവിധാനത്തില്‍ രാജ്യത്തിലെല്ലാവര്‍ക്കും സുഖം ലഭിച്ചിരുന്നെങ്കിലും ബ്രാഹ്മണര്‍ക്കും ദേവകള്‍ക്കും അവര്‍ ആഗ്രഹിക്കും വിധത്തിലുള്ള സുഖം നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ വിഷ്ണുവിനെ പ്രാപിച്ച് തങ്ങളുടെ ദുഃഖകഥ അറിയിച്ചു. വിഷ്ണു ഇങ്ങനെ പറഞ്ഞു: ‘ബലി എന്റെ ഒരു ഭക്തനാണ്. എങ്കിലും നിങ്ങളുടെ ഈ യാതനകള്‍ ദൂരീകരിക്കുന്നതിനായി ഞാന്‍ താമസംവിനാ വാമനനായി അവതരിച്ചു കൊള്ളാം” ( വാമനപുരാണം 77 – ല്‍ നിന്ന് വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയയില്‍ ഉദ്ധരിച്ചത് ).

വിഷ്ണു വാമനനായി (നീചം, ഹീനം എന്നീ വാക്കുകളുടെ ശുദ്ധാര്‍ഥമാണ് വാമനനാമത്തില്‍ കൂടുതല്‍ അനുയോജ്യം. ചതിപ്രയോഗത്തിനാ ണല്ലോ മഹാവിഷ്ണു ഒരുമ്പെട്ടത്) അവതരിക്കുമെന്ന വാര്‍ത്ത പ്രഹ്ലാദന്‍ വഴി മഹാബലി അറിഞ്ഞപ്പോള്‍ മാവേലി പുച്ഛിച്ചുതള്ളുകയാണു ചെയ്തത്. ‘ ആ വിഷ്ണുവിനേക്കാള്‍ നമ്മുടെ രാക്ഷസന്മാരാണ് ബലശാലികള്‍ ‘ (അതേ കൃതി).

ചാതുര്‍വര്‍ണ്യത്തിന്റെ തണലില്‍ ബ്രാഹ്മണര്‍ കൂടുതല്‍ അധികാരാവകാശങ്ങള്‍ കവരുന്നതു മഹാബലി കണ്ടിരുന്നു. അതിനാല്‍ തന്റെ ഭരണത്തിനു കീഴില്‍ അത്തരം അസമത്വങ്ങള്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.

”മഹാബലി ബാല്യകാലം മുതല്‍ക്കേ ബ്രാഹ്മണ വിദ്വേഷിയായിരുന്നു” എന്ന് മഹാഭാരതം ശാന്തിപര്‍വ്വം 90 -ാം അധ്യായം 24 -ാം പദ്യം സാക്ഷ്യപ്പെടുത്തുന്നു. വാമനനായി വന്ന മഹാവിഷ്ണുവിനെ തിരിച്ചറിയാന്‍ മഹാബലിക്കോ രാജസദസ്സിലുണ്ടായിരുന്നവര്‍ക്കോ കഴിഞ്ഞി രുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ഭാഗവതം അഷ്ടമസ്‌കന്ധത്തില്‍ നിന്നും മനസ്സിലാവുന്നത് ഇങ്ങനെയാണ്:

‘ഗുരുവായ ശുക്രാചാര്യര്‍ മഹാബലിയെ വിളിച്ച് ബാലന്‍ (വാമനന്‍) ഒരു തട്ടിപ്പുകാരനാണെന്നും അതിനാല്‍ സ്ഥലം കൊടുക്കരുതെന്നും ഉപ ദേശിച്ചു. മഹാബലി അതൊന്നും അനുസരിച്ചില്ല. അദ്ദേഹം മുന്നടി സ്ഥലം കൊടുക്കുന്നതിന്റെ പ്രാരംഭ ചടങ്ങായി ഒരു കുടത്തില്‍ ജലദാനം ചെയ്യാനാഗ്രഹിച്ചു. ഉടനെ ശുകാചാര്യര്‍ ഒരു കരടിന്റെ രൂപത്തില്‍ കുടത്തിന്റെ മുഖത്തില്‍ കയറിയിരുന്നു. അതുകൊണ്ട് ജലം സ്വച്ഛന്ദം വെളിയിലേക്കു പ്രവഹിച്ചില്ല.

ഈ വിവരം ധരിച്ച വാമനന്‍ ഒരു ദര്‍ഭപ്പുല്ലെടുത്ത് കരടിനിട്ടു കുത്തി. ആ പുല്ലിന്റെ അഗ്രം ശുക്രാചാര്യരുടെ ഒരു കണ്ണിലാണു തറച്ചത്. അന്നു മുതല്‍ ശുക്രാചാര്യര്‍ ഏകനേത്രനായിത്തീര്‍ന്നു. ജലം നിര്‍ബാധം വാമനന്റെ കരതലത്തില്‍ വീണു. കുപിതനായ ശുക്രന്‍ മഹാബലിയെ ശപിച്ചു. വാമനന്‍ സ്ഥലമളന്നു തുടങ്ങിയപ്പോള്‍ ഭയവിഹ്വലരായ അസുരന്മാര്‍ കൈയില്‍ കിട്ടിയ എല്ലാ ആയുധങ്ങളുമെടുത്ത് വാമനനെ ആക്രമിച്ചു. അവസാനം മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി. അന്നുമുതല്‍ അസുരന്മാര്‍ പാതാളവാസികളായിത്തീര്‍ന്നു. (ഭാഗവതം അഷ്ടമസ്‌കന്ധം).

മഹാബലി മോചനം ആഗ്രഹിച്ചിരുന്നുവോ? മഹാബലിയെ ചവിട്ടിത്താഴ്ത്തിയതിനെക്കുറിച്ച് പുരാണേതിഹാസങ്ങളില്‍ കാണാം. ഇത്തരമൊരു പതനം മഹാബലി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ പാതാളത്തില്‍ നിന്നുള്ള മോചനം മഹാബലി ആഗ്രഹിച്ചിരുന്നോ എന്നു വ്യക്തമാക്കുന്ന കഥകള്‍ പുരാണങ്ങളില്‍ കാണാം. പാതാളത്തില്‍ ബന്ധിച്ചുവെന്നു പറയപ്പെടുന്ന കോട്ടയ്ക്കാവട്ടെ, കാവല്‍ക്കാരന്‍ ചതിയനായ വിഷ്ണുവുമാണ്. അതിനാല്‍, ഗ്വണ്ടാനമോ തടവറയില്‍ അകപ്പെട്ട അവസ്ഥയിലാണ് മഹാബലി. മോചനത്തെക്കുറിച്ച് രാക്ഷസരാജാവായ രാവണനും മഹാബലിയും തമ്മില്‍ നടന്ന ഒരു സംഭാഷണം ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ രാവണന്‍ പാതാളത്തില്‍ ബന്ധിതനായി കഴിഞ്ഞു കൂടുന്ന മഹാബലിയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ഞാന്‍ നിങ്ങളെ ഉദ്ധരിക്കുന്നതിനു വന്നിരിക്കയാണ്. അതുകൊണ്ട് എന്റെ സഹായത്തോടു കൂടി നിങ്ങള്‍ വിഷ്ണുവിന്റെ ഈ ബന്ധനത്തില്‍ നിന്നു മുക്തനാവുക. അതു കേട്ട് ബലി, അല്‍പ്പമകലെ അഗ്‌നിതുല്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഹിരണ്യകശിപുവിന്റെ കുണ്ഡലങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ രാവണനോടു പറഞ്ഞു. രാവണന്‍ മുമ്പോട്ടുനീങ്ങി അതെടുക്കാന്‍ ആഗ്രഹിച്ച ഉടനെ ബോധമറ്റു വീണു. ഉടനെ ബലി രാവണനെ ബോധവാനാ ക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

ഈ കുണ്ഡലം എന്റെ പ്രപിതാമഹനായ ഹിരണ്യകശിപു ധരിച്ചിരുന്നതാണ്. ഇതുപോലും എടുക്കാന്‍ കഴിയാത്ത നിങ്ങള്‍ അദ്ദേഹത്തെ വധിച്ച വിഷ്ണുവില്‍ നിന്ന് എന്നെ എങ്ങനെ മോചിപ്പിക്കും? വിഷ്ണു പരമശക്തനും എല്ലാറ്റിന്റെയും നാഥനുമാണ് (വാല്മീകി രാമായണം, ഉത്തരകാണ്ഡം പ്രക്ഷിപ്ത സര്‍ഗം).

ചവിട്ടിത്താഴ്ത്തിയതോ കൊന്നതോ ?

മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്ന വിവരണത്തില്‍ ചില അവ്യക്തതകളുണ്ട്. ചവിട്ടിത്താഴ്ത്തി എന്നതിന് കൊന്നൊടുക്കി എന്നര്‍ഥം പറയുന്നതാവും കൂടുതല്‍ ശരി. പൗരാണിക ഹൈന്ദവകൃതികളില്‍ അതിനുള്ള സൂചനകള്‍ ലഭ്യമാണ്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ രംഗം ദേവീഭാഗവതം നവമസ്‌കന്ധത്തില്‍ ഇങ്ങനെ വിവരിക്കുന്നു:

‘ഇന്ദ്രനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മഹാവിഷ്ണു വാമനന്റെ രൂപമെടുത്ത് മഹാബലിയുടെ അടുത്തു ചെല്ലുകയും ചതിയില്‍ അദ്ദേഹത്തിന്റെ രാജ്യവും മറ്റും കൈക്കലാക്കിയ ശേഷം വരുണപാശ (കയര്‍) ത്താല്‍ കെട്ടിവരിഞ്ഞ് ഭൂമിയില്‍ ഒരു ദ്വാരമുണ്ടാക്കി അതില്‍ക്കൂടി സുതലത്തിലേക്കു തള്ളിയിടുകയും ചെയ്തു’ (ഉദ്ധരണി: പുരാണിക് എന്‍സൈക്ലോപീഡിയ).

കയറുകൊണ്ടു കെട്ടിവരിഞ്ഞ്, ഭൂമിയില്‍ ദ്വാരമുണ്ടാക്കി മഹാബലിയെ അതിലിട്ടു എന്നതിന്റെ അര്‍ഥമെന്താണ്? കെട്ടിവരിഞ്ഞ് കുഴിയില്‍ തള്ളിയ മഹാബലിയെ ദേവലോകം ശൂഢാലോചനയിലൂടെ കൊന്നുവെന്നു നേര്‍ക്കുനേര്‍ അര്‍ഥം പറഞ്ഞാല്‍ തെറ്റാകുമോ? ഭൂമി അല്‍പ്പം കുഴിച്ചാല്‍ മറ്റൊരു ദേശത്തോ ലോകത്ത് എത്തുകയില്ല എന്നിരിക്കെ ‘കൊന്നു’ എന്ന് ചവിട്ടിത്താഴ്ത്തിയതിന് അര്‍ഥം പറയുന്നതാവും കൂടുതല്‍ യുക്തിഭദ്രം.

മഹാബലിയെ കൊന്നു എന്നു വിശ്വസിക്കുന്ന ഒട്ടേറെ ഗോത്ര സമൂഹങ്ങളുണ്ട്. തങ്ങള്‍ മഹാബലിയുടെ മക്കളാണെന്നു വിശ്വസിക്കുന്നവരാണു വയനാട്ടിലെ അടിയാന്മാര്‍ (അടിമകള്‍ എന്നു പദാര്‍ഥം). മഹാബലിയെ കള്ളത്തമ്പുരാക്കന്‍മാര്‍ ചതിയില്‍പെടുത്തിയതിനെക്കുറിച്ചും കീഴാളരെ തമ്മിലടിപ്പിച്ചു ജാതികള്‍ ഉണ്ടാക്കിയതിനെക്കുറിച്ചും ചാതുര്‍വര്‍ണ്യവ്യവസ്ഥ ആരംഭിച്ചതിനെപ്പറ്റിയും സുദീര്‍ഘമായ കഥകള്‍ അവരുടെ ‘പെലപ്പാട്ടി’ലുണ്ട്. മഹാബലിയെ മുക്കിലിടിച്ചു കൊന്നു എന്നാണതില്‍ പറയുന്നത് (കെ.ജെ ബേബി, ‘മാവേലിമന്റ’ത്തില്‍ ഈ കഥ വിശദമായി പറയുന്നുണ്ട് ).

മഹാബലിയെ ചവിട്ടിത്താഴ്ത്തിയതോടെ അസുരന്മാര്‍ ഒന്നടങ്കം പാതാളവാസികളായി എന്ന ഭാഗവതം അഷ്ടമസ്‌കന്ധത്തിലെ പരാമര്‍ശവും പഠനവിധേയമാക്കേണ്ടതാണ്. എങ്ങനെയാണവര്‍ ഭൂമിക്കടിയിലുള്ള പാതാളത്തിലെത്തിയത്? ഏതാണ് ആ പാതാളത്തിലേക്കുള്ള റൂട്ട്? മഹാബലിയുടെ രാജ്യവും ജീവനും കവര്‍ന്നതിനോടൊപ്പം ദേശവാസികളായ അസുരജനതയെയും കൊന്നൊടുക്കി എന്നു പറയുന്നതല്ലേ യാഥാര്‍ഥ്യം? മഹാബലിയെ പാതാളത്തിലേക്കയച്ച ശേഷം കേരളം ഭരിച്ചതാരാണ്? മഹാവിഷ്ണുവാണോ? അതോ വിഷ്ണു പ്രതിഷ്ഠിച്ച വല്ല പാവഭരണാധികാരികളുമാണോ? കേരളത്തില്‍ ചിലയിടങ്ങളില്‍ ഓണനാളില്‍ തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ മഹാവിഷ്ണുവിന്റെ മണ്‍രൂപം ഉണ്ടാക്കി ആരാധിക്കുന്ന പതിവുണ്ട്. അതായത് അക്രമിയെ പൂവിട്ടു പൂജിക്കുന്ന സംസ്‌കാരവും വിശ്വാസവും!

ചുരുക്കത്തില്‍, ഓണം സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്തുംഗതയില്‍ എത്തിയ ഒരു നല്ല കാലത്തെക്കുറിച്ചുള്ള സ്മരണകള്‍ ഉണര്‍ത്തുമ്പോള്‍ തന്നെ, അധിനിവേശത്തിന്റെയും വംശഹത്യയുടെയും ദുരന്ത സ്മരണകള്‍ കൂടി നമ്മുടെ മുമ്പിലെത്തിക്കുന്നു. നീതിയും ധര്‍മവും വാണ മഹാബലിയുടെ ഭരണകൂടത്തെ ദേവലോക ഗൂഢാലോചന അട്ടിമറിച്ച്, അനീതി വിജയം കണ്ട ദിനം. അതിനാല്‍, അധിനിവേശ കാപട്യങ്ങള്‍ക്കെതിരായ കരുതല്‍ പ്രതീകമാണ് ഇന്നു മഹാബലി; ഒപ്പം ഒരധിനിവേശവിരുദ്ധദിനമായി ഓണം ആചരിക്കാനുമാവണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

We use cookies to give you the best possible experience. Learn more